Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » ‘അങ്കണവാടികളിൽ ഇനി അങ്കണപ്പൂമഴ’

‘അങ്കണവാടികളിൽ ഇനി അങ്കണപ്പൂമഴ’

അങ്കണവാടികളില്‍ കൊച്ചുകൂട്ടുകാര്‍ക്ക് അറിവിന്റെ ആകാശത്തിലേക്ക് പാറിപ്പറക്കാനുള്ള കുഞ്ഞു ചിറകായി ‘അങ്കണപ്പൂമഴ’ എത്തി. കളിയും ചിരിയും പഠനവും ലക്ഷ്യമിട്ട് സാമൂഹ്യ നീതിവകുപ്പാണ് കുട്ടികള്‍ക്കായി ‘അങ്കണപ്പൂമഴ’ പാഠപുസ്തകം തയ്യാറാക്കിയത്.
സംസ്ഥാനത്തെ 258 പ്രോജക്ടുകള്‍ക്ക് കീഴിലുള്ള 33,115 അങ്കണവാടികളിലെ കുരുന്നുകൈകളില്‍ ബഹുവര്‍ണ പുസ്തകമെത്തി. അങ്കണത്തൈമാവ് എന്ന വര്‍ക്കര്‍മാര്‍ക്കുള്ള വര്‍ക്ക് ബുക്കും ഒരുങ്ങുന്നുണ്ട്. ഭാഷ, വൈജ്ഞാനികം, സര്‍ഗാത്മകത, സാമൂഹികം, വൈകാരികം എന്നീ അഞ്ച് തലങ്ങളുടെ വികാസം അടിസ്ഥാനമാക്കിയാണ് പുസ്തകം തയ്യാറാക്കിയത്.
മാസത്തില്‍ രണ്ട് പാഠഭാഗങ്ങളും ഒരു ഉപ പാഠഭാഗവും ഉള്‍പ്പെടെ വര്‍ഷത്തില്‍ 36 പാഠഭാഗങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചത്. കളി, ഭാഷാ പരിചയം, കഥ, പാട്ട്, കടങ്കഥ, ചിത്രം വരയല്‍ എന്നിവയാണ് പ്രധാന പഠന പ്രവര്‍ത്തനം. പഴങ്ങളും പച്ചക്കറികളും മൃഗങ്ങളും പക്ഷികളും മഴയും വെയിലും കാടും പുഴയുമെല്ലാം വര്‍ണങ്ങളായും ചിത്രങ്ങളായും കൊച്ചുമനസ്സുകളില്‍ നിറയും.
വരയിലൂടെ അക്കങ്ങളും അക്ഷരങ്ങളും ഹൃദിസ്ഥമാക്കാനുള്ള മാസ്മരികതയും പുസ്തകത്തിലുണ്ട്. കുട്ടികളുടെ ഭാഷാ–ഗണിത–പരിസര ധാരണകള്‍ വളര്‍ത്താന്‍ പുസ്തകം സഹായിക്കും. അമ്മ അറിയാന്‍ എന്ന വിലയിരുത്തല്‍ രേഖയും അങ്കണവാടികളിലെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടാകും.
അമ്മമാരെ ഉള്‍പ്പെടുത്തി മൂന്നാം ശനിയാഴ്ച കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളും സര്‍ഗശേഷിയും വിലയിരുത്തുന്ന അവലോകനയോഗവും  ചേരും. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം നേടിയ 23പേര്‍ അടങ്ങിയ കമ്മിറ്റിയാണ് അങ്കണപ്പൂമഴ തയ്യാറാക്കിയത്.

Leave a Reply