Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട്ടെ ശുഭയാത്രയ്ക്ക് ;ഓര്‍ക്കേണ്ടത് ഈ നമ്പര്‍

കോഴിക്കോട്ടെ ശുഭയാത്രയ്ക്ക് ;ഓര്‍ക്കേണ്ടത് ഈ നമ്പര്‍

നഗരയാത്രയെ സുരക്ഷിതവും ശുഭവുമാക്കാന്‍  കേരളാ പോലീസിന്റെ ‘ശുഭയാത്ര സുരക്ഷിതയാത്ര’ പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ  ബോധവത്കരണ ലഘുലേഖകളുടെ വിതരണം ആരംഭിച്ചു. സിറ്റി ട്രാഫിക് പോലീസ് മാനാഞ്ചിറ ബിഇഎം സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍, എസ്പിസി കേഡറ്റുകള്‍ക്ക് ലഘുലേഖ കൈമാറി സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റ ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡി.സാലി, ട്രാഫിക് അസി.കമ്മീഷണര്‍ എ.കെ.ബാബു, ട്രാഫിക് എസ്‌ഐ എ.പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു. സ്ത്രീസുരക്ഷ, ഗതാഗത സുരക്ഷ, ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവയടങ്ങുന്ന ലഘുലേഖകള്‍ മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡ്, പാളയം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം, സ്‌കൂളുകളുടെ പരിസരം തുടങ്ങി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എസ്പിസി കേഡറ്റുകള്‍ വിതരണം ചെയ്തു.

നടന്‍ പത്മശ്രീ മോഹന്‍ ലാല്‍ ഗുഡ്‌വില്‍ അംബാസിഡറായ പദ്ധതിയാണ് ശുഭയാത്ര. കാല്‍നട യാത്രക്കാര്‍ പാലിക്കേണ്ട കാര്യങ്ങള്‍, ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പാലിക്കേണ്ട കാര്യങ്ങള്‍ എന്നിവ അടങ്ങുന്നതാണ് ഒരു ലഘുലേഖ. ‘ശുഭയാത്ര സുരക്ഷിത യാത്ര’ എന്ന ലഘുലേഖയില്‍, എന്താണ് ലൈംഗിക അതിക്രമങ്ങള്‍, നിയമവ്യവസ്ഥകള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍, ഇമ്മോറല്‍ ട്രാാഫിക് ആക്ട്, ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം, സൈബര്‍ കുറ്റകൃത്യങ്ങള്‍,കേരളാ പോലീസ് ആക്ട്, ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം, പൊതുവാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍, ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, തുടങ്ങിയവ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കേണ്ട ഫോണ്‍ നമ്പറുകളും ലഘുലേഖയിലുണ്ട്.

വനിതാ ഹെല്‍പ് ലൈന്‍-1091,

ട്രാഫിക് ഹെല്‍പ് ലൈന്‍-1099,

കണ്‍ട്രോള്‍ റൂം-100,

ക്രൈം സ്‌റ്റോപ്പര്‍-1090,

സൈബര്‍ പോലീസ് സ്‌റ്റേഷന്‍-0471 2322090,

ഹൈവേ പോലീസ് അലര്‍ട്ട്-9846100100,

റെയില്‍വേ പോലീസ് അലര്‍ട്ട്- 9846200100, വനിതാ കമ്മീഷന്‍- 0471 2300509,

കേരള മഹിളാ സമഖ്യ- 0471 2913212 എന്നിവയാണ് ഫോണ്‍ നമ്പറുകള്‍.

ട്രാഫിക് കുറ്റകൃത്യങ്ങളും അപകടങ്ങളും അറിയിക്കാനുള്ള വാട്‌സ്ആപ് നമ്പര്‍- 9747001099,

പരാതികള്‍ എസ്എംഎസ് ആയി അറിയിക്കാനുള്ള നമ്പര്‍- 9497900000

തുടങ്ങി അലര്‍ട്ട് നമ്പറുകള്‍ രേഖപ്പെടുത്തിയ പോലീസ് സ്റ്റിക്കറുകളും വിതരണം ചെയ്യുന്നുണ്ട്.

ബിഇഎം ഗേള്‍സ് സ്‌കൂളിലെ കമ്യൂണിറ്റി പോലീസ് ഓഫീസര്‍ പി.കെ.മോഹനന്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സി.എം.ധന്യാ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ നടത്തുന്ന ലഘുലേഖ വിതരണം വരും ദിവസങ്ങളിലും തുടരും.

Leave a Reply