Home » ഇൻ ഫോക്കസ് » തിരക്കഥാകൃത്ത് ടി.എ.റസാഖിന് ആദരാഞ്ജലികൾ.. ശവസംസ്‌കാരം ഉച്ചയ്ക്ക് കൊണ്ടോട്ടിയില്‍

തിരക്കഥാകൃത്ത് ടി.എ.റസാഖിന് ആദരാഞ്ജലികൾ.. ശവസംസ്‌കാരം ഉച്ചയ്ക്ക് കൊണ്ടോട്ടിയില്‍

തിരക്കഥാകൃത്തും എഴുത്തുകാരനുമായ ടി.എ.റസാഖ് (58) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ആയിരുന്നു അന്ത്യം .
ഒരുമാസത്തോളമായി കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്നു. റസാഖ് ഉള്‍പ്പെടെയുള്ള ചലച്ചിത്രപ്രവര്‍ത്തകരെ സഹായിക്കാന്‍ കോഴിക്കോട്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കലാപരിപാടി അരങ്ങേറുന്നതിനിടെയാണ് നിര്യാണം. സംസ്‌കാരം ചൊവ്വാഴ്ച. മൃതദേഹം കോഴിക്കോട് ടൗണ്‍ഹാളിലും തുടര്‍ന്ന് രാവിലെ പത്തരവരെ മലപ്പുറം കൊണ്ടോട്ടി മൊയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലും പൊതുദര്‍ശനത്തിനുവയ്ക്കും. പതിനൊന്നു മണിക്ക് തുറയ്ക്കല്‍ ജുമാ മസ്ജിദ്ദിലാണ് കബറടക്കം. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് സഹോദരനാണ്.
1987 ല്‍ ധ്വനി എന്ന സിനിമയില്‍ സംവിധായകന്‍ എ.ടി.അബുവിന്റെ സഹായിയായാണ് അരങ്ങേറ്റം കുറിച്ച റസാഖ് പിന്നീട് തിരക്കഥാരചനയിലേക്കു വഴിമാറി. വിഷ്ണുലോകം, രാപ്പകല്‍, കാണാക്കിനാവ്, ഗസല്‍, പെരുമഴക്കാലം, ആയിരത്തില്‍ ഒരുവന്‍ തുടങ്ങിയവയിലൂടെ അദ്ദേഹം ഒട്ടേറെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കി. 2016ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി തിരക്കഥ എഴുതിയ ചിത്രം. ഇടക്കാലത്ത് ചലച്ചിത്ര ഗാനരചനയിലും കൈവച്ചു. 2007ല്‍ പുറത്തിറങ്ങിയ ആകാശം എന്ന സിനിമയിലെ ”മാനത്ത് ചന്തിരനുണ്ടോ…” എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ റസാഖിന്റേതാണ്.
1958 ഏപ്രില്‍ 25ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ടി.എ.ബാപ്പു, വാഴയില്‍ ഖദീജ ദമ്പതികളുടെ മകനായാണ് റസാഖിന്റെ ജനനം. കൊളത്തൂര്‍ എഎംഎല്‍പി സ്‌കൂള്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ കാലത്തുതന്നെ നാടകപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പില്‍ക്കാലത്ത് ‘വര’ എന്ന പേരില്‍ ഒരു സമാന്തര പ്രസിദ്ധീകരണത്തിനും തുടക്കം കുറിച്ചു. കെഎസ്ആര്‍ടിസിയില്‍ ക്ലര്‍ക്കായും ജോലി ചെയ്തിരുന്നു.
നാടോടി, ഘോഷയാത്ര, താലോലം, ഉത്തമന്‍, വാല്‍ക്കണ്ണാടി, വേഷം, ബസ്സ് കണ്ടക്ടര്‍, പരുന്ത്, മായാ ബസാര്‍, പെണ്‍പട്ടണം, സൈഗാള്‍ പാടുകയാണ്, മൂന്നാം നാള്‍ ഞായറാഴ്ച തുടങ്ങിയവയും റസാഖിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ സിനിമകളാണ്.

Leave a Reply