Home » ഇൻ ഫോക്കസ് » ദിവസവും നൂറ് തവണയെങ്കിലും വിമലിനെ വിളിച്ച് രേഷ്മ; കാണാതായ വിമാനത്തിലെ കോഴിക്കോട് സ്വദേശിയുടെ ഭാര്യയെ സമാധാനിപ്പിക്കാനാവാതെ നാട്

ദിവസവും നൂറ് തവണയെങ്കിലും വിമലിനെ വിളിച്ച് രേഷ്മ; കാണാതായ വിമാനത്തിലെ കോഴിക്കോട് സ്വദേശിയുടെ ഭാര്യയെ സമാധാനിപ്പിക്കാനാവാതെ നാട്

കോഴിക്കോട്: ചെന്നൈ താംബരം വ്യോമതാവളത്തില്‍നിന്നും വിവിധ സേനാവിഭാഗങ്ങളിലെ 29 പേരുമായി ആന്‍ഡമാനിലെ പോര്‍ട്ബ്ലയറിലേക്കു പുറപ്പെട്ട വ്യോമസേനാ വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളി സൈനികന്‍ വിമലിന്റെ കുടുംബത്തെ സമാധാനിപ്പിക്കാനാവാതെ ഒരു ഗ്രാമം. വിമാലേട്ടന്‍ ഫോണെടുക്കുമെന്ന പ്രത്യാശയില്‍ ദിവസവും നൂറുതവണയെങ്കിലും രേഷ്മ തന്റെ പ്രിയതമനെ വിളിച്ചുനോക്കും.

പോര്‍ട്ട് ബ്‌ളെയറിലെത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞ് വിമാനം കയറുന്നതിന്റെ തൊട്ടുമുമ്പ് വിമല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നുവത്രെ. അവസാനമായി തന്നെ വിളിച്ച ആ സമയത്ത് പാതിമുറിഞ്ഞ് മുഴുമിപ്പിക്കാനാവാത്ത കാര്യങ്ങളോര്‍ത്ത് സങ്കടപ്പെടുകയാണ് രേഷ്മ. ഭക്ഷണവും ദിനചര്യയും കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പേരിനുമാത്രമായിട്ടുണ്ട് രേഷ്മക്കും വിമലിന്റെ മാതാവ് പത്മജക്കും.

ഉറക്കംപോലും കുറഞ്ഞ രേഷ്മ സദാ വ്യാകുലപ്പെട്ടു തന്നെ കഴിയുമ്പോഴും ആശ്വാസിപ്പിക്കാനാവാതെ കുഴങ്ങുകയാണ് ബന്ധുക്കള്‍. ക്ഷീണിച്ച് അവശയായ രേഷ്മക്ക് കഴിഞ്ഞദിവസം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ വിളിച്ചുവരുത്തുകയായിരുന്നു. വിമലിന്റെ മാതാവാകട്ടെ മകന്‍ അപകടം കൂടാതെ തിരിച്ചുവരാന്‍ വേണ്ടി ദേവാലയങ്ങളിലേക്ക് വഴിപാടുകള്‍ നേര്‍ന്ന് ആളുകളെ അയക്കുകയാണ്. വിവാഹം കഴിഞ്ഞ ഉടന്‍തന്നെ വിമല്‍ രേഷ്മയെ തന്റെ പരിശീലന കേന്ദ്രമായ പുണെയിലേക്ക് കൊണ്ടുപോയിരുന്നു. രണ്ടുവര്‍ഷംകൊണ്ട് നെയ്‌തെടുത്ത സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും കാഠിന്യമാണ് വിമലിന്റെ അകല്‍ച്ചയില്‍ രേഷ്മ ഇപ്പോള്‍ അനുഭവിക്കുന്നത്.

കാണാതായവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പ്രതിരോധ വിഭാഗങ്ങള്‍ അറിയിക്കുന്നുണ്ടെങ്കിലും ഇവരുടെ ഉള്ളിലെ തീ കെടുത്താന്‍ അവരുടെ വാക്കുകള്‍ക്കാവുന്നില്ല. കാണാതായ വിവരമറിഞ്ഞ് കോട്ടുപാടത്തെ വീട്ടിലേക്ക് നൂറുകണക്കിനാളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കാണാതായവരുടെ ബന്ധുക്കളുടെ ഒരു വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കി പ്രതിരോധവിഭാഗം വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നുണ്ട്.

എഎന്‍32 വ്യോമസേനാ വിമാനമാണ് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കാണാതായത്. വിമാനം കണ്ടെത്താനായി വ്യാപക തിരച്ചില്‍ തുടരുകയാണ്. ഒരു മുങ്ങിക്കപ്പല്‍, 13 കപ്പലുകള്‍, ഏഴു വിമാനങ്ങള്‍ എന്നിവയടങ്ങിയ സംഘമാണു ബംഗാള്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നത്. വ്യോമ, നാവിക, തീരസംരക്ഷണ സേനയുടെ സംയുക്ത പങ്കാളിത്തത്തോടെയാണു രക്ഷാപ്രവര്‍ത്തനം. ദുരന്തനിവാരണ സേനയോടും രംഗത്തിറങ്ങയിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് എഎന്‍32 വിമാനങ്ങള്‍, ഒരു സി130 വിമാനം, നാവികസേനയുടെ 12 യുദ്ധക്കപ്പലുകള്‍, രണ്ടു ഡോണിയര്‍ വിമാനങ്ങള്‍, രണ്ടു പിഎട്ട്‌ഐ വിമാനങ്ങള്‍, തീരസംരക്ഷണ സേനയുടെ ഒരു കപ്പല്‍ എന്നിവയാണു തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ബംഗാള്‍ ഉള്‍ക്കടലില്‍ നിയോഗിച്ചിട്ടുള്ളത്.

Leave a Reply