Home » ഇൻ ഫോക്കസ് » ‘പറക്കാനൊരുങ്ങി’; കൊച്ചി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് തുടങ്ങാനുള്ള ക്രൂസ് ബോട്ട് കൊച്ചി തീരത്തെത്തി

‘പറക്കാനൊരുങ്ങി’; കൊച്ചി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് തുടങ്ങാനുള്ള ക്രൂസ് ബോട്ട് കൊച്ചി തീരത്തെത്തി

സംസ്ഥാനത്തെ വിനോദസഞ്ചാര, ജലഗതാഗതമേഖലകളുടെ കുതിപ്പിനു ചിറകേകി റഷ്യന്‍ നിര്‍മിത ‘പറക്കും ബോട്ടുകള്‍’ കൊച്ചി തീരത്തെത്തി. കൊച്ചി–ബേപ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഓണത്തിനുമുമ്പ് സര്‍വീസ് ആരംഭിക്കാനുള്ള രണ്ട് അതിവേഗ ഹൈഡ്രോഫോയില്‍ യാത്രാ ബോട്ടുകളാണിത്. ഗ്രീസിലെ ഏതന്‍സ് തുറമുഖത്തുനിന്ന് കപ്പലിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഇവ കൊച്ചി തുറമുഖത്തെത്തിച്ചത്. പുലര്‍ച്ചെ നാലോടെ കപ്പലില്‍നിന്ന് പുറത്തിറക്കാനാരംഭിച്ച് ഒമ്പതോടെ പൂര്‍ത്തിയായി.
ബോട്ടുകള്‍ രണ്ടുദിവസം എറണാകുളം വാര്‍ഫിലെ ക്യു ബെര്‍ത്തിലുണ്ടാകും. തുടര്‍ന്ന് ജോലികള്‍ക്കായി കൊച്ചി കപ്പല്‍ശാലയിലേക്കോ സ്വകാര്യ യാര്‍ഡിലേക്കോ മാറ്റും. ആധുനിക ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് രണ്ടു ബോട്ടും. ബോട്ടിന്റെ അടിത്തട്ട് ജലോപരിതലത്തില്‍നിന്ന് ഉയര്‍ത്തിനിര്‍ത്തി അതിവേഗ യാത്ര സാധ്യമാക്കുന്നതാണ് ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യ. മണിക്കൂറില്‍ 30 മുതല്‍ 40 നോട്സ് ( 54 മുതല്‍ 72 കിലോമീറ്റര്‍) വരെയാണ് വേഗം. 130 പേര്‍ക്ക് യാത്രചെയ്യാം. എസി, വിഐപി ക്യാബിന്‍ സൌകര്യങ്ങളുണ്ട്. രണ്ടു ബോട്ടിനുംകൂടി 15 കോടി രൂപ വിലവരും. ഫിറ്റ്നസ് ടെസ്റ്റ് പൂര്‍ത്തിയാക്കി ഓണത്തിനുമുമ്പ് സര്‍വീസ് തുടങ്ങും.
സര്‍വീസ് ആരംഭിക്കാന്‍ മര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ്, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് എന്നിവയുടെ അനുമതി വേണം.  കപ്പല്‍ചാലിലൂടെയുള്ള സര്‍വീസാണ് നിലവില്‍ ഉദ്ദേശിക്കുന്നത്.  തുടക്കത്തില്‍ ഗ്രീസില്‍നിന്നുള്ള വിദഗ്ധരാകും ബോട്ട് ഓടിക്കുക. ഇവരുടെ സഹായത്തോടെ സ്വദേശികള്‍ക്ക് പരിശീലനം നല്‍കും.
വിദേശ മലയാളികളുടെ സ്ഥാപനമായ സേഫ് ബോട്ട്സ് ട്രിപ്പുമായി സഹകരിച്ചാണ് സര്‍വീസ്. ഇവര്‍ തുറമുഖവകുപ്പുമായി ഒപ്പിട്ട ധാരണയുടെ അടിസ്ഥാനത്തില്‍ സര്‍വീസിന് ആവശ്യമായ സൌകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊടുക്കും. സിഎംഎഫ്ആര്‍ഐയുടെ ജെട്ടിയില്‍നിന്നോ  പോര്‍ട്ട്ട്രസ്റ്റിന്റെ ജെട്ടിയില്‍നിന്നോ സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. വിനോദഞ്ചാരകേന്ദ്രങ്ങളെയും കൂട്ടിയിണക്കിയാകും സര്‍വീസ്.

Leave a Reply