Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » മോഹന്‍ലാലിന് ആദരവുമായി ‘മോഹനം-2016’ കോഴിക്കോട്

മോഹന്‍ലാലിന് ആദരവുമായി ‘മോഹനം-2016’ കോഴിക്കോട്

മലയാളത്തിന്റെ മഹാനടന് കോഴിക്കോടിന്റെ ആദരം. മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ അഭിനയജീവിതത്തിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനായി ഒരുക്കിയ ‘മോഹനം-2016’ ആഗസ്ത് 15-ന് അരങ്ങിലെത്തും.

ചലച്ചിത്രലോകത്തെ പ്രധാന വ്യക്തികളെല്ലാം അണിനിരക്കുന്ന മൂന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടി കോഴിക്കോട് സ്വപ്നനഗരിയിലാണ് അരങ്ങേറുക. വൈകിട്ട് ആറുമണിക്ക് ആരംഭിക്കും. കാരുണ്യപ്രവര്‍ത്തനം ലക്ഷ്യംവെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതുവഴി ലഭിക്കുന്ന തുക വിഷമതകള്‍ അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് നല്കാനാണ് തീരുമാനം. ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ മുതല്‍ വെള്ളിയാഴ്ച വെള്ളിത്തിരയിലെത്തിയ ‘വിസ്മയം’ വരെയുള്ള 320-ലധികം ചിത്രങ്ങളില്‍ മറക്കാനാവാത്ത കഥാപാത്രങ്ങളെ വിശ്വസ്തതയോടെ ലാലിനെ ഏല്പിച്ച നിരവധി സംവിധായകരുണ്ട്. ലാല്‍ അഭിനയിച്ചുഫലിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവരില്‍ പ്രമുഖരായ 11 സംവിധായകരിലൂടെയാണ് ‘മോഹനം-2016’ മുന്നോട്ടുപോകുന്നത്. അവര്‍ ലാലിനൊപ്പമുള്ള അനുഭവങ്ങളും ഓര്‍മകളും പങ്കുവെക്കും. ലാല്‍ അഭിനയിച്ച ഗാനരംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാനങ്ങളും നൃത്തവുമുണ്ടാവും.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനായും പി.വി. ഗംഗാധരന്‍, എം. ഭാസ്‌കരന്‍, മാമുക്കോയ, വി.എം. വിനു എന്നിവര്‍ വൈസ് ചെയര്‍മാന്മാരായും രഞ്ജിത്ത് ജന. കണ്‍വീനറായുമുള്ള സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്. കളക്ടര്‍ എന്‍. പ്രശാന്ത് ഐ.എ.എസ്. ചീഫ് കോ-ഓര്‍ഡിനേറ്ററായിരിക്കും. കെ.ആര്‍. പ്രമോദ് (കോ-ഓര്‍ഡിനേറ്റര്‍), ഷാജൂണ്‍ കാര്യാല്‍, വേണുഗോപാല്‍, എന്‍.സി. അബൂബക്കര്‍, സുധീര്‍ അമ്പലപ്പാട്, ജയദേവന്‍ (കണ്‍വീനര്‍), ജി.എസ്. വിജയന്‍ (ഷോ ഡയറക്ടര്‍), തേജ് മെര്‍വിന്‍ (മ്യൂസിക് കോ-ഓര്‍ഡിനേഷന്‍).

Leave a Reply