Home » ഇൻ ഫോക്കസ് » ഇന്റര്‍നെറ്റ് നാമകരണം അമേരിക്ക കൈമാറി

ഇന്റര്‍നെറ്റ് നാമകരണം അമേരിക്ക കൈമാറി

വെബ്‌സൈറ്റുകളുടെ നാമകരണ സംവിധാനം പൂര്‍ണമായും ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് എന്ന സംഘടനയ്ക്ക് കൈമാറാനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമുയരുന്നു. ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് ഭരണനിര്‍വ്വഹണത്തിന്റെ പ്രധാന പങ്ക് സന്നദ്ധസംഘടനയ്ക്ക് കൈമാറാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചത്.

20 വര്‍ഷമായി അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം, ഒക്ടോബര്‍ 1 മുതലാണ് ലോസ് ആഞ്ചിലസ് കേന്ദ്രമായുള്ള ഐകാന് കൈമാറുക. ഓരോ വെബ്‌സൈറ്റും ഐ.പി (ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍) വിലാസങ്ങളിലാണ് സാങ്കേതികമായി അറിയപ്പെടുക. അക്കങ്ങളുപയോഗിച്ചുള്ള ഐ.പി. അഡ്രസ്സുകളെ www.theindiantelegram.com പോലുള്ള ഡൊമെയ്ന്‍ നെയിമുകളായി മാറ്റുന്ന ഡി.എന്‍.എസ്. റൂട്ടിന്റെ ചുമതലയാണ് ഐകാന് പൂര്‍ണമായും കൈമാറുക.

വെബ്ബ് വിലാസങ്ങള്‍ അനുവദിക്കാനായി 1998 ലാണ് ഐകാന്‍ നിലവില്‍ വന്നത്. വര്‍ഷങ്ങളായി നാമകരണ സംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നത് ഐകാന്‍ ആയതിനാല്‍, ഇപ്പോഴുണ്ടാകുന്ന മാറ്റം ഉപയോക്താക്കള്‍ക്ക് അനുഭവപ്പെട്ടു എന്ന് വരില്ല.

ഇങ്ങനെയൊരു മാറ്റത്തിനാവശ്യമായ നടപടിക്രമങ്ങള്‍ 2014 ല്‍ തന്നെ തീരുമാനിച്ചിരുന്നു. ഐകാന് ഈ ഉത്തരവാദിത്വം വഹിക്കാന്‍ കഴിവുണ്ടെന്ന് പൂര്‍ണമായും തങ്ങള്‍ക്ക് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്ന് അമേരിക്ക പറയുന്നു.

വെബ്ബ് വിലാസങ്ങള്‍ അനുവദിക്കുന്ന ജോലി ഐകാന്‍ ആണ് നിര്‍വഹിക്കുന്നതെങ്കിലും, യു.എസ്.നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷനായിരുന്നു ഇക്കാര്യത്തില്‍ അവസാന വാക്ക്. ഇതാണ് ഒക്ടോബര്‍ ഒന്നിന് മാറുന്നത്. എന്‍ടിഐഎ വഴി യു.എസ് ഭരണകൂടത്തിന് ഇനി ഇന്റര്‍നെറ്റ് നാമകരണത്തില്‍ ഇടപെടാന്‍ കഴിയില്ല.

Leave a Reply