Home » ഇൻ ഫോക്കസ് » പറന്നെത്തുന്ന പുരസ്കാരങ്ങൾ അഥവാ, സാംസ്കാരിക കദനകഥകൾ

പറന്നെത്തുന്ന പുരസ്കാരങ്ങൾ അഥവാ, സാംസ്കാരിക കദനകഥകൾ

അനാഹതൻ
ആകാശത്തോളമുയർന്ന്, പൂക്കുറ്റി പോലെ പൊട്ടി ഭൂമിയിലേക്കമർന്ന്, ആരുടെയും നോട്ടമെത്താതെ കിടക്കുന്ന ഒരു ദേശീയവിവാദത്തെ വീണ്ടും ഉയർത്തിയെടുക്കാൻ വഴിവെച്ചിരിക്കുന്നു രണ്ട്  കോഴിക്കോട്ടുകാർ. രണ്ട് കോഴിക്കോടൻ എഴുത്തുകാർ. വിവാദം നിസ്സാരമാണെന്നു വന്നാലും, പുരസ്കാരത്തിമിർപ്പുകളിൽ സ്വതവേ മുങ്ങിപ്പോകുന്ന ചില നൈതിക ചർച്ചകൾ ഇതിനൊപ്പമുയരുന്നത് ഹിതകരമാവാതിരിക്കില്ല ഇവർക്ക്. പ്രത്യേകിച്ചും, എഴുത്തിനെ പ്രാണവായുവാക്കിയ രണ്ട് എഴുത്തു ഋഷികളുടെ മക്കളാണിവർ എന്നതിനാൽ.

വിഷയം എഴുത്തും എഴുത്തിനുള്ള പുരസ്കാരങ്ങളുമായതിനാൽ എഴുത്തുപുരസ്കാരങ്ങളെക്കുറിച്ച് (എന്നല്ല, എല്ലാ പുരസ്കാരങ്ങളെയും കുറിച്ച്) ചിലർക്കെങ്കിലും ഇപ്പോഴുമുണ്ടായേക്കാവുന്ന അറിവുകേട് നീക്കുന്നത് നന്നാവുമല്ലോ.

 ചില കാര്യങ്ങളുടെ വിശദീകരണം 

യാഥാർത്ഥ്യം നമ്പർ ഒന്ന്: ഇന്ത്യയിൽ നിലവിലുള്ള ഒരു പുരസ്കാരവും അർഹരെത്തേടി സ്വമേധയാ വന്നെത്തുന്നവയല്ല.

യാഥാർത്ഥ്യം നമ്പർ രണ്ട്: ഞാൻ ഇന്ന അവാർഡിന് അർഹനാ(യാ)ണെന്ന പുരസ്കാരാർത്ഥിയുടെ ഒരു അപേക്ഷപ്പുറത്താണ് സാധാരണയായി അവാർഡിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക.

യാഥാർത്ഥ്യം നമ്പർ മൂന്ന്: മേപ്പടി അപേക്ഷാർത്ഥിക്കു വേണ്ടി ഏതെങ്കിലും മൂന്നാം കക്ഷി ഇന്നയാൾക്ക് അവാർഡ് നൽകാമെന്ന് ശുപാർശ ചെയ്യുന്ന രീതിയും രാജ്യത്ത് നിലവിലുണ്ട്.

യാഥാർത്ഥ്യം നമ്പർ നാല്: രണ്ടും മൂന്നും വകുപ്പുകൾ പ്രകാരമാണ് അവാർഡിലേക്കുള്ള ചവിട്ടുപടികൾ ആരംഭിക്കുന്നതെങ്കിലും, ജൂറി എന്നറിയപ്പെടുന്ന ഒരു സംവിധാനത്തിന്റെ പ്രീതിയാണ് ആത്യന്തികമായി ഒരുവനെ/ളെ അവാർഡ് പദത്തിലേക്ക് എത്തിക്കുക.

