Home » ന്യൂസ് & വ്യൂസ് » ടി എ റസാഖിന് കണ്ണീരാദരം

ടി എ റസാഖിന് കണ്ണീരാദരം

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ടി എ റസാഖിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. സാമൂഹ്യ ജീവിതത്തെ മനുഷ്യപ്പറ്റോടെയും പ്രതിബദ്ധതയോടെയും വെള്ളിത്തിരയില്‍ ആവിഷ്കരിച്ച താമരശേരി അബ്ദുള്‍ റസാഖ് (58) തിങ്കളാഴ്ച രാവിലെയാണ് വിടപറഞ്ഞത്. കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി കോഴിക്കോട് ടൌണ്‍ഹാളിലും തുറക്കലിലെ വീട്ടിലും ചൊവ്വാഴ്ച രാവിലെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലുമായി നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി നേര്‍ന്നു. കബറടക്കം ചൊവ്വാഴ്ച രാവിലെ മലപ്പുറം കൊണ്ടോട്ടിക്കടുത്ത് തുറക്കല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഔദ്യാഗിക ബഹുമതികളോടെ നടന്നു.

മൂന്നു പതിറ്റാണ്ടായി മലയാള സിനിമാലോകത്തെ സജീവസാന്നിധ്യമായ ടി എ റസാഖ് തിരക്കഥ, സംവിധാനം, ഗാനരചന, സംഭാഷണം തുടങ്ങി സിനിമയുടെ വ്യത്യസ്ത രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചു. സാമൂഹ്യ പ്രമേയത്തിനും തിരക്കഥക്കുമായി രണ്ടുതവണ ദേശീയ ചലച്ചിത്ര ബഹുമതിക്കും നാലുതവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരത്തിനും അര്‍ഹനായി. കാണാക്കിനാവ്, ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം എന്നിവയാണ് പുരസ്കാരം ലഭിച്ച ചിത്രങ്ങള്‍.

എ ടി അബുവിന്റെ ധ്വനിയില്‍ സഹസംവിധായകനായി സിനിമാരംഗത്തെത്തി. ജി എസ് വിജയന്‍ സംവിധാനം ചെയ്ത ഘോഷയാത്രയാണ് ആദ്യ തിരക്കഥ. ആദ്യം റിലീസ് ചെയ്ത സിനിമ കമലിന്റെ വിഷ്ണുലോകം. ഈ വര്‍ഷമിറങ്ങിയ ‘മൂന്നാം നാള്‍ ഞായറാഴ്ച’യുടെ സംവിധാനവും നിര്‍വഹിച്ചു. ‘സുഖമായിരിക്കട്ടെ’യാണ് അവസാനം തിരക്കഥ എഴുതിയ ചിത്രം. കാണാക്കിനാവിന്(1997) മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. ഈ സിനിമ മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡും നേടി. ആയിരത്തിലൊരുവന്‍ 2002 ലെ മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. ഉത്തമന് മികച്ച തിരക്കഥക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡും ലഭിച്ചു. എന്റെ ശ്രീക്കുട്ടിക്ക്, നാടോടി, അനശ്വരം, ഗസല്‍, ഭൂമിഗീതം, സ്നേഹം, താലോലം, സാഫല്യം, വാല്‍ക്കണ്ണാടി, മാറാത്ത നാട്, വേഷം, മായാബസാര്‍, പരുന്ത്, പെണ്‍പട്ടണം, രാപ്പകല്‍, സൈഗാള്‍ പാടുകയാണ് തുടങ്ങിയ മുപ്പതോളം ചലച്ചിത്രങ്ങള്‍ രചിച്ചു.

1958 ഏപ്രില്‍ 25ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കലില്‍ ടി എ ബാപ്പുവിന്റെയും വാഴയില്‍ ഖദീജയുടെയും മകനായി ജനനം. തിരക്കഥാകൃത്തായിരുന്ന അന്തരിച്ച ടി എ ഷാഹിദ് സഹോദരനാണ്. എട്ടാം ക്ളാസ് മുതല്‍ നാടക പ്രവര്‍ത്തനത്തില്‍ സജീവം. നിരവധി ഏകാങ്ക നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചു. ‘വര’ എന്ന സമാന്തര പ്രസിദ്ധീകരണത്തിനും നേതൃത്വംനല്‍കി. കുറച്ചുകാലം കെഎസ്ആര്‍ടിസിയില്‍ ക്ളര്‍ക്കായിരുന്നു.

സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന റസാഖ്കൊണ്ടോട്ടി, തുറക്കല്‍ പ്രദേശങ്ങളില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിച്ചു. ദീര്‍ഘകാലം സിപിഐ എം തുറക്കല്‍ ബ്രാഞ്ച് സെക്രട്ടറിയും കൊണ്ടോട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. അറിയപ്പെടുന്ന മിമിക്രി കലാകാരനുമായിരുന്നു. കൊണ്ടോട്ടി ഓര്‍ക്കസ്ട്രയിലൂടെ കലാവേദികളില്‍ സജീവമായി.

ഭാര്യമാര്‍: ഖൈറുന്നീസ, ഷാഹിദ. മക്കള്‍: സുനിലാസ്(ദോഹ), സംഗീത, സുനില, അനുഷ്. മരുമകന്‍: ഡോ. ഇമിത് (കൊണ്ടോട്ടി മേഴ്സി ഹോസ്പിറ്റല്‍).

Leave a Reply