Home » സാമൂഹികം » മാധ്യമങ്ങളുടെ സ്വാതന്ത്രം വിലമതിക്കപ്പെടണം; വിമര്‍ശനങ്ങള്‍ വസ്തുനിഷ്ഠവുമാകണം: മുഖ്യമന്ത്രി

മാധ്യമങ്ങളുടെ സ്വാതന്ത്രം വിലമതിക്കപ്പെടണം; വിമര്‍ശനങ്ങള്‍ വസ്തുനിഷ്ഠവുമാകണം: മുഖ്യമന്ത്രി

മാധ്യമങ്ങളുടെ വിമര്‍ശിക്കാനുള്ള സ്വാതന്ത്യ്രം വിലമതിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതോടൊപ്പം ആ വിമര്‍ശങ്ങള്‍ വസ്തുനിഷ്ഠമാകണം എന്ന നിര്‍ബന്ധം മാധ്യമങ്ങള്‍ക്കും ഉണ്ടാകണം. അത് ഉറപ്പുവരുത്താനുള്ള ചുമതല മറ്റാരേക്കാളും മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബ സംഗമത്തില്‍ അതിഥിയായി പങ്കെടുത്തതിന് ശേഷം തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇങ്ങിനെ കുറിച്ചത്.

മാധ്യമങ്ങളുടെ വിമര്‍ശനത്തെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ, എതിര്‍പ്പുകളെ അംഗീകരിക്കുമ്പോള്‍ തന്നെ, കഴമ്പില്ലാത്ത ഏതെങ്കിലും എതിര്‍പ്പിന്റെയോ വിമര്‍ശനത്തിന്റെയോ പേരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവര്‍മെന്റ് ജനക്ഷേമ പദ്ധതികളില്‍ നിന്നോ നാടിനെ നയിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നോ പിന്നോട്ടടിക്കില്ല.

സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം ജനാധിപത്യ സമൂഹത്തിന്റെ അഭേദ്യമായ ഘടകമാണ്. നമ്മുടെ സമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി പ്രവര്‍ത്തിക്കാന്‍ തടസ്സം നില്‍ക്കുന്നത് മൂലധന താല്പര്യങ്ങളാണ്. മാധ്യമ ഉടമയുടെ ഇഷ്ടാനിഷ്ടങ്ങളാണ് വാര്‍ത്തയുടെ സ്വഭാവം നിശ്ചയിക്കുന്നത്. അത് കൊണ്ട് തന്നെ, മാധ്യമ പ്രവര്‍ത്തകര്‍ സദാ സമ്മര്‍ദത്തിന്റെ തടവുകാരായി മാറുന്നു. അതേസമയം സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയ ഉത്തരവാദിത്ത മാധ്യമ ഇടപെടല്‍ പ്രോത്സാഹിപ്പിക്കപ്പെടണം.

മത നിരപേക്ഷവും അഴിമതി മുക്തവുമായ വികസിത കേരളം എന്നതാണ് എല്‍ഡിഎഫിന്റെ മുദ്രാവാക്യം. അതാണ് കര്‍മ്മ പദ്ധതിയും. അത് സാക്ഷാത്കരിക്കാനുള്ള പ്രവര്‍ത്തനത്തില്‍ മാധ്യമങ്ങളുടെ പങ്കാളിത്തം പ്രധാനമാണെന്നും പിണറായി പറഞ്ഞു.

Leave a Reply