Home » ന്യൂസ് & വ്യൂസ് » കൊണ്ടോട്ടിയെയും പൊന്നാനിയെയും ഏറനാട്ടിനെയും നിങ്ങൾ എന്തുചെയ്തു?

കൊണ്ടോട്ടിയെയും പൊന്നാനിയെയും ഏറനാട്ടിനെയും നിങ്ങൾ എന്തുചെയ്തു?

 

മലബാറിലെ മാപ്പിളസമുദായത്തിന്റെ മതേതരമായ ബഹുസ്വരതയുടെ അടയാളങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന മാപ്പിള കലകള്‍, ആചാരാനുഷ്ഠാനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോട് തീര്‍ത്തും അസഹിഷ്ണുത പുലര്‍ത്തുകയും, അവയുടെ ദാരുണമായ തുടച്ചുനീക്കലുകള്‍ക്ക് ചുക്കാന്‍പിടിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെയാണ് ഫാസിസത്തിനെതിരായ ഐക്യമുന്നണിക്ക് രൂപം കൊടുക്കാനാവുക./ഏറനാടൻ

 

ചിന്തിക്കുന്നവര്‍ക്ക് മാത്രമല്ല, പോരാടുന്നവര്‍ക്കും എല്ലാറ്റിലും ദൃഷ്ടാന്തങ്ങളുണ്ടാകണം. 1920 കളില്‍ മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും തോളോട് തോള്‍ചേര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ ചരിത്രം  ഓര്‍മ്മിക്കപ്പെടാതെ പോകരുത്. പ്രത്യേകിച്ചും, കേരളം മനുഷ്യസംഗമം എന്ന ഒരു ഫാസിസത്തിനെതിരായ ഒരു ഐക്യകൂട്ടായ്മക്കും, അതിന് ബദലായി അമാനവ സംഗമം എന്ന കൂട്ടായ്മയ്ക്കും സാക്ഷ്യം വഹിക്കുമ്പോള്‍ നാം അല്‍പമെങ്കിലും ചരിത്രബോധമുള്ളവരാകേണ്ടിയിരിക്കുന്നു.

1921 -ല്‍അന്നത്തെ ഏറ്റവും സുശക്തമായ ആയുധം എന്ന നിലയില്‍ മതഗ്രന്ഥം കയ്യിലേന്തി ബ്രിട്ടനെതിരെ പടപൊരുതിയ മലബാറിലെ വിശേഷിച്ചും ഏറനാട്ടിലെ മാപ്പിളസഖാക്കള്‍ക്കൊപ്പം തന്നെ,  ഒരേ സമയം ജന്മിത്വത്തിന്റെയും ജാതി ഭ്രാന്തിന്റെയും ഇരകളാക്കപ്പെട്ട ദളിത് കുടിയാന്മാരും സമരമുന്നണിയില്‍ ഉണ്ടായിരുന്നു എന്ന വസ്തുത വിസ്മരിച്ചുകൂടാ.

ഖിലാഫത്ത് പ്രസ്ഥാനം മതപരമായിരുന്നു എങ്കിലും സാമ്രാജ്യത്വത്തിനെതിരായ സംഘടിതമായ നടത്തപ്പെട്ട ആ സമരത്തിന്റെ സാരംശവും, പോരായ്മയും എല്ലാം വിലയിരുത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കയ്യൂര്‍സമരത്തിനായി പുറത്തിറക്കിയ ‘ആഹ്വാനവും താക്കീതും എന്ന കമ്മ്യൂണിക്കൈ ഇന്നും പ്രസക്തമാണ്. കാരണം ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ചെറുതും വലുതുമായ പോരാട്ട ശ്രേണിയിലെ അവസാനത്തേതായ 1921-ലെ പൂക്കോട്ടൂര്‍യുദ്ധത്തിനുശേഷം,  ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ ഏറനാട്ടില്‍നിന്നും വള്ളുവനാട്ടില്‍നിന്നുമുള്ള പങ്കാളിത്തം  വട്ടപ്പൂജ്യമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തിയിട്ടുള്ളതാണ്. അതിനെ പലകാരണങ്ങള്‍ ഉണ്ടാകാം. പക്ഷേ വിശാലതാല്‍പര്യമുള്ളതും മൂലധനാധിഷ്ഠിതവുമായ മുതലാളിത്ത സാമ്രാജ്യത്വത്തിനെതിരെ പോരാടാന്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെടുന്ന കൂട്ടായ്മകള്‍ക്കും പ്രസ്ഥാനത്തിനും സാധിക്കില്ല.

മനുഷ്യസംഗമത്തിനുള്ള ആഹ്വാനവും അമാനവസംഗമത്തിനുള്ള താക്കീതും

” മലബാര്‍കലാപത്തിന്റെ ആരോഗ്യകരമായ ജന്മിവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായ പൈതൃകത്തെ മുന്നോട്ടുകൊണ്ടുപോകണം എന്ന ആഹ്വാനവും, പിന്നീടതില്‍ പ്രത്യക്ഷപ്പെട്ട അനാരോഗ്യകരമായ വര്‍ഗീയതയെ വര്‍ജിക്കണം”

(ആഹ്വാനവും താക്കീതും)

സമൂഹത്തിലെ ബഹുസ്വരതയെ വിശേഷിച്ചും സ്വസമുദായത്തിലെ മതേതരസങ്കല്‍പങ്ങളെ ഹനിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എങ്ങനെയാണ് ഫാസിസത്തിനെതിരായ ഐക്യമുന്നണി രൂപപ്പെടുത്താനാവുക. മലബാറിലെ മാപ്പിളസമുദായത്തിന്റെ മതേതരമായ ബഹുസ്വരതയുടെ അടയാളങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന മാപ്പിള കലകള്‍, ആചാരാനുഷ്ഠാനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോട് തീര്‍ത്തും അസഹിഷ്ണുത പുലര്‍ത്തുകയും, അവയുടെ ദാരുണമായ തുടച്ചുനീക്കലുകള്‍ക്ക് ചുക്കാന്‍പിടിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെയാണ് ഫാസിസത്തിനെതിരായ ഐക്യമുന്നണിക്ക് രൂപം കൊടുക്കാനാവുക. മാപ്പിളപ്പാട്ടുകള്‍, ഒപ്പന, നേര്‍ച്ചകള്‍ എന്നിവയോട് ജമാ-അത്തെ ഇസ്ലാമി, പോപ്പുലര്‍ഫ്രണ്ട് എന്നീ സംഘടനകള്‍വച്ച് പുലര്‍ത്തുന്ന അസഹിഷ്ണുത കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ. മതത്തിനകത്തുനിന്നുപോലും മതേതരമായ കൂട്ടായ്മകള്‍ക്ക് ഇടം ഉണ്ടായിരുന്ന മാപ്പിളസംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളായിരുന്ന കൊണ്ടോട്ടിയിലും, പൊന്നാനിയിലും എന്നുവേണ്ട ഏറനാട്ടിലും വള്ളുവനാട്ടിലും പെരുമ്പടപ്പിലുമെല്ലാം നിലനിന്ന മതേതര സംസ്‌കാരിക വേദികളെ യാഥാസ്ഥികതയുടെ പേരില്‍ അപ്രത്യക്ഷമാക്കി. മുമ്പെങ്ങുമില്ലാത്ത വിധം മതങ്ങള്‍ തമ്മിലുള്ള സാംസ്‌കാരികവും രാഷ്ട്രീയപരവുമായ വിടവുകള്‍ക്ക് ആക്കം കൂട്ടി. ഫലത്തില്‍ ആരെയാണ് സഹായിച്ചത്?

