യഥാസമയവും ഏറെ തിരക്കുള്ള കോഴിക്കോട് പുതിയ സ്റ്റാന്റ് ഇനി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും. രാത്രിയിലും മികവോടെ ദൃശ്യങ്ങള്‍ കാണാന്‍ കഴിവുള്ള ഒന്‍പത് ക്യാമറകളാണ് ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ പുതിയ സ്റ്റാന്റില്‍ സ്ഥാപിച്ചത്. സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്ന ബസ്സിനുള്ളിലെ ദൃശ്യങ്ങളും പുറത്ത് നിര്‍ത്തിയിട്ട ബസ്സുകളും സ്റ്റാന്റിന് പുറത്തെ റോഡരികിലെ ദൃശ്യങ്ങളും കാണാന്‍ കഴിവുള്ളതാണ് ഈ ക്യാമറാ കണ്ണുകള്‍. സ്റ്റാന്റിനുള്ളിലെ സാമൂഹിക വിരുദ്ധനമാരുടെ ശല്യം കൂടി വരുന്ന സാഹചര്യത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റാന്റിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ക്യാമറ നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
എയ്ഡ്പോസ്റ്റിന്റെ ചുമതല വഹിക്കുന്ന കസബ പോലീസിനാണ് ഇതിന്റെ ഉത്തരവാദിത്തം. ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ഇനിമുതല്‍ സിറ്റി പോലീസ് ആരംഭിച്ചിട്ടുള്ള ഇടിമിന്നല്‍ ഷാഡോ സംഘത്തിന്റെ സേവനവും ബസ് സ്റ്റാന്‍ഡിലുണ്ടാകും. കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ക്യാമറാ നീരീക്ഷണം ഏറെ പ്രയോജനപ്രദമാണെന്നാണ് പോലീസിന്റെ നിഗമനം. കോടതിയിലും മറ്റും ദൃശ്യങ്ങള്‍ തെളിവായി ഹാജരാക്കാനും സാധിക്കും.
ബസ് സ്റ്റാന്‍ഡില്‍ സാമൂഹിക വിരുദ്ധശല്യം രൂക്ഷമാണെന്ന് നിരന്തരം പരാതികള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം തരുന്നതാണ് ക്യാമറാ നിരീക്ഷണം. ക്യാമറാ നിരീക്ഷണവും പോലീസ് നടപടിയും ശക്തമാകുന്നതോടെ കുറ്റകൃത്യങ്ങള്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം.