Home » മറുകാഴ്ച » തമിഴ്‌നാട്ടിലെ റേഷന്‍ അരി കേരളത്തിലെത്തിയാല്‍ ബ്രാന്‍ഡഡ് അരി

തമിഴ്‌നാട്ടിലെ റേഷന്‍ അരി കേരളത്തിലെത്തിയാല്‍ ബ്രാന്‍ഡഡ് അരി

തമിഴ്നാട്ടില്‍ റേഷന്‍ കടകളില്‍ നല്‍കുന്ന അരി ബ്രാന്‍ഡഡ് അരിയായി കേരളത്തിലെ മാര്‍ക്കറ്റില്‍. പാലക്കാട് ജില്ലയുടെ അതിര്‍ത്തികളിലൂടെയാണ് അരികടത്ത് സംഘത്തിന്‍റെ പ്രവര്‍ത്തനം. അതിര്‍ത്തിക്കിപ്പുറത്തെത്തിച്ച അരി പോളിഷ് ചെയ്ത് ബ്രാന്‍ഡഡ് ആക്കി വില്‍ക്കും. അധികൃതരെ വെട്ടിച്ചു കേരളത്തിലെത്തിച്ചാല്‍ ഒരു ചാക്ക് അരിക്ക് 225 രൂപയാണ് ലഭിക്കുക. ഇതു ബ്രാന്‍ഡ് ചെയ്ത ചാക്കുകളിലാക്കി മാറ്റി വില്‍പ്പന നടത്തുന്നത് 2,250 മുതല്‍ 2,600 രൂപയ്ക്ക്.
സംസ്ഥാനത്തേക്കു ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ റേഷനരി കഴിഞ്ഞദിവസം പൊലീസ് പിടികൂടി. ആനമല സ്വദേശി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ മില്ലിലേക്കാണ് അരി കൊണ്ടുപോകുന്നതെന്നും ആനമലയിലെ റേഷന്‍ കടയില്‍ നിന്നാണു കടത്തിയതെന്നും ഡ്രൈവര്‍ മൊഴി നല്‍കി.
തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു ശേഖരിക്കുന്ന അരി മീനാക്ഷിപുരത്ത് ശേഖരിച്ചു കൊടുവായൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാണു ബ്രാന്‍ഡ് ചാക്കുകളിലാക്കി മാറ്റുന്നത്. തമിഴ്നാട്ടില്‍ റേഷന്‍ കടകളിലൂടെ വിതരണത്തിനെത്തുന്ന കനം കൂടിയതും അധിക വേവുള്ളതുമായ ഗുണ്ട് റൈസ് എന്ന അരി അവിടെ കാര്യമായി ഉപയോഗിക്കപ്പെടുന്നില്ല. പൊന്നി, കോയമ്പത്തൂര്‍ 51, എഡിജിആര്‍ 45, ജീരക ചമ്പ തുടങ്ങിയ ഇനങ്ങള്‍ക്കാണ് തമിഴ്നാട്ടില്‍ താത്പര്യം. കിലോക്ക് 45 മുതല്‍ 55 രൂപവരെ വിലയുമുണ്ട് ഈ ഇനങ്ങള്‍ക്ക്.
ഉപയോഗമില്ലാത്ത ഗുണ്ട് റൈസ് അരി കുറഞ്ഞ വിലയ്ക്ക് ശേഖരിച്ചാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. റേഷനരി കിലോയ്ക്ക് മൂന്നു മുതല്‍ അഞ്ചുവരെ രുപയ്ക്കാണ് കാര്‍ഡുടമകള്‍ ഇടനിലക്കാര്‍ക്കു നല്‍കുന്നത്. ആനമല, കോട്ടൂര്‍, വേട്ടക്കാരന്‍ പുതൂര്‍, പൊള്ളാച്ചി, നടുപ്പതി എന്നീ ഭാഗങ്ങളില്‍ നിന്നു ശേഖരിക്കുന്ന റേഷന്‍ അരി മീനാക്ഷിപുരം അതിര്‍ത്തിയില്‍ ചെറുവാഹനങ്ങളിലെത്തിച്ചു ശേഖരിച്ചു വയ്ക്കുകയാണ്.
തമിഴ്നാട്ടില്‍ അരികടത്ത് തടയാന്‍ കര്‍ശന നിയമവും, സിവില്‍ സപ്ലൈസ് സ്ക്വാഡും ഭക്ഷ്യവകുപ്പിന്‍റെ പ്രത്യേക സെല്ലും ഉണ്ടെങ്കിലും ഇവരെ വെട്ടിച്ചും മാമൂല്‍ നല്‍കിയുമാണ് അരികടത്ത്. പിടികൂടിയാല്‍ ഗൂണ്ടാ ആക്റ്റ് പ്രകാരമാണ് തമിഴ്നാട്ടില്‍ കേസെടുക്കുക.

Leave a Reply