Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് കലക്ടര്‍ക്കെതിരെ എം.കെ.രാഘവന്‍ എംപി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോഴിക്കോട് കലക്ടര്‍ക്കെതിരെ എം.കെ.രാഘവന്‍ എംപി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്തിനെതിരെ എം.കെ.രാഘവന്‍ എംപി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ജനപ്രതിനിധിയെ അവഹേളിച്ച കല്കടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ചീഫ് സെക്രട്ടറിക്കും രേഖാമൂലം പരാതി നല്‍കി. കലക്ടര്‍ എന്‍.പ്രശാന്തും കോഴിക്കോട് എംപി എം.കെ.രാഘവനും തമ്മിലുള്ള വാക്ക് പോര് തുടരുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയത്. ‘മാപ്പി’ലും ട്രോളിലും  മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായ പോരില്‍ കലക്ടര്‍ക്കു പിന്തുണയുമായി സിപിഐഎം ജില്ലാ നേതൃത്വംകൂടി രംഗത്തെത്തിയതോടെ അതിനു രാഷ്ട്രീയമാനവുമായി.

നഗരത്തിലെ മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡുവികസന വിഷയത്തിലാണ് എംപിയും കലക്ടറും ആദ്യം കൊമ്പുകോര്‍ത്തത്. റോഡിന്റെ വികസനക്കാര്യത്തില്‍ കലക്ടറുടേത് അനുകൂലനിലപാടല്ലെന്ന് എംപി വിമര്‍ശിച്ചതോടെ അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ കലക്ടറേറ്റില്‍ നിയമിച്ച രണ്ടു താല്‍ക്കാലിക ഡ്രൈവര്‍മാരെ കലക്ടര്‍ പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തുവെന്നു കാരണം കാണിച്ചായിരുന്നു ഇത്.

എന്നാല്‍, കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചുചേര്‍ത്ത എംപി ഫണ്ട് അവലോകന യോഗത്തില്‍ എം.കെ.രാഘവന്‍ എത്തിയെങ്കിലും കലക്ടര്‍ ഉണ്ടായിരുന്നില്ല. തന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികളില്‍ പുനഃപരിശോധന തുടര്‍ച്ചയായി നടക്കുന്നതിലുള്ള പ്രതിഷേധവും തന്നെ അറിയിക്കാതെ ഇതു ചെയ്യുന്നതിലെ അപാകതയും എംപി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെ ഉദ്യോഗസ്ഥരെ വിരട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി കലക്ടര്‍ രംഗത്തെത്തി.

തന്റെ ഫണ്ട് ഉപയോഗിച്ചു നടത്തേണ്ട പ്രവൃത്തികളില്‍ എത്രയെണ്ണത്തിനു ഭരണാനുമതി നല്‍കിയെന്ന് അറിയണമെന്നും മറ്റും കാണിച്ചു നല്‍കിയ കത്തിനു കലക്ടര്‍ മറുപടി നല്‍കാത്തതിന്റെ പ്രതിഷേധവും അപമാനിച്ചതിനു മാപ്പുപറഞ്ഞില്ലെങ്കില്‍ മാനനഷ്ടത്തിനു കേസ് നല്‍കുമെന്ന മുന്നറിയിപ്പുമായി പിറ്റേന്ന് എംപിയും രംഗത്തെത്തി.

ഇതോടെ ചലച്ചിത്രനടന്‍ ദിലീപിനെ എംപിയും നടന്‍ തിലകനെ കലക്ടറുമായി ചിത്രീകരിച്ചു ട്രോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ‘മാപ്പുപറയുന്നതാണു നല്ലത്’ എന്നു ദിലീപ് പറയുമ്പോള്‍, കുന്നംകുളത്തിന്റെ ഭൂപടം നല്‍കി ‘ഇപ്പോള്‍ ഇതേയുള്ളു’ എന്നു തിലകന്‍ പറയുന്നതായിരുന്നു ട്രോള്‍. അങ്ങനെയിരിക്കെയാണു കുന്നംകുളത്തിന്റെ മാപ്പ് കലക്ടര്‍ പോസ്റ്റ് ചെയ്തത്. പ്രശാന്ത് നായര്‍ എന്ന വ്യക്തിപരമായ പേജിലാണ് ഇതു നല്‍കിയത്.

ഈ മാപ്പ് സമൂഹമാധ്യമങ്ങളില്‍ കത്തി. ‘ജനങ്ങള്‍ ഭൂമിശാസ്ത്രം അറിയുന്നതിനാണു മാപ്പ് പോസ്റ്റ് ചെയ്തതെ’ന്നു പ്രശാന്തിന്റെ ‘വിശദീകരണം’ വന്നു. ഒരു മാപ്പിടാന്‍! സ്വാതന്ത്ര്യമില്ലേ എന്നും ചോദിച്ചു. ജനത്തെ ഭൂമിശാസ്ത്രം പഠിപ്പിക്കലാണോ കലക്ടറുടെ ജോലിയെന്ന ചോദ്യവും പിന്നെ അതിനു തുടര്‍ചര്‍ച്ചകളുമുണ്ടായി. ഏറ്റവും ഒടുവില്‍ കലക്ടര്‍ ഒരു ബുള്‍സ് ഐയുടെ ചിത്രമാണു ഫെയ്‌സ്ബുക്കിലിട്ടത്. ‘ബുള്‍സൈ ആക്കിക്കളഞ്ഞല്ലോ ബ്രോ’ എന്നൊക്കെ അതിനു കമന്റുണ്ട്. കലക്ടറില്‍നിന്ന് ഇതു പ്രതീക്ഷിക്കുന്നില്ല എന്ന നിലയ്ക്കുമുണ്ടു കമന്റുകള്‍.

കലക്ടറുടെ സംസ്‌കാരം വെളിവാക്കുന്ന പ്രവൃത്തിയാണു സമൂഹമാധ്യമത്തില്‍ അദ്ദേഹത്തിന്റേതായി വരുന്നതെന്ന് എംപി ഇതേപ്പറ്റി പ്രതികരിച്ചു. എംപി ഫണ്ട് ചെലവഴിക്കുന്നതില്‍ പരാജയപ്പെട്ട എം.കെ.രാഘവന്‍ അതു മറച്ചുപിടിക്കാനാണു കലക്ടറെയും ഭരണകേന്ദ്രത്തെയും കുറ്റപ്പെടുത്തുന്നതെന്ന ആരോപണവുമായാണു സിപിഎം രംഗത്തെത്തിയത്. തങ്ങള്‍ക്കു വഴങ്ങാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വിരട്ടുലൈനൊന്നും വിലപ്പോവില്ലെന്നും ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.

Leave a Reply