Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് – കണ്ണൂർ യാത്രകൾ ഇനി സുഗമം

കോഴിക്കോട് – കണ്ണൂർ യാത്രകൾ ഇനി സുഗമം

നഗരപാതാ വികസന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കണ്ണൂർ റോഡും ഉൾപ്പെടുത്താൻ തീരുമാനം.മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന നഗരപാതാ വികസന പദ്ധതി ഒന്നാം ഘട്ടം അവലോകന യോഗത്തിൽ എ. പ്രദീപ്കുമാർ എംഎൽഎയുടെ നിർദേശത്തെ തുടർന്നാണ് നടപടി.

ഹെഡ് പോസ്റ്റ് ഓഫിസ് മുതൽ പാവങ്ങാട് വരെയാണ് കണ്ണൂർ റോഡ് വികസിപ്പിക്കുന്നത്. നിലവിൽ നഗരപാതാ വികസനത്തിന്റെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന കണ്ണൂർ റോഡിനെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് രണ്ടാം ഘട്ടത്തിലുൾപ്പെടുത്തണമെന്ന് എംഎൽഎ നിർദേശിച്ചത്.

പുതിയങ്ങാടി –തണ്ണീർപന്തൽ, കരിക്കാംകുളം– സിവിൽസ്റ്റേഷൻ– കോട്ടൂളി, മൂഴിക്കൽ – കാളാഞ്ചിത്താഴം, കോവൂർ – മെഡിക്കൽകോളജ്– മുണ്ടിക്കൽത്താഴം, വെസ്റ്റ്ഹിൽ ചുങ്കം – ഭട്ട് റോഡ്, ഭട്ട് റോഡ് – കോതി എന്നിവയായിരുന്നു നിലവിൽ രണ്ടാംഘട്ടത്തിലെ റോഡുകൾ. ഇവയുടെ വിശദ പദ്ധതി രേഖ (ഡിപിആർ) നേരത്തെ തയാറാക്കിയതാണ്.

കണ്ണൂർ റോഡിന്റെ വികസനത്തിനായുള്ള ഡിപിആർ ഇനി തയാറാക്കേണ്ടതുണ്ട്. ‌നഗരപാതാ വികസനത്തിന്റെ രണ്ടാംഘട്ടത്തിനായി സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങണമെന്നും അവലോകന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

പദ്ധതിയുടെ ഒന്നാംഘട്ടത്തിൽപെടുത്തി വികസിപ്പിക്കേണ്ട മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡിനായി സ്ഥലമേറ്റെടുപ്പിനുള്ള തുകയിൽ ബാക്കി 284 കോടി രൂപയാണ് ലഭിക്കാനുള്ളതെന്ന റിപ്പോർട്ടും പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. നിലവിൽ വികസനം നടക്കുന്ന ആറു റോഡുകളിലെയും ജോലികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.

റോഡ് വികസനത്തിനായി ഇനിയും നീക്കേണ്ട പോസ്റ്റുകൾ, പൈപ്പുകൾ, കേബിളുകൾ എന്നിവ ഉടൻ നീക്കണമെന്നും നിർദേശിച്ചു. മിനി ബൈപാസിൽനിന്ന് കളിപ്പൊയ്ക വഴി പനാത്തുതാഴത്തേക്കുള്ള റോഡ് നിർമാണത്തിനും തീരുമാനമെടുത്തിട്ടുണ്ട്. റവന്യു, പൊതുമരാമത്ത്, റോഡ് ഫണ്ട് ബോർഡ്,കെഎസ്‌യുഡിപി, കെഎസ്ഇബി, ബിഎസ്എൻഎൽ അധികൃതരും യോഗത്തിൽ പങ്കെടുത്തിരുന്നു.

Leave a Reply