Home » ഇൻ ഫോക്കസ് » വിദേശയാത്രയില്‍ മുന്നില്‍ എം.കെ മുനീര്‍;ഏറ്റവും കൂടുതല്‍ യാത്രചെയ്തത് യു.എ.ഇ.യിലേക്ക്

വിദേശയാത്രയില്‍ മുന്നില്‍ എം.കെ മുനീര്‍;ഏറ്റവും കൂടുതല്‍ യാത്രചെയ്തത് യു.എ.ഇ.യിലേക്ക്

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദേശയാത്ര നടത്തിയ മന്ത്രിമാരില്‍ ഏറ്റവും മുന്നില്‍ എം.കെ മുനീര്‍. മുപ്പത്തിരണ്ട് തവണയാണ് സമൂഹൂക നീതി വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന മന്ത്രി എം.കെ മുനീര്‍ സര്‍ക്കാര്‍ ചെലവില്‍ അഞ്ച് വര്‍ഷത്തിനിടെ സഞ്ചരിച്ചത്.

ഇതില്‍ ഭൂരിഭാഗവും സ്വകാര്യ ആവശ്യങ്ങള്‍ക്കാണ്. യു.എ.ഇ.യിലേക്കാണ് മുനീര്‍ ഏറ്റവും കൂടുതല്‍ യാത്രചെയ്തത്. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം 13 തവണ മുനീര്‍ യു.എ.യിലേക്ക് യാത്രചെയ്തിട്ടുണ്ട്.

കെ ബാബുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ ഒറ്റത്തവണ പോലും വിദേശയാത്ര നടത്താത്ത മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ മാത്രമാണ്.

27പ്രാവശ്യം യാത്ര ചെയ്ത ഷിബു ബേബി ജോണാണ് രണ്ടാംസ്ഥാനത്തുള്ളത്. ഔദ്യോഗികയാത്രകളില്‍ ഏറ്റവും കൂടുതലുള്ളതും ഷിബു ബേബി ജോണ്‍ ആണ്. 27തവണത്തെ യാത്രയില്‍ പത്ത് പ്രാവശ്യമാണ് ഷിബു ബേബി ജോണ്‍ സര്‍ക്കാര്‍ ആവശ്യത്തിനായി യാത്ര നടത്തിയത്. ഇരുപത് തവണ യാത്ര നടത്തിയ കെ.സി ജോസഫ് മുഴുവന്‍ യാത്രയും ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തിയത്.

21തവണ യാത്ര ചെയ്ത എ.പി അനില്‍ കുമാര്‍ 13 തവണ യാത്ര ചെയ്ത വി.കെ ഇബ്രാഹിംകുഞ്ഞ്, 13തവണ യാത്ര ചെയ്ത കെ.പി മോഹനന്‍ എന്നിവരും കൂടുതല്‍ വിദേശ യാത്ര ചെയ്ത കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരില്‍ പെടും.

കെ.പി മോഹനന്റെ പതിമൂന്ന് യാത്രകളില്‍ ഒന്നുപോലും ഔദ്യോഗിക യാത്രകളില്‍ പെടുന്നില്ല. നേപ്പാളിലേക്ക് മാത്രം യാത്ര നടത്തിയ പി.കെ ജയലക്ഷ്മിയാണ് ഏറ്റവും കുറച്ച് വിദേശ യാത്ര നടത്തിയവരില്‍ ഉള്‍പ്പെടുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആറ് തവണയും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശയാത്ര നടത്തിയിട്ടുണ്ട്.

Leave a Reply