Home » മറുകാഴ്ച » പടച്ചവനെ കയ്യോങ്ങുന്ന വിചിത്ര ജന്മങ്ങൾ.

പടച്ചവനെ കയ്യോങ്ങുന്ന വിചിത്ര ജന്മങ്ങൾ.

ആർ ബി.  എഴുതുന്നു/    പടച്ചോന്റെ പേരിൽ ഒരു പടപ്പിനെക്കൂടി പടച്ചോന്റെ സ്വന്തക്കാരെന്നും പറഞ്ഞു ചിലർ അടിച്ചു വശം കെടുത്തി അരിക്കാക്കിയിരിക്കുന്നു. “പടച്ചോന്റെ ചിത്രപ്രദർശനം”എന്നപേരിൽ കഥ എഴുതിയതിനാണ് അടിയെന്നു ആദ്യ അടിക്കു മുൻപുള്ള പറച്ചിലിൽ ഒരു പടപ്പ് വ്യക്തമാക്കി.അങ്ങിനെ വെറുതെ ഉള്ള അടിയല്ല ഈ അടിയെന്നും ഇത് കൈവെട്ടുകാലത്തെ അടിയാണെന്നും കഥാകാരനായ ജിംഷാറിനെ ബോധ്യപെടുത്തിക്കൊണ്ടാണ് പടച്ചോന്റെ വിചിത്ര സൃഷ്ടികൾ ഇരുളിൽ മറഞ്ഞത്.പടച്ചവൻ എന്ന വാക്കിനർത്ഥം പടയ്ക്കുന്നവൻ സൃഷിടിക്കുന്നവൻ എന്നാണ്. പ്രപഞ്ചം , ലോകം, അനുഭൂതികൾ, ,സംസ്കാരം, രാഷ്ട്രം ഇങ്ങനെ എന്തിനെയും പടയ്ക്കാൻ കെൽപ്പുള്ളവൻ സൃഷ്ടിയ്ക്കാൻ ശേഷിയുള്ളവൻ എന്നാണ് പടച്ചവന്റെ അർഥം.നിത്യ ജീവിതത്തിന്റെ സങ്കീർണതകളിൽ പെട്ടുഴലുന്ന മനുഷ്യർക്ക് അനുഭൂതികളുടെ ലോകം സൃഷ്ടിക്കുന്നവരാണ് കലാകാരന്മാരും സാഹിത്യകാരന്മാരും. പാട്ട്, കഥ, നാടകം, കവിത,ചിത്രം, തുടങ്ങിയവയെല്ലാം മനുഷ്യകുലത്തിന് നൽകിയത് അനുഭൂതിയുടെ വിവിധ സ്വർഗ്ഗങ്ങളാണ്.അങ്ങിനെ മനുഷ്യസമൂഹത്തിനായി സ്വർഗം ചമയ്ക്കുന്ന ഇവരെയും നമുക്ക് പടച്ചവൻ എന്ന് വിളിക്കാം. ഹൃദയത്തിൽ ദൈവത്തിന്റെ, സാക്ഷാൽ സൃഷ്ടാവിന്റെ,പടച്ചവന്റെ കയ്യൊപ്പു പതിഞ്ഞവരാണ് എഴുത്തുകാരും കലാകാരന്മാരും എന്ന് പറയുന്നത് ഇത് കൊണ്ട് കൂടിയാണ്.വിശ്വാസത്തിന്റെ പരിസരത്താണ് ഈയൊരു പ്രസ്താവനയ്ക്ക് അതിന്റെ സൗന്ദര്യവും അർത്ഥവും ഉണ്ടാവുന്നത് എന്നത് മറ്റൊരു കാര്യം.വിശ്വാസത്തിന് അപ്പുറത്തായാലും എഴുത്തുകാരനും കലാകാരനും ചിന്തയുടെയും ഭാവനയുടെയും പുതുലോകങ്ങൾ പടയ്ക്കുന്നവരാണ് അത് കൊണ്ട് തന്നെ ഏത് അളവുകോലുകൊണ്ടളന്നാലും പടച്ചവന്മാരാണിവർ. സ്വന്തം കഥയുടെ ,പാട്ടിന്റെ, കവിതയുടെ, ചിത്രത്തിന്റെ, സൃഷ്ടിയുടെ പടച്ചവന്മാർ.അത്തരത്തിൽ ജിംഷാർ സ്വന്തം കർമ്മമണ്ഡലത്തിലെ പടച്ചവനാകുന്നു.പടച്ചവനെ പടച്ചവന്റെ പേരിൽ കൈകാര്യം ചെയ്യാൻ പടച്ചവന്റെ കയ്യൊപ്പു പോയിട്ട് ഒരു നോട്ടം പോലും ലഭിക്കാത്ത ഒരു കൂട്ടം പടപ്പുകൾക്കു എന്താണ് അധികാരം? ദൈവത്തിന്റെ വിശ്വാസത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളുടെ പേരിൽ സർഗ്ഗശേഷിയുള്ള മനുഷ്യരെ തെരുവിലിട്ട് കൊല്ലുന്നത്, തല്ലുന്നത് ഒരു ശീലമായി മാറിയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പെരുമാൾ മുരുകൻ എഴുത്തു നിർത്തിയതും തസ്ലിമയ്ക്കു നാട് വിടേണ്ടി വന്നതും കൽബുർഗിയും ഗോവിന്ദ് പൻസാരെയും നരേന്ദ്ര ദാൽബോക്കറും തെരുവിൽ വീണു മരിക്കേണ്ടി വന്നതും പടച്ചവന്റെയും പ്രമാണായക ഗ്രന്ഥങ്ങളുടെയും പേരിൽ ഓരോ കൂട്ടങ്ങളും നടത്തിയ ഇടപെടലിനെ തുടർന്നാണ്. അയാൾ രാജ്യമായ ബംഗ്ലാദേശിൽ ആസിഫ് മൊഹിയുദ്ദിനും അവിജിത് റോയിയും അഹമ്മദ് റജബ് ഹൈദറും സൈഫുൽ ഇസ്ലാമും അടക്കം 48 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. എഴുത്തുകാരും കലാകാരന്മാരും ചിന്തകരും ആയവർ. താന്താങ്ങളുടെ കർമ്മമേഖലയിലെ പടച്ചവന്മാർ.”