Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » കോഴിക്കോട്ടെ കടലുണ്ടി പഞ്ചായത്തിലെ 3 റോഡുകൾ ദേശീയ നിലവാരത്തിലേക്ക്.

കോഴിക്കോട്ടെ കടലുണ്ടി പഞ്ചായത്തിലെ 3 റോഡുകൾ ദേശീയ നിലവാരത്തിലേക്ക്.

കടലുണ്ടി പഞ്ചായത്തിലെ പ്രധാന മൂന്നു മരാമത്ത് റോഡുകൾ ദേശീയപാത നിലവാരത്തിൽ നവീകരിക്കാൻ പദ്ധതി. മണ്ണൂർ വളവ്–കടലുണ്ടി മെയിൻ റോഡ്, കടലുണ്ടി–ചാലിയം റോഡ്, പ്രബോധിനി–മണ്ണൂർ റെയിൽ‍–ചാലിയം റോഡ് എന്നിവയാണ് പുനരുദ്ധരിക്കുന്നത്. കടലുണ്ടിയിലെ റോഡ് നവീകരണത്തിനു സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 15 കോടി രൂപ ഉപയോഗിച്ചാണ് പ്രവൃത്തി. ബജറ്റിൽ ഫണ്ട് നീക്കിവച്ച പശ്ചാത്തലത്തിൽ പിഡബ്ല്യുഡി അധികൃതർ തുടർ നടപടിയാരംഭിച്ചു. മൂന്നു പ്രവൃത്തിയുടെയും വിശദ എസ്റ്റിമേറ്റ് തയാറാക്കി വരികയാണ്. ചീഫ് എൻജിനീയർക്കു സമർപ്പിക്കുന്ന എസ്റ്റിമേറ്റിനു ഭരണ–സാങ്കേതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടി ആരംഭിക്കാനാകുമെന്ന് മരാമത്ത് അസി.എക്സിക്യൂട്ടിവ് എൻജിനീയർ പി.ടി. സന്തോഷ് കുമാർ പറഞ്ഞു.

ബിഎംബിസി(ബിറ്റുമിൻ മെക്കാഡം ആൻഡ് ബിറ്റുമിൻ കോൺക്രീറ്റ്)സാങ്കേതിക വിദ്യയിൽ തികച്ചും ശാസ്ത്രീയ രീതിയിലാകും പുതിയ നിർമാണം. റോഡിന്റെ ഉപരിതലം ഇളക്കിമാറ്റി താഴ്ചയുള്ള ഭാഗങ്ങളിൽ മണ്ണിട്ടുയർത്തി സമപ്പെടുത്തിയാകും ടാറിങ്. ഇതോടൊപ്പം ആവശ്യമായ ഇടങ്ങളിൽ ഡ്രെയ്നേജും ഉൾപ്പെടുത്തിയാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. ടാറിങ് പൂർത്തിയായാൽ ട്രാഫിക് അടയാളങ്ങൾ, റിഫ്ലക്ടറുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ദിശാസൂചകങ്ങൾ എന്നിവയും ഒരുക്കും. ബജറ്റിൽ തുക ഉൾക്കൊള്ളിച്ചതിനാൽ നടപടിക്രമങ്ങൾ പൂർത്തിയായാൽ പെട്ടെന്നു തന്നെ പ്രവൃത്തി ആരംഭിക്കാനാകുമെന്ന് അധികൃതർ സൂചിപ്പിച്ചു. നവീകരണം നടപ്പാകുന്നതോടെ കടലുണ്ടിയിലെ പ്രധാന റോഡുകൾക്കെല്ലാം ദേശീയപാത നിലവാരമാകും

റോഡ് നവീകരണത്തോടൊപ്പം കടലുണ്ടി–ചാലിയം റോഡിനു കുറുകെയുള്ള ഒന്നാംപാലം ഓവുപാലവും പുതുക്കിപ്പണിയും. കാലപ്പഴക്കത്താൽ കോൺക്രീറ്റ് ദ്രവിച്ചിളകി പാലത്തിനു ബലക്ഷയം നേരിട്ട പശ്ചാത്തലത്തിലാണ് മാറ്റിപ്പണിയുന്നത്. നാലു മീറ്റർ വീതിയുള്ള പാലം കൂടുതൽ ബലപ്പെടുത്തിയാകും നിർമിക്കുക. കോൺക്രീറ്റ് അടർന്നും പാർശ്വ സുരക്ഷാഭിത്തി തകർന്നും ഒന്നാംപാലം തകർച്ചയുടെ വക്കിലാണ്. യാതൊരു സുരക്ഷയുമില്ലാതെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുന്നത്. കുട്ടാടംപാടത്തെ മഴവെള്ളം ഇടച്ചിറ വഴി കടലുണ്ടിപ്പുഴയിലെത്തിക്കാൻ പണിത തോടിനു കുറുകെയാണ് പാലം.

Leave a Reply