ആർ ബി. എഴുതുന്നു/
മങ്കട എന്ന മലയോര ദേശത്തെ കേരളം അടയാളപ്പെടുത്തിയിരുന്നത് രണ്ടാളുകളുടെ പേരിലായിരുന്നു ഇക്കഴിഞ്ഞ ദിവസം വരെ. ഒന്ന് ക്യാമറകൊണ്ടു കവിത വിരിയിച്ച പ്രമുഖനായ സിനിമോട്ടോഗ്രഫർ രവിവർമ്മയുടെ പേരിൽ. രണ്ട്, മുസ്ലിം ലീഗിനെതിരെ സ്വതന്ത്രനായി മത്സരിച്ചു സിഎച് മുഹമ്മദുകോയയുടെ പുത്രൻ എം കെ മുനീറിനെ തോൽപ്പിച്ച മഞ്ഞളാം കുഴി അലിയുടെ പേരിൽ. അലി പിന്നീട് മുസ്ലിം ലീഗിലെത്തി മന്ത്രിയായതു മറ്റൊരു ചരിത്രം. ഇപ്പോഴിതാ മങ്കട എന്ന ദേശം സാധാരണക്കാരായ മനുഷ്യരുടെ നിത്യ ജീവിതത്തിനുമേൽ ഭീതിതമായ ആശങ്കകളുടെ വിത്തു വിതച്ചിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് കോഴിക്കോട്ടെ മുക്കത്തു നടന്നതിന് സമാനമായ സദാചാര കൊലപാതകത്തിന്റെ പേരിൽ ഒരു നാട് അപമാനിക്കപ്പെട്ടിരിക്കുന്നു.ഒരു യുവാവിനെ ഒരുകൂട്ടം ആൾക്കാർ അടിച്ചു കൊലപ്പെടുത്തുക. അതും മുൻകൂട്ടി തീരുമാനിച്ചു വിളിച്ചു വരുത്തിയിട്ട്.മനുഷ്യബന്ധങ്ങൾ പലതരത്തിൽ പലവിധത്തിൽ പലരൂപത്തിൽ മനുഷ്യൻ ഉണ്ടായ അന്ന് മുതൽ രൂപപ്പെട്ടു വരുന്നതാണ്. ഒരു യുവതിയുടെ വീട്ടിൽ യുവാവ് വന്നതാണ് കൊലപാതകത്തിന് കാരണം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . ഇനി ഒരു പക്ഷെ ലൈംഗിക ബന്ധം ലക്ഷ്യമിട്ടു തന്നെയാവട്ടെ എന്നു വെയ്ക്കുക അങ്ങിനെ ആണെങ്കിൽ കൂടി ആ ഒരാളെ അല്ലെങ്കിൽ പെണ്ണിനെ അടിച്ചു കൊല്ലാൻ ഈ ആൾക്കൂട്ടത്തിനു ആരാണ് അധികാരം നൽകിയിരിക്കുന്നത്? രണ്ടു പേര് പരസ്പര സമ്മതത്തോടെ ഇണചേരാൻ തീരുമാനിച്ചാൽ അതു സഹിക്കാത്തതു ആർക്കാണ്.?അതിൽ ഇടപെടാൻ ആൾക്കൂട്ടങ്ങൾക്കു എന്താണ് അധികാരം?. മുൻപ് പരപ്പനങ്ങാടിയിൽ ബീവറേജിന്റെ അടുത്തു നിന്നു എന്നു പറഞ്ഞു ഒരു യുവതിയെ ചില ചെറുപ്പക്കാർ പച്ചത്തെറി വിളിച്ചതും അവരുടെ കൂടെ ഉണ്ടായിരുന്ന യുവാവിന്റെ കയ്യേറ്റം ചെയ്തതും വലിയ വാർത്ത ആയിരുന്നു.കോഴിക്കോട്ടു ഒരുമിച്ചു പോവുകയായിരുന്ന അമ്മയെയും മകനെയും സദാചാരത്തിന്റെ പേരിൽ ആക്രമിച്ചതും ഈ അടുത്ത കാലത്താണ്. ഇതെല്ലാം വെറും ആൾകൂട്ട മനസിന്റെ ചെയ്തികളാണ് എന്നു വിലയിരുത്തുന്നത് ശരിയല്ല. പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങൾ തന്നെയാണ് ഇത്തരം ആക്രമണങ്ങൾക്കു പിന്നിൽ എന്നാണ് മനസിലാക്കേണ്ടത്. മലപ്പുറം പോലുള്ള മുസ്ലിം മത വിശ്വാസികൾ ഏറെയുള്ള പ്രദേശങ്ങളിൽ കേവലമായ ഗോത്ര ചിന്തകളിൽ ഊന്നിയുള്ള ആശയങ്ങൾ മതത്തിന്റെ പേരിൽ പഠിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന കൂട്ടങ്ങൾ ഉയർന്നു വരുന്നു എന്നതിന്റെ തെളിവാണ് ഇത്തരം ആൾക്കൂട്ട കൊലപാതകങ്ങൾ.