Home » കലാസാഹിതി » കെട്ടുകാഴ്ചകളെ പട്ടുകോണകം ഉടുപ്പിക്കുമ്പോൾ… ഒഴിവുദിവസത്തെ കളി വിമര്‍ശിക്കപ്പെടുന്നു

കെട്ടുകാഴ്ചകളെ പട്ടുകോണകം ഉടുപ്പിക്കുമ്പോൾ… ഒഴിവുദിവസത്തെ കളി വിമര്‍ശിക്കപ്പെടുന്നു

‘ഒഴിവുദിവസത്തെ കളി’യിലെ മദ്യപാന ദുരന്തം വൻകിട സാംസ്കാരിക കോലാഹലമാക്കാനുള്ള കളികൾ കലാശക്കൊട്ടിലെത്തിയതിനാൽ പടം കാണാൻ തീരുമാനമായി. ആർ. ഉണ്ണിയുടെ കഥയേക്കാൾ കൊള്ളാം എന്നല്ലാതെ മറ്റൊരു വിശേഷവും തോന്നിയില്ല. ( ആ കഥയുടെ ഒറിജിനൽ Friedrich Dürrenmatt എഴുതിയ Die Panne (Traps) എന്ന ഉജ്ജ്വല കൃതിയാണ്. വായിച്ചു നന്നായാലോ എന്നു കരുതി ആരോ പറഞ്ഞു കൊടുത്ത സാരാംശം നിർജ്ജീവമായ ആഖ്യാനത്തിൽ കുളിപ്പിച്ചു കിടത്തിയതാണ് മലയാളം ‘കളി’.. അക്ഷരവൈരികളായ പത്രാധിപ മന്ദബുദ്ധികൾ പൊയ്ക്കാലിൽ നിർത്തിയ എഴുത്തുകോലം). ജാതി ചിന്ത, വേലക്കാരിയെ കേറിപ്പിടിക്കൽ, അരാഷ്ട്രീയ ‘മദ്യ’ വർഗ്ഗം, പ്ലാസ്റ്റിക്ക് കുപ്പി പാരിസ്ഥിതികം, അധമ ഗൾഫ് ജീവി തുടങ്ങി സ്ഥിരപരിചിതമായ എല്ലാ പ്രത്യയശാസ്ത്ര ലഗേജുകളും ധാരാളമുള്ളതു കൊണ്ട്, ‘കുറ്റബോധ ആസ്വാദനം’ കുഴപ്പമില്ലാതെ നടക്കും. ദളിതൻ ആദ്യം മുതലേ ദാസൻ ആയതു കൊണ്ടാകണം ‘കള്ളൻ’ നറുക്കു അവന്റെ തലക്കു തികച്ചും ‘ആകസ്മികമായി’ വീണത്. കറുത്ത നിറത്തെ കുറിച്ചുള്ള ദുഃഖം ഇംഗ്ലീഷിൽ പദ്യ പാരായണം നടത്തി വിരേചിക്കുന്ന ദുർബലനാണ് ദളിത ‘ദാസൻ’. നെഞ്ചത്തു ചവിട്ട് കിട്ടിയാലും മോങ്ങാനല്ലാതെ കയ്യു പൊക്കാൻ കഴിയാത്ത ഒരു നിർഗ്ഗുണജീവി. (ആ നമ്പൂരിയെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയാൽ അംബേദ്കറുടെ മുഴുവൻ വാള്യങ്ങളുടെയും പ്രതിരോധ മൂല്യം കിട്ടിയേനെ.)

പെരുമ്പാവൂർ സംഭവത്തിന്റെ സമയത്തായിരുന്നു ചിത്രീകരണം നടന്നതെങ്കിൽ ഗൾഫ് അവധിക്കാല ദുഷ്ടന് ഒരു ഡയലോഗ് കാച്ചാമായിരുന്നു: ‘ഈ അന്യസംസ്ഥാന തെണ്ടികളൊക്കെ വൈകൃത ആസ്സാമികളാണെടെയ്…’ കേരള സമൂഹത്തിലെ ഒരു ഭയാനക സാമൂഹിക സ്വത്വപ്രതിസന്ധി കൂടി, വെള്ളമടി ജല്പനങ്ങളിൽ പ്രകാശിപ്പിക്കപ്പെടാനുള്ള സുവർണ്ണാവസരമാണ് സംവിധായകന് നഷ്ടമായത് . ( മദ്യമില്ലാതെ നമുക്കെന്തു ആത്മപ്രകാശനം!…election dry day- ക്കു ബ്ളാക്കിൽ വാങ്ങിയ വ്യാജനാണ് പ്രശ്നമുണ്ടാക്കിയത്…ശിങ്കിടി നാരായണൻ സിൽമ കഴിഞ്ഞതറിയാതെ നിതാന്ത ബ്ലാക്ക് ഔട്ടിൽ..അവനെ വിളിച്ചുണർത്തി നാലു ‘പൊഹ’ സംഘടിപ്പിച്ചെങ്കിൽ എല്ലാവരും ശാന്തരായി വല്ല അമ്പത്താറും കളിച്ചു പിരിഞ്ഞു പോകുമായിരുന്നു)..കോഴിക്കും ഒരു ജീവിതമുള്ളതു കൊണ്ട്, അതിനെ കൊന്നു കെട്ടി തൂക്കിയ ദാസന് അർഹമായ ശിക്ഷ കിട്ടി എന്നും വിശാല ജീവിസ്നേഹപരമായി ആശ്വാസി ക്കാവുന്നതാണ്. ദാസൻ ചത്തോ ദളിത് ലുങ്കി പൊട്ടി നിലത്തു വീണോ എന്നു പോലും നോക്കാതെ – അടുത്ത പെഗ്ഗ് ഒഴിക്കാനാവണം – കാണികൾക്കു പുറം തിരിയുന്ന കൂട്ടുകാർ (ഒറ്റയടിക്ക് മനുഷ്യത്വം ചോർന്ന നാലു സാഡിസ്റ്റുകൾ) ഫിലിം സൊസൈറ്റികൾ ആയിരം വട്ടം കാണിച്ചിട്ടുള്ള ‘An Occurrence at Owl Creek Bridge’ കണ്ടു മടുത്തവരായിരിക്കണം. ദാസന്റെ തൂങ്ങിനിൽപ് സീൻ അവർക്കൊരു ആഘാതമാവില്ല.

