Home » ഇൻ ഫോക്കസ് » കോഴിക്കോട്ട് കോടതിയിലും വിലക്ക്;മാധ്യമ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കോഴിക്കോട്ട് കോടതിയിലും വിലക്ക്;മാധ്യമ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കോഴിക്കോട് കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. കോടതിയില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഐസ്ക്രീം കേസ് പരിഗണിക്കുന്ന ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.

ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ ടൗണ്‍ സ്റ്റേഷനിലേക്കു കൊണ്ടുപോയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ബിനുരാജ് പറയുന്നു. സ്റ്റേഷനില്‍ വെച്ച് ചാനലിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് കോടതിയിലെത്തിയത്. എന്നാല്‍ കോടതി വളപ്പിലേക്കു കടക്കാന്‍ പോലും പോലീസ് അനുവദിച്ചില്ല. ടൗണ്‍ സ്റ്റേഷന്‍ എസ്.ഐ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. ഷര്‍ട്ടിന്റെ കോളറയ്ക്കു പിടിച്ച് ബലം പ്രയോഗിച്ചാണ് പോലീസ് ഞങ്ങളെ കസ്റ്റഡിയിലെടുത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പോലീസിന്റെ നീക്കം.’ ബിനു രാജ് പറയുന്നു.

മാധ്യമപ്രവര്‍ത്തകരെ കോടതിയിലേക്കു പ്രവേശിപ്പിക്കരുത് എന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞതെന്നും ബിനുരാജ് പറഞ്ഞു. ചില ചാനലുകളുടെ ലൈവ് റിപ്പോര്‍ട്ടിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.

Leave a Reply