Home » നമ്മുടെ കോഴിക്കോട് » ജില്ലയില്‍ വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി കാത്തിരുന്ന് മുഷിയേണ്ട.

ജില്ലയില്‍ വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി കാത്തിരുന്ന് മുഷിയേണ്ട.

വൈദ്യുതി ബില്ലടയ്ക്കാന്‍ എടിഎം മാതൃകയിലുള്ള മെഷീന്‍ സ്ഥാപിക്കുന്നതിന് ജില്ലയില്‍ നടപടി തുടങ്ങി. കോവൂര്‍ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസിലാണ് ജില്ലയില്‍ ആദ്യ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സിഡിഎം) സ്ഥാപിക്കുന്നത്. ഇതിനുള്ള സ്ഥലസൌകര്യമൊരുക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി. പത്ത് ദിവസത്തിനകം മെഷീന്‍ പ്രവര്‍ത്തന സജ്ജമാക്കാനാവും. കോവൂര്‍ ഓഫീസിലെ ക്യാഷ് കൗണ്ടറിനോട് ചേര്‍ന്ന് പുറത്തുനിന്ന് പ്രവേശിക്കാവുന്ന തരത്തിലാണ് മെഷീന്‍ സ്ഥാപിക്കുക. ഓഫീസ് സമയം കഴിഞ്ഞാലും അവധി ദിവസങ്ങളിലുമെല്ലാം ഉപയോക്താക്കള്‍ക്ക് സിഡിഎം വഴി ബില്ലടയ്ക്കാം. തിരുവനന്തപുരത്തെ കേന്ദ്രീകൃത സെര്‍വറുമായി മെഷീന്‍ ബന്ധപ്പെടുത്താനുള്ള ഇന്റര്‍നെറ്റ് സൗകര്യം പരിഗണിച്ചാണ് കോവൂരിലെ ഓഫീസിനോട് ചേര്‍ന്ന് സിഡിഎം സ്ഥാപിക്കുന്നതെന്ന് ചീഫ് എന്‍ജിനിയര്‍ (ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത്) പി കുമാരന്‍ പറഞ്ഞു.  ബസ്സ്റ്റാന്‍ഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സിഡിഎം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബില്ലടയ്ക്കാന്‍ വരിനിന്ന് മുഷിയാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഷീന്‍ ഉപയോഗപ്പെടുത്താന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നതാണ് പദ്ധതി. കേന്ദ്ര സര്‍ക്കാരിന്റെ റീ സ്ട്രക്‌ച്ചേഡ് ആക്‌സിലറേറ്റഡ് പവര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിഫോംസ് പ്രോഗ്രാമിന്റെ (ആര്‍എപിഡിആര്‍പി) ഭാഗമായാണ് സംസ്ഥാനത്തെ മറ്റ് അഞ്ച് ജില്ലകളോടൊപ്പം കോഴിക്കോട്ടും പദ്ധതി നടപ്പാക്കുന്നത്. സാധാരണക്കാര്‍ക്ക് മെഷീന്‍ എളുപ്പം കൈകാര്യം ചെയ്യാനാകും. യന്ത്രത്തില്‍ നോട്ടും നാണയവും നിക്ഷേപിക്കാനുള്ള അറകളുണ്ട്. ചെക്കായും ബില്ലടയ്ക്കാം. വൈദ്യുതി ബില്‍ യന്ത്രത്തിലെ പ്രത്യേക ഭാഗത്ത് സ്‌കാന്‍ ചെയ്യുമ്പോള്‍ അടയ്‌ക്കേണ്ട തുക സ്‌ക്രീനില്‍ തെളിയും. പണം നിക്ഷേപിക്കേണ്ട ഭാഗത്ത് പച്ച വെളിച്ചം വന്നാല്‍ നോട്ടുകള്‍ ഓരോന്നായി നിക്ഷേപിക്കണം. ആവശ്യമായ മുഴുവന്‍ നോട്ടുകളും നിക്ഷേപിച്ചുകഴിയുമ്പോള്‍ തുക കംപ്യൂട്ടറില്‍ തെളിയും. ഓകെ ബട്ടണ്‍ പ്രസ് ചെയ്താല്‍ രസീത് ലഭിക്കും. ചെക്ക് നല്‍കുമ്പോള്‍ മെഷീന്‍ സ്‌കാന്‍ ചെയ്ത് സ്‌ക്രീനില്‍ ദൃശ്യമാക്കും.
സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന പ്രത്യേകതയുമുണ്ട്. ബില്‍ തുകയെക്കാള്‍ കൂടുതല്‍ അടച്ചാല്‍ അധികരിച്ച തുക അടുത്ത ബില്ലില്‍ കുറവുവരുത്തും. ബില്‍ അടയ്ക്കുന്നയാളിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മെഷീനില്‍ ക്യാമറയുണ്ട്. സ്‌പോട്ട് ബില്ലിങ് മെഷീന്‍ (എസ്ബിഎം) ഉപയോഗിച്ച് മീറ്റര്‍ റീഡിങ് നടത്തി നല്‍കുന്ന ബില്ലുകളും സിഡിഎം സ്വീകരിക്കും.

Leave a Reply