യാഥാർത്ഥ്യം നമ്പർ അഞ്ച്: ഈ ജൂറി സമിതിയിൽ നിയമിതരാകാൻ നിലവിൽ നിർബന്ധിത യോഗ്യതകൾ ഒന്നുമില്ല. അവാർഡ് ഏർപ്പെടുത്തുന്ന വ്യക്തിയുടെ/സ്ഥാപനത്തിന്റെ/ സർക്കാരാണെങ്കിൽ അവരുടെ സമ്പൂർണ്ണ വിവേചനാധികാരമാണ് ആര് അവാർഡു നിർണ്ണയ സമിതിയിൽ (ജൂറി) ഉണ്ടായിരിക്കണമെന്നത്. ഇത് ഒരു തലത്തിലും ചോദ്യം ചെയ്യപ്പെടാൻ വകുപ്പില്ലാത്ത ഒരു തരം ആധികാരികതയാണ്. നിയമപരമെന്നതു പോട്ടെ, ധാർമ്മികമായിപ്പോലും ജൂറിയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന കീഴ് വഴക്കം ദേശത്ത് നിലവിലില്ല.

യാഥാർത്ഥ്യം നമ്പർ ആറ്: അവാർഡിന് പരിഗണിക്കപ്പെടുന്നവരും നൽകുന്ന ജൂറിയും ഏതെങ്കിലും നിലക്ക് പരസ്പരം അറിയുന്നവരോ ബന്ധപ്പെട്ടവരോ ആവുന്നത്, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പാലിച്ചു പോരുന്ന ഉന്നത മൂല്യം പോലെ പുരസ്കാര കാര്യങ്ങളിൽ വിപരീത യോഗ്യത അല്ല.

യാഥാർത്ഥ്യം നമ്പർ ഏഴ്: ഈ ജൂറി സമിതിതന്നെ, ഒരാളെ മറ്റൊരാളിൽ നിന്നും മികച്ചതായി കണ്ടെത്താൻ കാരണമായ ഘടകങ്ങൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്ന പതിവ്, ചലച്ചിത്ര അവാർഡിലും മറ്റും ഉള്ളതുപോലെ എഴുത്തുപുരസ്കാര രംഗത്ത് നിലവിലില്ല. അതായത്, ആരെയൊക്കെ പുരസ്കാരത്തിന് പരിഗണിച്ചുവെന്ന് അറിയാൻ നമുക്ക് നിർവാഹമില്ല. (ഇതുവരെ വിവരാവകാശ അപേക്ഷകൾ ഈ ആവശ്യത്തിനായി സ്വീകരിച്ചു തുടങ്ങിയതായി അറിവിലില്ല).

 സംസ്കാരത്തിന്റെ ഇരുൾക്കയം 

അങ്ങനെയങ്ങനെ നീണ്ടു കിടക്കുന്ന ഈ യാഥാർത്ഥ്യപ്പട്ടിക കുറുക്കിപ്പറഞ്ഞാൽ ഇത്ര മതിയാകും: സാമാന്യമായി ഒരു നൈതികതത്ത്വവും ബാധകമാകണമെന്ന് നിർബന്ധമില്ലാത്ത (ബാധകമാകണമെന്ന് അധികമാരും ആഗ്രഹിക്കുകയും ചെയ്യാത്ത) സംസ്കാരത്തിന്റെ ഒരിരുൾക്കയമാണ് സമകാലിക ചരിത്രത്തിൽ പുരസ്കാരദാന മേഖല. ഒരപവാദവുമില്ലാതെ, എല്ലാ സാംസ്കാരിക അവാർഡുകളുടെയും സ്ഥിതി ഏതാണ്ടിങ്ങനെയാണെന്നത് പൊതുസമ്മതവുമാണ്.

പിന്നെ, ചില അവാർഡുകൾ പൊതുവിൽ പ്രേക്ഷക/ആസ്വാദക ലക്ഷങ്ങൾ അങ്ങു വകവെച്ചുകൊടുക്കും. ജ്ഞാനപീഠ അവാർഡ് മലയാളത്തിന്റെ മഹാ എഴുത്തുകാരെയും ഫാൽക്കെ അവാർഡ് മലയാളത്തിന്റെ മഹാ ചലച്ചിത്രകാരന്മാരെയുമൊക്കെ തേടിയെത്തുമ്പോൾ (അങ്ങനെയാണല്ലോ പുരസ്കാര കാര്യങ്ങളിൽ പത്രപ്രയോഗം – തേടിത്തിരഞ്ഞെത്തൽ!) ആരുമങ്ങനെയൊരു അന്വേഷണത്വര നീട്ടാറില്ല. ഉണരുന്ന അപസർപ്പകവാസനകളെത്തന്നെ ഗോസിപ്പുകളിൽ അമർത്തും. അതാണ് പുരസ്കാര സംബന്ധിയായി കേരളീയർ അനുഷ്ഠിച്ചു പോരുന്ന ഒരു പൊതു നിലപാട്.