മുതിർന്നു വരുന്ന പെൺകുട്ടികളെ നിർബന്ധിച്ചു കരിംകുപ്പായവും കയ്യുറയും മുഖം മൂടിയും ധരിപ്പിക്കുക. ആണ് പെൺ സൗഹൃദങ്ങൾക്ക് മേൽ നിരീക്ഷണ കണ്ണുമായി കവലകളിൽ നിലയുറപ്പിക്കുക, മതബോധനത്തിന്റെ പേരിൽ മനുഷ്യവിരുദ്ധമായ ഫത്വകൾ അടിച്ചേൽപ്പിക്കുക തുടങ്ങി തീർത്തും നിഷ്കളങ്കവും വിശ്വാസനിബദ്ധവുമായ മലപ്പുറത്തെ സാധാരണ ഇസ്ലാം മതവിശ്വാസികളുടെ നിത്യ ജീവിതത്തെ ചിലയിടങ്ങളിലെങ്കിലും ഇത്തരക്കാർ നിയന്ത്രിച്ചു തുടങ്ങിയിരിക്കുന്നു. ഹിന്ദുത്വയുടെ പേരിൽ കാസർഗോഡും മംഗലാപുരത്തും,മറ്റു പൊളിറ്റിക്കൽ പാർട്ടികൾക്ക് സ്വാധീനമുള്ള ഇടങ്ങളിൽ അവയുടെ പേരിലും മറ്റും സദാചാരകാവലാളുകൾ നടത്തുന്ന മനുഷ്യവിരുദ്ധ നടപടികളെ മറന്നു കൊണ്ടല്ല ഈ പറച്ചിൽ.മലപ്പുറം ജില്ലയിൽ ഇത്തരം കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിൽ സമൂഹത്തിൽ ഏറെ സ്വാധീനമുള്ള മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിക്ക് കഴിയുന്നുണ്ടോ എന്നത് ഒരു ഗൗരവതരമായ ചോദ്യം ആണ്?ആൺ പെൺ ബന്ധങ്ങളിൽ വെറും ലൈംഗികത മാത്രം കാണുന്നവിധത്തിലേക്കു ചിലരെങ്കിലും ചുരുങ്ങി പോകുന്നതിന്റെ അവലക്ഷണങ്ങളാണ് ഇത്തരം കൂട്ടങ്ങൾ ഉയർന്നു വരാൻ കാരണം. സ്ത്രീയും പുരുഷനും തമ്മിൽ യോനീലിംഗ ബന്ധം മാത്രമല്ല സാധ്യമെന്നും അതിനുമപ്പുറം സൗഹൃദത്തിന്റെ ,തൊഴിൽ പരതയുടെ, ജനാധിപത്യ പൂർണമായ പലവിധ സാധ്യതകളിലൂന്നിയ ബന്ധങ്ങൾ സാധ്യമാണെന്നുമുള്ള തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഇതു ഒരു സുപ്രഭാതത്തിൽ ഉണ്ടാവുന്നതല്ല. ലിംഗ ഭേദമന്യേ പരസ്പരം ബഹുമാനിക്കാനും അംഗീകരിക്കാനും കഴിയുന്നവിധത്തിലേക്ക് നാം സ്വയം മാറേണ്ടതുണ്ട്.നമ്മുടെ കുഞ്ഞുങ്ങളെ എങ്കിലും അത്തരത്തിൽ വളർത്തിയെടുക്കേണ്ടതുണ്ട്.സദാചാരവാദം പറഞ്ഞു മനുഷ്യനെ അടിച്ചു കൊല്ലുന്ന ഇത്തരം തെമ്മാടി കൂട്ടങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ കേരളം സമീപ ഭാവിയിൽ നേരിടേണ്ടി വരുന്നത് ഇത്തരം ഗോത്രസംഘങ്ങൾ നയിക്കുന്ന നാട്ടു കൂട്ടങ്ങളുടെ ഫത്വകളും നിയന്ത്രണങ്ങളും ആയിരിക്കും. ഇവിടെ ഞെരിഞ്ഞില്ലാതാവുക സാധാരണകാരായ മനുഷ്യരാവും.വിശ്വാസവും സ്നേഹവും പ്രണയവും രതിയും ഭക്തിയും രാഷ്ട്രീയവും സങ്കടവും സഹിഷ്ണുതയും എല്ലാമുള്ള പച്ച മനുഷ്യർ…!!