കോഴിക്കോട് കെ.എസ്.ആര്.ടി.സി ടെര്‍മിനലില്‍ ചായക്കച്ചവടം നടത്തുന്നത് അനധികൃതമായെന്ന് ആരോപണം. ഭക്ഷ്യസുരക്ഷാ ലൈസന്‍സോ ആവശ്യമായ മറ്റു രേഖകളോ ഇല്ലാതെയാണ് ഈ രണ്ടു കടകളും പ്രവര്‍ത്തിക്കുന്നത്. ടെര്‍മിനലിലെ കടമുറികളുടെ ടെന്‍ഡര്‍ വൈകുന്നത് മുതലാക്കിയാണ് ബസ്സ്റ്റാന്‍ഡില്‍ കച്ചവടം തകൃതിയായി നടക്കുന്നത്. ഇതിന് കെ.എസ്.ആര്.ടി.സിയോ കെ.ടി.ഡി.എഫ്.സിയോ അനുമതി നല്‍കിയിട്ടില്ളെന്നും കച്ചവടം ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് കെ.ടി.ഡി.എഫ്.സിക്ക് അനുവാദം നല്‍കിയിരുന്നതായും കെ.എസ്.ആര്.ടി.സി അധികൃതര്‍ പറയുന്നു.
2015 ഡിസംബര്‍ 19 മുതലാണ് ടെര്‍മിനലില്‍ രണ്ട് ചായക്കടകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. 2015 ജൂണിലാണ് കെ.എസ്.ആര്.ടി.സി ടെര്‍മിനല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. കടമുറികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ലഘുഭക്ഷണത്തിനുപോലും സൗകര്യമില്ലായിരുന്നു. ഇത് മുതലാക്കി സൈക്കിള്കച്ചവടക്കാര് രംഗം കൈയടക്കി. ഇവര്‍ അമിതമായി പണം വാങ്ങുന്നതായും ആക്ഷേപമുയര്‍ന്നു. ഇതോടെ യൂനിയനുകള്‍ ഇടപെട്ട് ടെര്‍മിനലില്‍ രണ്ട് കടകള്‍ തുടങ്ങി. ഒരു മാസത്തേക്ക് തുടങ്ങിയ കടകളാണ് ഇപ്പോള്‍ ഏഴു മാസം പിന്നിടുന്നത്. മൂത്രപ്പുരക്കു സമീപം വൃത്തിഹീനമായ സാഹചര്യത്തിലാണ് കട പ്രവര്‍ത്തിക്കുന്നതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. സൈക്കിളില്‍ പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് എത്തിക്കുന്ന എണ്ണക്കടികള്‍ പ്ളാസ്റ്റിക് പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത്. ജീവനക്കാര്‍ക്ക് ചായക്ക് അഞ്ച്, കടിക്ക് അഞ്ച് എന്നതോതിലും മറ്റുള്ളവര്‍ക്ക് ഏഴ്, ഏഴ് എന്നതോതിലും നല്‍കണമെന്നായിരുന്നു ധാരണ. എന്നാല്‍, എട്ട്, എട്ട് എന്ന തോതിലാണ് ഇപ്പോള്‍ യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്. പലപ്പോഴും ബാക്കി തുക നല്‍കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്. പ്രതിദിനം അമ്പതിനായിരത്തോളം വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ഒരു രൂപപോലും വരുമാനമായി കെ.എസ്.ആര്.ടി.സിക്കോ കെ.ടി.ഡി.എഫ്.സിക്കോ ലഭിക്കുന്നുമില്ല. കടക്കാര്‍ക്ക് രണ്ട് അംഗീകൃത യൂനിയനുകള്‍ സഹായം ചെയ്യുന്നതായും ആക്ഷേപമുണ്ട്. താല്‍ക്കാലികമായെങ്കിലും ടെന്‍ഡര്‍ നല്കി വരുമാനം കെ.എസ്.ആര്.ടി.സിക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കണമെന്നാണ് ആവശ്യം. മറ്റു സംവിധാനമില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.