Home » നമ്മുടെ കോഴിക്കോട് » മാധ്യമങ്ങളില്ലാത്ത സമൂഹം ജനാധിപത്യം തിരസ്കരിക്കപ്പെടുന്ന സമൂഹമാണ്..” കോടതിയുടെ ഉടമസ്ഥർ അഭിഭാഷകർ അല്ല” സ്പീക്കർ !!!

മാധ്യമങ്ങളില്ലാത്ത സമൂഹം ജനാധിപത്യം തിരസ്കരിക്കപ്പെടുന്ന സമൂഹമാണ്..” കോടതിയുടെ ഉടമസ്ഥർ അഭിഭാഷകർ അല്ല” സ്പീക്കർ !!!

കോടതിയുടെ ഉടമസ്ഥരാണ് തങ്ങളെന്ന് അഭിഭാഷകര്‍ ധരിക്കരുതെന്നും അറിയാനുള്ള അവകാശം തടയാനോ ചോദ്യംചെയ്യാനോ ആര്‍ക്കും അധികാരമില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കലിക്കറ്റ് പ്രസ്ക്ളബ്ബിന്റെ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന വിശ്വാസ്യത നിലനിര്‍ത്താനും തിരിച്ച് നല്‍കാനുമുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. ബ്രേക്കിങ് ന്യൂസുകളുടെ പ്രളയത്തില്‍ അത് നഷ്ടമാകുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
കോടതികളുടെ പരമാധികാരം തങ്ങള്‍ക്കാണ് എന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ടെങ്കില്‍ അത് തിരുത്താനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന അറിയാനുള്ള അവകാശത്തിനുമീതെ പറക്കുന്ന പരുന്തുകളെ നിയന്ത്രിക്കാനും താഴെയിറക്കാനുമുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ട്. ഇക്കാര്യത്തില്‍ ജുഡീഷ്യറി ഒളിച്ചുകളിക്കുന്നത് ശരിയല്ല.
മാധ്യമങ്ങളില്ലാത്ത സമൂഹം ജനാധിപത്യം തിരസ്കരിക്കപ്പെടുന്ന സമൂഹമാണ്. കോടതികളില്‍ എന്ത് നടക്കുന്നു, എന്ത് തീരുമാനങ്ങളെടുത്തു എന്നറിയാന്‍ ജനത്തിന് അവകാശമുണ്ട്. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ ചെയ്ത തെറ്റിന്റെ പേരില്‍ സമൂഹത്തിന്റെയാകെ അറിയാനുള്ള അവകാശത്തിന് മുകളില്‍ കയറിയിരിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയിട്ടും ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന നിലയില്‍ ജുഡീഷ്യറിയുടെ തലപ്പുത്തള്ളവര്‍ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. മാധ്യമ പ്രവര്‍ത്തനം ഊര്‍ജസ്വലമായി നിലനില്‍ക്കുന്ന സമൂഹത്തില്‍ മാത്രമേ ജനാധിപത്യം പുഷ്കലമാകൂ.
മാധ്യമങ്ങളുടെ സാന്ദ്രത വര്‍ധിക്കുന്നത് ജനാധിപത്യം കൂടുതല്‍ പുഷ്കലമാകുന്നതിന്റെ ലക്ഷണമാണ്. ജനാധിപത്യം എന്നാല്‍ വാക്കോ വോട്ടോ അല്ല. അനുനിമിഷം വികസിക്കുന്ന പ്രക്രിയയാണ്. അനന്ത സാധ്യതകളുള്ള ജല സംഭരണിയാണ്. ആ സാധ്യതകളിലേക്ക് വഴി തെളിക്കുകയാണ് മാധ്യമങ്ങളുടെ കടമ.
സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കാന്‍ നിയമനിര്‍മാണം നടത്തുകയാണ് ഭരണകൂടത്തിന്റെ ജോലി. അതിന് സാമൂഹ്യസമ്മര്‍ദം സൃഷ്ടിക്കുന്ന ഉപകരണമാണ് മാധ്യമങ്ങള്‍.
വാര്‍ത്തകള്‍ ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്നു. അവരതില്‍ ഒരുപാട് വിശ്വാസമര്‍പ്പിക്കുന്നു. എന്നാല്‍ വാര്‍ത്തകളില്‍ അത് നഷ്ടമാകുന്നുണ്ടോ എന്ന ആത്മപരിശോധന മാധ്യമപ്രവര്‍ത്തകരും നടത്തണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യഭീതിയാണ് മാധ്യമങ്ങള്‍ സൃഷ്ടിച്ചത്. ഉല്‍പ്പാദിപ്പിക്കുന്ന വാര്‍ത്തയുടെ തുടര്‍ച്ച തേടി പോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കണം. മാധ്യമമേഖലയില്‍ നിലനില്‍ക്കുന്ന പരിമിതികള്‍ മറികടക്കാന്‍ ശേഷിയുള്ളവരാണ് മാധ്യമലോകവും മാധ്യമപ്രവര്‍ത്തകരുമെന്നും സ്പീക്കര്‍ പറഞ്ഞു.

Leave a Reply