വായിക്കുക:” എന്നാണു ഒരു പ്രാമാണിക ഗ്രന്ഥം തുടങ്ങുന്നത് തന്നെ.ആദിയിൽ വചനമുണ്ടായി എന്ന് മറ്റൊരു പ്രാമാണിക ഗ്രന്ഥം, പ്രപഞ്ചത്തിന്റെ പൊരുൾ ഓം കാരമാണെന്നു വേറൊന്ന്. ഇങ്ങനെ എഴുത്തിന്റെ, വായനയുടെ ,പറച്ചിലിന്റെ, പ്രഘോഷണത്തിന്റെ, പാടലിന്റെ പ്രസംഗത്തിന്റെ വഴികളെയാണ് മതങ്ങൾ മനുഷ്യന് പരിചയപ്പെടുത്തിയത്. ആ മനുഷ്യ സമൂഹമാണ് പിന്നീട് കഥകളും ഉപ കഥകളും പുരാണങ്ങളും സുവിശേഷങ്ങളും ആയത്തുകളും രചിച്ചു ഓരോ മതത്തിനും വഴികൾ വെട്ടിയത് അതെ മനുഷ്യരാണ് മതങ്ങൾക്കപ്പുറം അവന്റെ അനുഭൂതികൾ ആവിഷ്കരിക്കാൻ സർഗസൃഷ്ടി നടത്തിയതും.അവരെ കൊല്ലുക, ആക്രമിക്കുക ഇരുട്ടിന്റെ മറവിൽ അടിച്ചവശനാക്കുക എന്നാൽ പടച്ചവനെ സൃഷ്ടാവിനെ താളുകൾ എന്നാണ് അർഥം.അർത്ഥമറിയാതെ മതസൂക്തങ്ങൾ ഓതി കാലത്തിനൊപ്പം വളരാൻ തയ്യാറാകാതെ മാനസികമായി മുരടിച്ചു പോയവർക്കേ അക്ഷരം അറിയുന്നവന് നേരെ കൈ ഉയര്ത്താന് പറ്റുകയുള്ളു. അറിവാണ് വെളിച്ചം അതിലേക്കുള്ള വഴിയാണ് അക്ഷരം. പട്ടിണിയായ മനുഷ്യനോട് പുസ്തകം കൈയിലെടുക്കാൻ പറയുന്നതിന്റെ പൊരുൾ അറിവ് വിശപ്പകറ്റും ആന്തരികവും ബാഹ്യവുമായ വിശപ്പകറ്റും എന്നതാണ്. അതറിയണമെങ്കിൽ അക്ഷരം അറിയണം. അക്ഷരം വെറുതെ അറിഞ്ഞത് കൊണ്ട് വെളിച്ചമുണ്ടാവില്ല വെളിച്ചമുണ്ടാകണമെങ്കിൽ ഉള്ളിൽ പടച്ചവന്റെ നോട്ടം വേണം.താടി നീട്ടി മീശ വടിച്ചതുകൊണ്ടോ, തൊപ്പിവച്ചു വെള്ള പുതച്ചിട്ടോ കുടുമ കെട്ടി ദീക്ഷ വരുത്തിയത് കൊണ്ടോ രുദ്രാക്ഷവും പളുങ്കുമാലകളും കുങ്കുമവും ഭസ്മവും വാരി പൂശിയതു കൊണ്ടോ കുരിശു ചുമന്നു നടന്നത് കൊണ്ടോ. ആ വെളിച്ചം കാണാം എന്നില്ല . മറിച്ചു സഹ ജീവികളെ സ്നേഹിക്കുന്ന വിയോജിപ്പുകൾ അംഗീകരിക്കുന്ന അഭിപ്രായ ഭിന്നതകൾക്കിടയിലും യോജിപ്പിന്റെ മേഖലകളെ കണ്ടെത്തുന്ന മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളായി ജീവിച്ചു നോക്കൂ അപ്പോൾ കാണാം ആവെളിച്ചം അത് കണ്ടവനാണ് കണ്ടവരി ഒരാളാണ് ജിംഷാർ. ഹൃദയത്തിൽ പടച്ചവന്റെ കയ്യൊപ്പു പതിഞ്ഞവൻ.അവനു നേരെ കൈ ഉയർത്തിയവർ മനുഷ്യകുലത്തിന് നേരെയാണ് കയ്യോങ്ങുന്നത്. ഇത്തരക്കാരെ ഒറ്റപെടുത്തുമ്പോഴാണ് ഏത് സമൂഹവും കാലോചിതമായി നവീകരിക്കപ്പെടുക.ഗോത്രമെന്നത് കാലത്തിന്റെ ഒഴുക്കിൽ ഇല്ലാണ്ടായ ഒരു സാമൂഹ്യനിർമ്മിതിയാണ്. നമുക്ക് ഇനിയെങ്കിലും ഗോത്രങ്ങളാവാതെ കഴിയാം.പടച്ചവന്റെ ചിത്ര പ്രദർശനം പടയ്ക്കുന്നവന്റെ കൂടെ ചിത്ര പ്രദർശനമാണെന്നു തിരിച്ചറിയുമ്പോഴേ അത് സാധ്യമാവൂ.

Leave a Reply