Home » ന്യൂസ് & വ്യൂസ് » കരിപ്പൂരില്‍ വലിയ വിമാനമിറങ്ങാന്‍ അനുമതി നിഷേധിക്കില്ല : കേന്ദ്രവ്യോമയാന മന്ത്രി

കരിപ്പൂരില്‍ വലിയ വിമാനമിറങ്ങാന്‍ അനുമതി നിഷേധിക്കില്ല : കേന്ദ്രവ്യോമയാന മന്ത്രി

ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി റണ്‍വേ വികസനം കഴിഞ്ഞാലുടന്‍ കോഴിക്കോട് കരിപ്പൂര് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു. കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മലബാര്‍ മേഖലയില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ സംഘം കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
കോഴിക്കോട് നിന്നും കോയമ്പത്തൂര്‍-ബോംബെ വഴി ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് പുനരാംഭിക്കുന്നകാര്യം പരിഗണിക്കാമെന്നും മന്ത്രി  ഉറപ്പ് നല്‍കി. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്തത് മൂലം പ്രവാസി മലയാളികളും , ഹജ്ജ് തീര്‍ത്ഥാടകരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പലര്‍ക്കും ഇതുമൂലം നെടുമ്പാശേരി അടക്കമുള്ള വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
 
ഈ പശ്ചാത്തലത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി താല്‍ക്കാലികമായി പുന:സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം എം.പിമാര്‍ മുന്നോട്ടുവച്ചു. കോഴിക്കോട് വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിലെ സ്ഥലവും അന്താരാഷ്ട്ര സര്‍വീസിനായി ഉപയോഗപ്പെടുത്താമെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിമാനാത്താവള വികസനം പൂര്‍ത്തിയാക്കിയ ശേഷം ഇത് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കാമെന്ന് മന്ത്രി എം.പിമാരെ അറിയിക്കുകയായിരുന്നു.
 
വിമാനത്താവള റണ്‍വേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു. വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാമെന്നും സംസ്ഥാന സര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാമെന്നും മന്ത്രി അറിയിച്ചു. വ്യോമയാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ച ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും വിമാനത്താവളം നേരിടുന്ന വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിയുടെ ഇടപെടല്‍ സഹായകരമാകുമെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം എം.കെ.രാഘവന്‍ എം.പി പറഞ്ഞു. എം.പിമാരായ ഇ.അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ.രാഘവന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

Leave a Reply