കരിപ്പൂര്‍ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് പുതിയ പാക്കേജ് പ്രഖ്യാപിച്ചു. സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് സെന്റിന് മൂന്നു മുതല്‍ 10 ലക്ഷം വരെ നൽകും . തദ്ദേശ സ്വയംവകുപ്പ് മന്ത്രി കെ.ടി. ജലീലി അധ്യക്ഷതയില്‍ മലപ്പുറം കലക്ടറേറ്റില്‍ ചേര്ന്േന യോഗത്തിലാണ് പുതിയ തീരുമാനം.
വിഷയം പഠിക്കാന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സിയെ ഉടന്‍ നിയോഗിക്കും. ഭൂമി വിട്ട് നല്കാന് തയ്യാറായവരിൽ നിന്നും സ്ഥലം ഏറ്റെടുത്ത് രജിസ്ട്രേഷനും പണവും കൈമാറാനും യോഗത്തില്‍ ധാരണയായി. 150 അടി താഴ്ചയുള്ള ഭൂമി മണ്ണിട്ട് നികത്താനുള്ള ചെലവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും പഠിക്കുന്നതായിരിക്കും സമിതിയുടെ ചുമതല. 1463 കോടി സ്ഥലമേറ്റെടുന്നതിനായും പുനരധിവാസത്തിനായും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.
ഭൂമി നല്കാന് സമ്മതപത്രം നല്കിയ 100 പേരില്‍ നിന്നും ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ തുടങ്ങും. രജിസ്ട്രേഷന് നടക്കുമ്പോള്‍ തന്നെ നഷ്ടപരിഹാര തുക കൈമാറും. മൂന്ന് മുതല്‍ 10 ലക്ഷം വരെയാണ് സ്ഥലത്തിനനുസരിച്ച് നല്‍കുക. വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക നഷ്ടപരിഹാരം നല്‍കും. ഭൂമി നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന 100 ഏക്കര്‍ സ്ഥലം പ്രത്യേക ടൗണ്‍ ഷിപ്പായി വികസിപ്പിച്ച് അടിസ്ഥാനസൗകര്യങ്ങളൊരുക്കും.
വിമാനത്താവളത്തിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് ഈ ഭൂമിയേറ്റെടുത്ത് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നത്. ഭാവിയില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി കരിപ്പൂരിനെ മാറ്റും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി.