Home » ഇൻ ഫോക്കസ് » മോഹന്‍ലാലിനെ ആദരിക്കല്‍ ചടങ്ങ്; ടിഎ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവച്ചതായി അലി അക്ബര്‍

മോഹന്‍ലാലിനെ ആദരിക്കല്‍ ചടങ്ങ്; ടിഎ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവച്ചതായി അലി അക്ബര്‍

അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മരണവാര്‍ത്ത സിനിമക്കാര്‍ മറച്ചുവച്ചതായി സംവിധായകന്‍ അലി അക്ബര്‍. ഇന്നലെ രാവിലെ 11 മണിക്ക് ടി.എ റസാഖ് മരണപ്പെട്ടെങ്കിലും നടന്‍ മോഹന്‍ലാലിനെ ആദരിക്കുന്ന ‘മോഹനം’ പരിപാടി നടക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത രാത്രി പത്തുമണി വരെ പുറത്തു വിട്ടില്ലെന്നും അലി അക്ബര്‍ പറഞ്ഞു.

റസാഖ് മരണപ്പെട്ട വിവരം സംഘാടകരോട് സംസാരിച്ചിരുന്നെങ്കിലും ഒഴിഞ്ഞ് മാറുകയാണുണ്ടായത്. സ്ഥലം എം.എല്‍.എയോടും മേയറോടും സംസാരിച്ചിരുന്നു. ‘കൂത്ത്’ നടത്താനായി മരണം പോലും മറച്ചുവെച്ചത് ടി.എ റസാഖിനെ അപമാനിച്ചതിന് തുല്യമാണെന്നും അലി അക്ബര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൃതദേഹം വൈകീട്ട് ആറരയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ടിട്ട് പോലും വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. ഭൗതികശരീരം കോഴിക്കോടേക്ക് കൊണ്ടു വരുമ്പോള്‍ സിയാദ് കോക്കറും ഒപ്പം ഉണ്ടായിരുന്നു. റസാഖിന്റെ മരണവാര്‍ത്ത അറിയിക്കാന്‍ കേരളത്തിലെ സിനിമാക്കാര്‍ സിയാദ് കോക്കറിന് അപ്രാപ്യമായിരുന്നോയെന്നും അലിഅക്ബര്‍ ചോദിച്ചു.

ആരും ഇല്ലാത്ത ടൗണ്‍ഹാളിലേക്ക് രാത്രി പന്ത്രണ്ട് മണിയോടെയാണ് ഭൗതിക ശരീരം എത്തിച്ചത്. അല്‍പം നേരത്തെ വിവരം അറിയിച്ചിരുന്നെങ്കില്‍ കോഴിക്കോട് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവസാനമായി അദ്ദേഹത്തെ കാണാന്‍ അവസരം ലഭിക്കുമായിരുന്നു. ‘മോഹനം’ പരിപാടിക്ക് ശേഷം മൃതദേഹത്തിന്റെ ചുറ്റും നിന്ന് ഫോട്ടോയെടുക്കാനാണ് സിനിമാക്കാരെത്തിയതെന്നും അലി അക്ബര്‍ പറഞ്ഞു. വാര്‍ത്ത നേരത്തെ അറിയിക്കാതിരുന്ന മാധ്യമങ്ങളും തെറ്റുകാരാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ളവര്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രസക്തരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply