Home » കലാസാഹിതി » മുടങ്ങിയ വിവാഹം വീണ്ടും നടക്കാനിടയായതിനെ കുറിച്ച് മോഹന്‍ലാല്‍

മുടങ്ങിയ വിവാഹം വീണ്ടും നടക്കാനിടയായതിനെ കുറിച്ച് മോഹന്‍ലാല്‍

കോഴിക്കോട് നഗരം തനിക്ക് നല്‍കിയ സൗഭാഗ്യങ്ങളില്‍ ഏറ്റവും വലുതായിരുന്നു തന്റെ ഭാര്യ സുചിത്ര. ആദ്യമായി വന്ന വിവാഹാലോചന ജാതകം ചേരില്ലെന്ന് പറഞ്ഞു മുടങ്ങുകയും പിന്നീട് അതെ ആളെ തന്നെ വിവാഹം കഴിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും മനസ് തുറന്നു മോഹന്‍ലാല്‍.  വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കോഴിക്കോട്ടെത്തിയപ്പോള്‍ നഗരം സമ്മാനിച്ച വിസ്മയങ്ങളെ ഓര്‍ത്തെടുക്കുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ…

1988-ലാണ് എന്റെ വിവാഹം നടക്കുന്നത്, തിരുവനന്തപുരത്തുവെച്ച്. വിവാഹവുമായി അത്ഭുതകരമായി കോഴിക്കോട്‌ ബന്ധപ്പെട്ടുകിടക്കുന്നു. ഈ മണ്ണിലേക്ക് ഓരോതവണ വരുമ്പോഴും ഞാൻ ആ നിമിഷങ്ങളെ നന്ദിയോടെ ഓർത്തുപോകുന്നു. വിവാഹം നടന്നതിന് രണ്ടുവർഷം മുൻപേ സുച്ചി(എന്റെ ഭാര്യ സുചിത്രയെ ഞാൻ അങ്ങനെയാണ് വിളിക്കുന്നത്)യുമായുള്ള ആലോചന വന്നിരുന്നു. ചെന്നൈയിലായിരുന്നു അവർ താമസിച്ചിരുന്നതെങ്കിലും ഈ നഗരവുമായി ആ കുടുംബം ആഴത്തിൽ ബന്ധപ്പെട്ടുകിടന്നു. സുച്ചിയുടെ മുത്തച്ഛൻ, അമ്മായിമാർ എന്നിവരെല്ലാം കോഴിക്കോട്ടായിരുന്നു. ഇപ്പോഴും അവർ ഇവിടെയുണ്ട്, മനസ്സുകൊണ്ട് ഞങ്ങളോട് ചേർന്നുകൊണ്ട്‌. അന്ന് ആദ്യം ആ വിവാഹാലോചന വന്നപ്പോൾ അത് മുടങ്ങുകയാണുണ്ടായത്. ജാതകത്തിൽ പൊരുത്തമില്ല എന്നതായിരുന്നു കാരണം.അങ്ങനെ വിവാഹം വേണ്ടെന്നുവെച്ചു. ഞാൻ സിനിമകളുടെ തിരക്കിലേക്കും സുച്ചി ചെന്നൈയിലെ ജീവിതത്തിലേക്കും മടങ്ങി. പതുക്കെപ്പതുക്കെ അങ്ങനെയൊരു ആലോചന ഉണ്ടായകാര്യംതന്നെ മറന്നു. തെളിഞ്ഞുനിന്ന ഒരു ഫോട്ടോ കാലപ്പഴക്കത്താൽ മാഞ്ഞുമാഞ്ഞ് വരുന്നതുപോലെ ഒരുപക്ഷേ സംഭവിക്കുമായിരുന്ന ആ ബന്ധവും മാഞ്ഞു തുടങ്ങി.

അന്നും ഇന്നും കോഴിക്കോട്ട് എന്റെ താമസം ബേബി മറൈനിന്റെ ഉടമയും എനിക്ക് മൂത്തസഹോദരനെപ്പോലെ പ്രിയപ്പെട്ട വ്യക്തിയുമായ കെ.സി. ബാബുവിന്റെ വീട്ടിലാണ്. ബാബുച്ചായൻ എന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കുന്നത്‌. കുറച്ചുകാലത്തിനുശേഷം ഷൂട്ടിങ്ങിനായി ഞാനീ നഗരത്തിലെത്തി. ബാബുച്ചായന്റെ വീട്ടിലെ താമസത്തിനിടയിലാണ് വീണ്ടും വിവാഹക്കാര്യം മുന്നിലേക്കുവരുന്നത്. ബാലാജിയുടെ മകൾ സുചിത്ര തന്നെയായിരുന്നു ആലോചനയിൽവന്ന പേര്. രണ്ടു വർഷംമുമ്പ് ഞങ്ങളുടെ ജാതകം ചേരില്ല എന്നുപറഞ്ഞത് തെറ്റായി ആരോ അത്‌ കുറിച്ചതുകൊണ്ടാണ് എന്നകാര്യം ഞാൻ ഇവിടെവെച്ചാണന്നറിയുന്നത്. അപ്പോഴേക്കും രണ്ടുവർഷങ്ങൾ കഴിഞ്ഞിരുന്നു എന്നോർക്കുക. ഞങ്ങൾ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ജാതകം ചേരില്ല എന്നറിഞ്ഞിട്ടും പോയ രണ്ടുവർഷവും സുച്ചി എന്നെ നിശ്ശബ്ദം കാത്തിരിക്കുകയായിരുന്നു എന്ന്! ഈ നഗരത്തിൽ ബാബുച്ചായന്റെയും അദ്ദേഹത്തിന്റെ ഭാര്യ നാൻസിച്ചേച്ചിയുടെയും ഒപ്പമിരുന്നാണ് ഞാൻ ആ സത്യം അറിഞ്ഞത്. അതുകേട്ടപ്പോൾ എനിക്കുണ്ടായ വികാരവിചാരങ്ങൾ എഴുതിഫലിപ്പിക്കാനാവില്ല. ഒരുപക്ഷേ, ഇതു വായിക്കുന്നവർക്ക് അതു മനസ്സിലാക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

അതറിഞ്ഞതുമുതൽ സുച്ചിയുമായുള്ള വിവാഹാലോചനകൾ വീണ്ടും സജീവമായി. ബാബുച്ചായനും നാൻസിച്ചേച്ചിയും എല്ലാറ്റിനും മുന്നിൽനിന്നു. വിവാഹം നിശ്ചയിച്ചു. ഒരുനാൾ ഞങ്ങൾ വിവാഹിതരായി. 28 വർഷങ്ങളായി ഒരേ വള്ളത്തിൽ യാത്രതുടരുന്നു.

Leave a Reply