 ശീലം മാറ്റിയ ഉത്തരേന്ത്യൻ തീക്കാറ്റ് 

എന്നാൽ, ഈയൊരു നിരുപാധിക സ്വീകാരത്തെ കുറച്ചൊന്ന് ഉലച്ച് പൊതുചർച്ചകളിലേക്ക് പുരസ്കാരങ്ങളെ നയിച്ചു, കുറച്ച് ഉത്തരേന്ത്യൻ എഴുത്തുകാർ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളോടെടുത്ത തീവ്ര പ്രകാശനങ്ങൾ. നരേന്ദ്ര മോദി സർക്കാരിന്റെ ചില സമീപനങ്ങൾ തങ്ങൾ പുലർത്തുന്ന സാംസ്കാരിക മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന പ്രഖ്യാപനത്തോടെ അശോക് വാജ്പേയി തുടങ്ങിയ മുൻനിര ഇന്ത്യനെഴുത്തുകാരിൽ ചിലർ കേന്ദ്ര സാഹിത്യ പുരസ്കാരങ്ങൾ തിരിച്ചേകാൻ തീരുമാനിച്ചു.
ശരിയോ തെറ്റോ എന്ന് ഇടം – വലം ചർച്ചയുയർത്തിയെങ്കിലും, ഇന്ത്യനെഴുത്തിൽ സമീപ ചരിത്രത്തിലൊന്നും തെഴുക്കാത്ത തരം തീക്കാറ്റായിരുന്നു ഇവരുയർത്തിയ സംവാദം.

ഫാസിസ്റ്റ് വിരുദ്ധ നെടുങ്കോട്ട ആയതിനാലാവാം, ഈ സംവാദം കോട്ടമതിൽ കടന്ന് ഇങ്ങെത്താൻ വാർത്താ സമയത്തെക്കാൾ ദൈർഘ്യമെടുത്തു. വാജ്പേയി സർക്കാരിന്റെ കാലത്തും വരിഷ്ഠ പദവികൾ കേന്ദ്രത്തിൽ വഹിച്ചിരുന്നതിന്റെ നൈതിക സമസ്യകൾക്ക് ഉത്തരം കിട്ടാൻ കാലതാമസം ഉണ്ടായതിനാലാവാം, കവി സച്ചിദാനന്ദനും ഫാസിസ്റ്റ് വിരുദ്ധ പ്രതികരണത്തിന് സ്വല്പം വൈകിയെന്നാണോർമ്മ. എന്നാൽ, കൂടുതൽ താമസിക്കാതെ കവിയും, കേരളത്തിൽ നിന്നാദ്യമായി, വിമത എഴുത്തുകാരോട് ഐക്യപ്പെട്ടു, പുരസ്കാര തിരസ്കാരം പ്രഖ്യാപിച്ചു. കൂടെ പലർ നിരന്നു. എം. മുകുന്ദൻ, പി വത്സല തുടങ്ങി എതിർ നിലപാടുകളും നിരന്നു.

സംഘപരിവാർ വിരുദ്ധ സാംസ്കാരിക മുന്നണി വിണ്ടു എന്ന അടിക്കുറിപ്പുമാത്രം ശേഷിപ്പിച്ച് ആ വിവാദം ശമിച്ചു. വിവാദത്തിലെ ശരിതെറ്റുകളെക്കുറിച്ചുള്ള ചർച്ചകൾ തെരഞ്ഞെടുപ്പുവേളയിൽപ്പോലും സംസ്കാരരാഷ്ട്രീയ ചർച്ചകളിലുയരാതെ കേരളത്തിൽ പൊടിമണ്ണിലമർന്നു.

