Home » ഇൻ ഫോക്കസ് » വീടിനുള്ളില്‍ സുവിശേഷ പ്രാര്‍ത്ഥന നടത്തിയ കുടുംബത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

വീടിനുള്ളില്‍ സുവിശേഷ പ്രാര്‍ത്ഥന നടത്തിയ കുടുംബത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

മതപരിവര്‍ത്തനം നടത്തുന്നെന്നാരോപിച്ച് പുഴാതിയില്‍ സുവിശേഷ പ്രാര്‍ത്ഥന സംഘത്തെയും കുടുംബാംഗങ്ങളെയും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചു. പുഴാതി പയറ്റിയംകാവ് റോഡില്‍ തട്ടാന്‍വളപ്പില്‍ അനീഷിന്റെ വീട്ടിലാണ് വെള്ളിയാഴ്ച ഉച്ചയോടെ ഒരുസംഘം അക്രമം നടത്തിയത്. വിദേശത്ത് ജോലിക്ക് പോകുന്നതിന്റെ ഭാഗമായി വീട്ടില്‍ നടത്തിയ പ്രാര്‍ത്ഥനക്കിടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രാഹുല്‍, അര്‍ജുന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍ ഒണ്ടേന്‍ റോഡിലെ ചര്‍ച്ച് ഓഫ് ഗോഡ് എന്ന പെന്തക്കോസ്ത് ദേവാലയത്തിലെ ഏഴ് സ്ത്രീകളുള്‍പ്പെടെയുള്ള ഇരുപതംഗ പ്രാര്‍ത്ഥനാ സംഘത്തെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ആക്രമിച്ചത്. പ്രാര്‍ഥനാ സംഘം വന്ന കാറും ബൈക്കും അക്രമികള്‍ അടിച്ചുതകര്‍ത്തു. സംഘത്തിലുണ്ടായിരുന്ന അഴീക്കോട് കാപ്പിലെ പീടിക സ്വദേശിയായ ജിത്തു എന്ന ശ്രീജിത്തിനെ മര്‍ദിച്ചവശനാക്കിയ ശേഷം ‘ഞങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നതിനുവേണ്ടി വന്നവരാണെന്ന്’ ബലമായി എഴുതി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ജയിലുകളിലടക്കം പ്രാര്‍ത്ഥന നടത്തുന്ന സംഘമാണ് തങ്ങളെന്ന് പറഞ്ഞിട്ടും അക്രമം തുടരുകയായിരുന്നുവെന്ന് പാസ്റ്റര്‍മാരായ ബേബി ജോസഫ്, പീറ്റര്‍ ജോസഫ്, ഡെന്നിസ് സ്ഫടികം എന്നിവര്‍ പറഞ്ഞു. എന്നാല്‍, അക്രമികള്‍ക്കെതിരെ പരാതി നല്‍കാനുദ്ദേശിക്കുന്നില്ലെന്ന് ഇവര്‍ അറിയിച്ചു.

എട്ടുവര്‍ഷത്തിലേറെയായി തങ്ങള്‍ പെന്തക്കോസ്ത് വിഭാഗത്തില്‍ വിശ്വസിക്കുന്നവരാണെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പത്തുപേര്‍ക്കെതിരെ വര്‍ഗീയത് വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

എന്നാല്‍ ഏതാനും ദിവസങ്ങളായി അനീഷിന്റെ വീട്ടില്‍ സംഘം ചേര്‍ന്നുള്ള പ്രാര്‍ഥനകളും മറ്റും നടക്കുന്നുണ്ടെന്നും തങ്ങളുടെ വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതായും സമീപവാസികള്‍ പരാതിപ്പെട്ടതിനാലാണ് ഇടപെട്ടതെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രാര്‍ഥനാ സംഘത്തിലെ ഭൂരിഭാഗം പേരും അഞ്ചുവര്‍ഷം മുമ്പുവരെ ഹിന്ദുമത വിശ്വാസികളായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ബ്ലോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

Leave a Reply