പ്രാചീന കേരളചരിത്രത്തിലേക്ക് വെളിച്ചം വീശാന്‍ കെല്‍പ്പുള്ള  മാപ്പിളസാഹിത്യകൃതികള്‍ മതത്തിന്റെ വേലിക്കകത്ത് ഒതുക്കിനിര്‍ത്തുംവിധമുള്ള ചില യാഥാസ്ഥിതി മതസംഘടനകളുടെ നിലപാടുകള്‍ കേരളത്തിന്റെ ചരിത്ര രചനകളുടെ ബ്രാഹ്മണിക്കല്‍മേല്‍ക്കോയ്മകള്‍ തുടരാന്‍ കാരണമായെന്നതും വസ്തുതകളാണ്. ചുരുക്കത്തില്‍ ഇസ്ലാമിക സംഘടകളെ അവരുടെ സ്വത്വബോധത്തെ പേരില്‍ത്തന്നെ മനുഷ്യസംഗമത്തിലേക്ക് സ്വാഗതം  ചെയ്യണം എന്ന വാദത്തെ എങ്ങനെയാണ് വകവെച്ചുകൊടുക്കാനാവുക.  മതത്തിന്റെ ചട്ടക്കൂടിനകത്ത് നിന്നും പുറത്തുചാടി മതേതരമായ പരിവര്‍ത്തിപ്പിക്കപ്പെട്ട ഉത്സവങ്ങളോടും കലകളോടും തികഞ്ഞ അസഹിഷ്ണുത പുലര്‍ത്തുന്ന ഇസ്ലാമിക സംഘടകള്‍ക്ക് എങ്ങനെയാണ് ആഗോളമുതലാളിത്തത്തിന്റെ വൈതാളികരായ ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കാനാവുക. മതപരമായ സംഘടനാ നിലപാടുതറയില്‍നിന്നുകൊണ്ട് അവര്‍ക്ക് എങ്ങനെയാണ്  മതത്തിന്റെ പേരിലുള്ള പ്രഖ്യാപിത ഫാസിസത്തെ ചെറുക്കാനാകുക. മതം ഒന്നിനും ഒരു തടസ്സമായി ആരും ചൂണ്ടിക്കാണിച്ചിട്ടില്ല. മതേതരമല്ലാത്ത ആശയാവലികള്‍ പൊതുശത്രുവിനെതിരായ യുദ്ധത്തില്‍ ഫലപ്രദമാകില്ലെന്ന് മലബാര്‍കലാപം നമ്മോട് പറഞ്ഞുവെച്ചിട്ടുണ്ട്.  ഫാസിസത്തിന് പിറകില്‍ മതതാല്‍പര്യത്തേക്കാള്‍ഏറെ ആഗോള മുതലാളിത്ത സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് ആര്‍ക്കാണറിയാത്തത്.

” മുതലാളിത്ത സമൂഹത്തില്‍ജനങ്ങള്‍ഭരിക്കപ്പെടുന്നത് പ്രത്യക്ഷമായ അടിച്ചമര്‍ത്തലുകളിലൂടെ മാത്രമല്ല, ക്യാപിറ്റലിസത്തിന്റെ ദര്‍ശനങ്ങളിലൂടെയുമാണ്. ബലപ്രയോഗത്തിലൂടെയും പൊതുസമ്മതത്തിലൂടെയും മുതലാളിത്തം നേടിയെടുക്കുന്ന ഹെജിമണി (മേല്‍കോയ്മ) തകര്‍ത്തുകൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിന്റേതായ ഹെജിമണി സ്ഥാപിക്കപ്പെടണം ” – അന്റോണിയോ ഗ്രാംഷിയുടെ ഈ വിലയിരുത്തല്‍ മനുഷ്യസംഗമത്തിനുള്ള ആഹ്വാനമാണ്. തീരുന്നില്ല, അദ്ദേഹത്തിന്റെ ഫാസിസത്തെക്കുറിച്ചുള്ള അഭിപ്രായം –  ” മുതലാളിത്ത പ്രതിസന്ധി മൂടിവെയ്ക്കാനുള്ള ഒരു ഉപാധി എന്ന നിലയ്ക്കാണ് ഫാസിസം എന്ന പ്രതിഭാസത്തെ നിരീക്ഷിക്കേണ്ടത് ”  എന്നത് അമാനവസംഗമത്തിനുള്ള താക്കീതുകൂടിയാണ്.

ഈ സാഹചര്യത്തില്‍ ഇരു സംഗമവും. ദിമിത്രോവ് ഫാസിസത്തിനെതിരായ ഐക്യമുന്നണി തീര്‍ച്ചയായും പുനര്‍വായനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. കാരണം ദിമിത്രോവിന്റെ നേതൃത്വത്തില്‍ ട്രേഡ് യൂണിയനുകളുടെയും, സ്ത്രീകളുടെയും, യുവാക്കളുടെയും മുന്നണിപ്പടയെ കണ്ണിചേര്‍ത്തുകൊണ്ട് ഫാസിസത്തിനെതിരെ എക്യമുന്നണി രൂപീകരിക്കപ്പെട്ട ചരിത്രസന്ദര്‍ഭത്തിനു സമാനമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം.

 

 

 

Leave a Reply