 മതേതരപേക്ഷനെടുങ്കോട്ടയിൽ വിള്ളൽ വീണാൽ നെഞ്ച് തുളുമ്പിത്തുള്ളുന്നവർക്ക് കോട്ട  പൊളിക്കാനും ഇച്ഛ കാണാതിരിക്കില്ലല്ലോ. പിന്നെയവർ എന്തു ചെയ്തു, അവർ വീശിയ വലയിടങ്ങളിൽ ആരൊക്കെ എന്തൊക്കെ ചെയ്തു എന്നതു പോലത്തെ ചോദ്യങ്ങൾ അന്നു മുതൽക്കേ സംസ്കാര ഗലികളിൽ (മുഖ്യ തെരുവുകളിലും മേടകളിലുമില്ലെങ്കിലും) ഉയർന്നിരുന്നു. അവ പരിക്ഷീണം സാംസ്കാരികാകാശത്ത് വന്ധ്യമേഘങ്ങളായി പറക്കെ – അങ്ങനെ വേണമല്ലോ സാഹിത്യത്തിൽ പറയാൻ – ഒരു മൊണ്ടാഷ് ദൃശ്യം പോലെ ദില്ലിയിൽ നിന്നു പറന്നെത്തുന്നു നമുക്ക് ചർച്ചക്ക് ഹേതുവൊരുക്കിയ പുരസ്കാര വാർത്ത:

എൻ പി ഹാഫിസ് മുഹമ്മദിനും സൂര്യാ ഗോപിയ്ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.

ഒരു ദിവസം മലയാള മനോരമയടക്കമുള്ള പത്രങ്ങൾ  പ്രസിദ്ധപ്പെടുത്തിയ ഒറ്റക്കോളം വാർത്ത അതർഹിക്കുന്ന സാംസ്കാരിക മാനങ്ങൾ പ്രതിഫലിപ്പിക്കാതിരുന്നതിനാലാവണം, പിറ്റേന്ന് ദേശാഭിമാനി പത്രത്തിൽ വിശേഷാൽ പരിചരണം നൽകി  പുന:പ്രസിദ്ധീകരിക്കപ്പെട്ടു. അതിങ്ങനെ:

കോഴിക്കോടിന്റെ മണ്ണിൽ നിന്നുള്ള രണ്ട് എഴുത്തുകാർക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.. ഹാഫിസ് മുഹമ്മദിന് ബാലസാഹിത്യ അവാർഡും സൂര്യാ ഗോപിക്ക് യുവസാഹിത്യ അവാർഡും..

ഒരേ നാട്ടുകാരെന്നതിനു പുറമെ ഇരുവർക്കും നിരവധി സമാനതകളുമുണ്ടെന്ന് ദേശാഭിമാനി ഹൈലൈറ്റ് ചെയ്തു. വായനാ ലോകത്തിന് കോഴിക്കോട് സംഭാവന ചെയ്ത രണ്ട് എഴുത്തുകാരുടെ (യഥാക്രമം, നോവലിസ്റ്റ് എൻ പി മുഹമ്മദിന്റെയും കവി പി കെ ഗോപിയുടെയും) മക്കളെന്നത് ഒന്നാം കാര്യം. ഇരുവരും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ, ഇരുവരും പഠിച്ചത് സോഷ്യോളജി, രണ്ടു പേരും എഴുതുന്നത് ചെറുകഥകൾ എന്നിവ മറ്റ് ഹൈലൈറ്റ്സ്.

കുട്ടിപ്പട്ടാളത്തിന്റെ കേരളയാത്രകൾ എന്ന പലകുറി പുരസ്കൃതമായ കൃതിക്കാണ് ഹാഫിസ് മുഹമ്മദിനെയും, ഉപ്പുമഴയിലെ പച്ചിലകൾ എന്ന കഥാസഞ്ചയത്തിനാണ് സൂര്യാ ഗോപിയെയും പുരസ്കാരങ്ങൾ തേടിയെത്തിയതെന്നും വാർത്ത പറയുന്നു. അര ലക്ഷം രൂപ വീതമുള്ള പ്രൗഢമായ പുരസ്കാരങ്ങൾ. തീർച്ചയായും കോഴിക്കോടിന്റെ സാംസ്കാരിക ഗർവ്വത്തെ ഒന്നുകൂടി തോളിൽതട്ടി ‘സബാഷ് ‘ പറയുന്ന ആദരങ്ങൾ തന്നെ.

