Home » ന്യൂസ് & വ്യൂസ് » റസാഖിന്റെ മരണം: കോഴിക്കോട്ടെ സ്റ്റേജ് ഷോ വിവാദമാകുന്നു

റസാഖിന്റെ മരണം: കോഴിക്കോട്ടെ സ്റ്റേജ് ഷോ വിവാദമാകുന്നു

തിരക്കഥാകൃത്തും സംവിധായകനുമായ ടി.എ. റസാഖിന്റെ മരണ വിവരം അറിഞ്ഞിട്ടും കോഴിക്കോട്ട് താരങ്ങള്‍ സ്റ്റേജ് ഷോ നടത്തിയത് വിവാദമാകുന്നു. റസാഖിന്റെ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊണ്ടുവരുമ്പോഴും കോഴിക്കോട്ടെ സ്വപ്ന നഗരിയില്‍ സ്റ്റേജ് ഷോ തുടരുകയായിരുന്നു.

ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടങ്ങിയ ശേഷമാണ് സ്റ്റേജ് ഷോ നിര്‍ത്തിവച്ചത്. പ്രശസ്ത താരങ്ങളും മറ്റ് സിനിമാ പ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിയില്‍ റസാഖിന്റെ മരണ വിവരം അറിഞ്ഞിട്ടും ഷോ തുടര്‍ന്നതിനെതിരെ സംവിധായകന്‍ അലി അക്ബര്‍ പൊട്ടിത്തെറിച്ചു. പരിപാട് മുടങ്ങാതിരിക്കാന്‍ റസാഖിന്റെ മരണ വിവരം മനഃപൂര്‍വ്വം മറച്ചുവച്ചുവെന്നും മൃതദേഹത്തെ റോഡരികില്‍ വൈകിപ്പിച്ചു കൊണ്ട് മൃതദേഹത്തോട് കടുന്ന അവഗണന കാണിച്ചുവെന്നും അലി അക്ബര്‍ പറഞ്ഞു.

ടി.എ. റസാഖിനെ ഇങ്ങനെ വിട്ടത് ശരിയായില്ലെന്നും ഇതിന്റെ പേരില്‍ ഞങ്ങള്‍ ഒറ്റപ്പെട്ടാലും പ്രതികരിക്കുമെന്നും അലി അക്ബര്‍ പറഞ്ഞു. മോഹന്‍ലാലിന് ആദരമായി മോഹനം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ടി.എ റസാഖിന്റെ ചികിത്സാര്‍ത്ഥമായിരുന്നു പരിപാടി നടത്തിയതെന്നായിരുന്നു സംഘാടകരുടെ പ്രതികരണം.

പരിപാടി നിര്‍ത്തിവച്ചാലുള്ള സാമ്പത്തിക നഷ്ടം ഇതിന് തിരിച്ചടിയകുമെന്നും ഇവര്‍ വിശദീകരിക്കുന്നു. അതിനിടെ വിഷയത്തില്‍ സംഘാടകരെയും സിനിമാ പ്രവര്‍ത്തകരെയും പിന്തുണച്ച്‌ നടന്‍ സലിംകുമാര്‍ രംഗത്ത്. മൃതദേഹം വൈകിപ്പിച്ച സംഭവത്തില്‍ കോഴിക്കോടെ സിനിമ പ്രവര്‍ത്തകരെയോ കലാകാരന്മാരെയോ താരനിശയുടെ സംഘാടകരേയോ കുറ്റം പറയരുതെന്നാണ് സലീം കുമാര്‍ അഭിപ്രായപ്പെട്ടത്.

ഇത്തരത്തില്‍ സംഭവിച്ചതിനെ പോസിറ്റീവിയി കാണണമെന്നും പരിപാടിയുടെ സംഘാടകരോട് ക്ഷമിക്കുകയും നന്ദി പറയുകയുമാണ് ചെയ്യേണ്ടതെന്നും സലീം കുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ സംഭവിച്ചതിന്റെ ഇരു വശങ്ങളും പരിശോധിക്കണമെന്നും പരിപാടിയിലെ നന്മ തിരിച്ചറിയണമെന്നും സലീം കുമാര്‍ പ്രതികരിച്ചു.

Leave a Reply