Home » ന്യൂസ് & വ്യൂസ് » തൊഴിലാളികളും കാത്തിരിക്കുന്നു ..കരിപ്പൂരിന്റെ വികസനത്തിനായി

തൊഴിലാളികളും കാത്തിരിക്കുന്നു ..കരിപ്പൂരിന്റെ വികസനത്തിനായി

വറുതിയുടെ കാലം അകലുന്നതിന്റെ ഇരമ്പത്തിന് കാതോര്‍ത്തിരിക്കയാണ് വിമാനത്താവളത്തിലെ നൂറുകണക്കിന് തൊഴിലാളികള്‍. വിമാനത്താവളത്തിന്റെ തകര്‍ച്ച ഇവരുടെ കഞ്ഞികുടിയാണ് മുട്ടിച്ചത്. വികസനത്തിനാവശ്യമായ ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആകര്‍ഷകമായ പാക്കേജാണ് ഇവരുടെ പ്രതീക്ഷക്ക് അടിസ്ഥാനം.
വിമാനത്താവളം വികസിക്കുന്നതോടെ ഇവരുടെ തൊഴില്‍ സംരക്ഷിക്കപ്പെടുന്നതോടൊപ്പം കൂടുതല്‍ തൊഴിലവസരവും കൈവരും. തദ്ദേശീയര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നതും തൊഴിലാളികളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. വികസനത്തിനായി ഭൂമി നല്‍കുന്നവര്‍ക്കും തൊഴില്‍മേഖലയില്‍ പ്രാതിനിധ്യം കിട്ടിയേക്കും.
ശുചീകരണമേഖലയില്‍ മാത്രം ഇരുനൂറോളം തൊഴിലാളികളുണ്ട്. ടെര്‍മിനലിനകത്തെയും പുറത്തെയുംമുതല്‍ വിമാനത്തിനകത്തെ ശുചീകരണംവരെ ഇതില്‍പെടും. ഇരുപതും ഇരുപത്തഞ്ചും വര്‍ഷമായ തൊഴിലാളികള്‍ വരെയുണ്ട്. തുഛവേതനം മാത്രം ലഭിക്കുന്ന ഇവര്‍ തൊഴില്‍ ഭീഷണിയിലാണ്. വലിയ വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ തൊഴില്‍ദിനങ്ങള്‍ കുറഞ്ഞു. ഇനി വലിയ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ മാത്രമേ മതിയായ തൊഴിലവസരം ലഭിക്കൂ.
വികസനം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിമാനസര്‍വീസുകളും കരിപ്പൂരില്‍നിന്ന് തുടങ്ങും. വിദേശ വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ നിരവധി തവണ കേന്ദ്ര വ്യോമയാനമന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാല്‍, കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അസൌകര്യം ചൂണ്ടിക്കാട്ടിയാണ് സര്‍വീസ് നിഷേധിച്ചത്. കൂടുതല്‍ സര്‍വീസ് തുടങ്ങുന്നതോടെ കൂടുതല്‍ തൊഴിലവസരവും ഉണ്ടാകും.
വിമാനത്താവളത്തിലെ ടാക്സി മേഖലയില്‍ പണിയെടുക്കുന്നവരും പ്രതിസന്ധിയിലാണ്. രണ്ടുംമൂന്നും ദിവസംവരെ വാഹനത്തിന് ഓട്ടമില്ലാതെ മടങ്ങേണ്ട സ്ഥിതിയുണ്ട്. കരിപ്പൂരിന്റെ വികസനത്തിന് കാതോര്‍ക്കുകയാണ് ഇവരും.

Leave a Reply