കാമറ അനക്കാതെ നിർത്താനുള്ള advanced accessories ഇന്ന് മാർക്കറ്റിൽ എളുപ്പത്തിൽ കിട്ടും. ടെക്നോളജിയുടെ സാമർത്ഥ്യം എന്നതിലുപരി ലോങ്ങ് ടേക്ക് സംവിധായകന്റെ മുദ്ര ആകണമെങ്കിൽ ‘കാഴ്ച’ വേറെ വേണം.
Young and Innocent ( Alfred Hitchcock ), Touch of Evil ( Orson Welles), Week End (Jean-Luc Godard)
The Red and the White, The Hunters (Miklós Jancsó), The Passenger ( Michelangelo Antonioni), The Sacrifice (Andrei Tarkovsky), The Hunters (Theo Angelopoulos)… എന്നു തുടങ്ങി Russian Ark എന്ന സിനിമയിൽ Alexander Sokurov-ന്റെ 99-മിനുട്ട് ദൈർഘ്യമുള്ള പ്രശസ്തമായ long take വരെ ആ കലാകാരന്മാരുടെ ജീവിതദർശനങ്ങൾ നിങ്ങളെ അഗാധമായി സ്പർശിക്കുന്ന സിനിമാറ്റിക് മുഹൂർത്തങ്ങൾ ആണ്. ഈ ‘കളി’യിൽ നാട്ടിൻപുറ നാടകസംഘം നടത്തുന്ന ‘സ്വാഭാവികത’യുള്ള dialogue rendering-നുള്ള ഒരു ചട്ടക്കൂട് മാത്രമാണ് long take. Robert Bresson നാടകവും സിനിമയും തമ്മിലുള്ള വെറുപ്പിക്കുന്ന ബന്ധത്തെ ‘Notes On Cinematography’ -ൽ തല തല്ലി അപലപിച്ചിട്ടുള്ളത് നമ്മുടെ പ്രതിഭകൾക്കു ജന്മകാലം ഏശില്ല. (നരിപ്പറ്റ രാജു മാഷാണ് തമ്മിൽ ഭേദം!)

പിന്നെ, സാംസ്കാരിക നായന്മാർ, മേനോക്കികൾ , ആസ്ഥാന സിൽമാ നിരൂപകർ എന്നിവരുടെ ‘സമാന്തര’, ‘ചെലവ് കുറവ്’ വായ്ത്താരികൾ കാര്യമാക്കേണ്ടതില്ല. ‘ഷഷ്ടിപൂർത്തിക്കിടയ്ക്കു ആദ്യമായി കോൾമയിർ’ എന്നൊക്കെ അവർ ട്വീറ്റിക്കോളും. സിനിമ, ചിത്രം, ശില്പം എന്നീ മാധ്യമങ്ങളിൽ അക്കൂട്ടരുടെ ‘ദൃശ്യബോധം’ പാതാള നിലവാരത്തിലാണെന്നു കണക്കാക്കിയാൽ മതി. അമേധ്യം ‘ഗിൽറ്റ്’ പേപ്പറിൽ പൊതിഞ്ഞു കൊണ്ടു ചെന്നാലും അത്‌ വിറ്റഴിക്കാനുള്ള പരസ്യ വാചകം എഴുതുന്നതിലാണ് നൈസർഗ്ഗിക വാസന.
ഏതായാലും, door – to – door selling, ലിബറൽ ഹ്യൂമനിസ്റ്റ് മാർക്കറ്റിങ് തന്ത്രങ്ങൾക്കപ്പുറം, ഗംഭീര സിനിമകൾ മലയാളത്തിലും ഉണ്ടാകുമെന്നു നാം കാത്തിരിക്കുക തന്നെ.

വാൽ: സിൽമയിലെ ചവറ് മദ്യപാന സീനുകൾ കണ്ടു മടുത്ത്, ഇഴഞ്ഞു പുറത്തേക്കിറങ്ങുന്ന ഒരു പാമ്പിന്റെ soliloquy: ”ഈ കളി ഓന്റെ വീട്ടിൽ മതി… @#$%….”

അന്നേരം ഒറിജിനൽ കഥ Die Panne (Traps) നെക്കുറിച്ചു The Times Literary Supplement-ന്റെ പ്രശംസ ഓർമ്മ വന്നു:

‘This concise and brilliant story reflects what Dürrenmatt calls the ethical indifference of the world.’

  film review by Shambhu Maquintosh

Leave a Reply