പക്ഷെ, പൂച്ചക്കാര് മണി കെട്ടുമെന്നറിയാതെ തുറക്കാതെ നിന്നിരുന്നതും, ഫാസിസ വിരുദ്ധ എഴുത്തുകാരുയർത്തിയ കലഹ സ്വരങ്ങളാൽ തെളിഞ്ഞു കിട്ടിയതുമായ ഒരു സ്വതന്ത്രാകാശം നിലവിലുണ്ടായിപ്പോയല്ലോ. അതിൽ ചില ചോദ്യങ്ങളെങ്കിലും സ്വാഭാവികമല്ലേ?

എണ്ണപ്പാടവും അറബിപ്പൊന്നും ദൈവത്തിന്റെ കണ്ണും പോലത്തെ മികച്ച കൃതികളുടെ സ്വഷ്ടാവായ എൻ പി മുഹമ്മദിന്റെയും, സാമൂഹ്യ സ്വപ്നങ്ങൾ സന്നിവേശിപ്പിച്ച കാവ്യഭാവുകത്വത്തിനാണ് ഇന്നും കാവൽ നിൽക്കുന്നതെന്ന് പറയാൻ ആർജ്ജവമുള്ള കവി പി കെ ഗോപിയുടെയും മക്കൾ തട്ടിൻപുറങ്ങളിൽ ഇടിച്ചു കയറി അവാർഡിനെ സ്വന്തം വഴിക്കെത്തിക്കാൻ ശ്രമിക്കുന്നവരാവില്ല എന്ന് കോഴിക്കോട്ടുകാർക്ക് ഉറപ്പാണ്.

അപ്പോൾ എന്താണീ പുരസ്കാരങ്ങളുടെ അർത്ഥം?
ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും മുമ്പ് പ്രസിദ്ധീകൃതമായതും, പുന:പ്പതിപ്പ് വരാത്തതുമായ ഒരു പുസ്തകത്തെ അവാർഡിന് പരിഗണിക്കുമ്പോൾ സൂര്യാ ഗോപിക്ക് അവാർഡ് നിർണ്ണയിച്ച ജൂറിയുടെ മാനദണ്ഡങ്ങൾ പ്രശ്നഭരിതമല്ലേ? ഇക്കാലയളവിൽ മലയാളത്തിലിറങ്ങിയ ഏതൊക്കെ ബാലസാഹിത്യ കൃതികളെ പിന്തള്ളിയാണ് ഹാഫിസ് മുഹമ്മദിന് പുരസ്കാരം സമ്മാനിക്കാൻ നിശ്ചയിച്ചിട്ടുണ്ടാവുക?

ആരെല്ലാമായിരിക്കും ഈ അവാർഡുകൾ നിശ്ചയിച്ച ജൂറി സമിതിയംഗങ്ങൾ? അവാർഡിന് പരിഗണിച്ച് അവർ മാറ്റി വെച്ച കൃതികളെപ്പറ്റി അവർ പറയുന്നതും അറിവു പകരില്ലേ? എന്തൊക്കെ പരാമർശങ്ങൾ സ്വന്തം മാനദണ്ഡങ്ങൾ വ്യക്തമാക്കാനും, അവാർഡിനർഹമായ കൃതികളെ മാറ്റിവയ്ക്കപ്പെട്ട മറ്റ് പുരസ്കാരാർത്ഥികളുടെതുമായി താരതമ്യപ്പെടുത്താനും ജൂറി അംഗങ്ങൾ നടത്തിയിട്ടുണ്ടാവും? അവ പുരസ്കൃതരെയെങ്കിലും അറിയിച്ചു കാണുമെങ്കിൽ അതറിയാൻ കോഴിക്കോടൻ ആസ്വാദകർക്കും ഒരു സാഹിത്യപരമായ ഔത്സുക്യം കാണില്ലേ?

