കോഴിക്കോട്ട് നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മട്ടാഞ്ചേരിയിലെ കാമുകന്റെ വീട്ടില്‍ നിന്നും പോലീസ് പിടികൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനി മട്ടാഞ്ചേരി സ്വദേശി അഞ്ജലിയെയാണ് പോലീസ് പിടികൂടിയത്. മകളെ കാണാനില്ലെന്ന അഞ്ജലിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് അഞ്ജലിയെ മട്ടാഞ്ചേരിയില്‍ നിന്ന് പിടികൂടുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ കാമുകനൊപ്പം പോയതെന്ന് പോലീസിനോട് പെണ്‍കുട്ടി പറഞ്ഞു.
വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട പെണ്‍കുട്ടിയും യുവാവും ആറുവര്‍ഷത്തോളമായി പ്രണയത്തിലാണെന്ന് പോലീസും പറഞ്ഞു. ഇതിനു മുമ്പും ഇരുവരും ഒളിച്ചോടിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ പോലീസ് സഹായത്തോടെ പിടികൂടുകയും പെണ്‍കുട്ടിയെ തിരികെ കൊണ്ടുവരികയായിരുന്നു.
തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് വീണ്ടും ഒളിച്ചോടിയത്. യുവതിയെ മതം മാറ്റി തീവ്രവാദസംഘടനയില്‍ അംഗമാക്കാനാണ് നീക്കമെന്നാരോപിച്ചാണ് ഹനുമാന്‍സേന, ശ്രീരാംസേന, ബിജെപി തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്. പെണ്കുട്ടിയിപ്പോള് കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിലാണുള്ളത്.