 പൊതുഖജാന സുതാര്യത ആവശ്യപ്പെടുന്നു

അറ്റ് ലസ് സാഹിത്യ പുരസ്കാരമോ അങ്കണം സാഹിത്യ പുരസ്കാരമോ  അബുദാബി ശക്തി പുരസ്കാരമോ അങ്ങനെയേതെങ്കിലുമോ  ആണെങ്കിൽ ഈ കൗതുകച്ചോദ്യങ്ങൾ ആട്ടിയകറ്റപ്പെടാവുന്നതാണ്. കാരണം, അവർ നിശ്ചയിക്കുന്ന പ്രതിഭകൾക്ക് അവർ നൽകിപ്പോരുന്ന അപ്പീലില്ലാത്ത പുരസ്കാരങ്ങളാണവ.

എന്നാലിത് കേന്ദ്ര സാഹിത്യ അക്കാദമി പൊതുഖജാനയിൽ നിന്ന് പണമെടുത്തു നൽകുന്ന പുരസ്കാരമാണല്ലോ. ആ വ്യത്യാസം ചില സുതാര്യതകളെ ഡിമാന്റു ചെയ്യുന്നില്ലേ?

ഇതൊന്നും പുരസ്കാര ജേതാക്കൾക്കു മുന്നിൽ ശകുനം മുടക്കി ഉയരേണ്ട ചോദ്യങ്ങളല്ല. അവർക്ക് അഭിനന്ദനങ്ങൾ മാത്രം, ഹൃദയപൂർവ്വം. പക്ഷെ, കേന്ദ്ര സാഹിത്യ അക്കാദമിയും, അവർക്ക് നോമിനേഷനുകൾ നൽകി സഹായിക്കുന്നത് തപസ്യ പോലുള്ള സംഘപരിവാർ സാംസ്കാരിക സംഘങ്ങളാണെങ്കിൽ അവരും ശ്രദ്ധിക്കൂ – സ്വല്പം കൂടി സുതാര്യത, പ്ലീസ്.. ഓപ്പറേഷൻ കേരള ഇത്തിരി സ്പീഡ് കുറയ്ക്കൂ.

അതല്ല, ആസ്വാദക വൃന്ദത്തിന് തെറ്റു പറ്റിയതല്ലല്ലോ? ദേശാഭിമാനി ഹൈലൈറ്റ് ചെയ്ത പോയന്റുകളുടെ പേരിൽ (ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികൾ, സോഷ്യോളജി ഐച്ഛിക വിഷയമാക്കിയവർ) പ്രത്യേകമായി നൽകുന്ന പുരസ്കാരമാവില്ലല്ലോ ഇവ, അല്ലേ?

 തെറി മാഗസിൻ വെറും തെറിയായിരുന്നോ 

ഒരു സംശയ നിവൃത്തിക്ക് ചോദിച്ചു പോകുന്നതാണ്. അടുത്തിടെ, ഇതേ ഗുരുവായൂരപ്പൻ കോളേജിൽ സംഘപരിവാർ വിദ്യാർത്ഥി സംഘടനയും അവരൊഴിച്ചുള്ള സർവ്വമാന മതനിരപേക്ഷ സംഘവും തമ്മിൽ കലശലായി ശണ്ഠ കൂടിയിരുന്നു. എന്താണ് തെറിയെന്നത് സംസ്കാരചർച്ചക്ക് തുറന്നു കൊടുത്ത ഒരു കോളേജ് മാഗസിന്റെ പേരിൽ.

പൂർവ്വ വിദ്യാർത്ഥികളായ പുരസ്കാര ജേതാക്കൾ ആവിഷ്കാരസ്വാതന്ത്ര്യത്തിനോ തിരിച്ചോ പക്ഷം ചേർന്നിരുന്നോ? ഓർമ്മ വരുന്നില്ല.

/ വാൽമുറി /

ഭാരത സർക്കാരിന്റെ കീഴിലുള്ള സമിതി പ്രഖ്യാപിക്കുന്ന പുരസ്കാരങ്ങളെപ്പറ്റി ലഘു കൗതുകങ്ങൾ ഉണരുന്നതും ദേശ സങ്കല്പത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാകുമോ? ദേശദ്രോഹ വകുപ്പിൽ വരുമോ? ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply