Home » എഡിറ്റേഴ്സ് ചോയ്സ് » സംസ്ഥാനത്ത് കോടതി വാര്‍ത്തകള്‍ പുറംലോകമറിഞ്ഞിട്ട് ഒരു മാസം.

സംസ്ഥാനത്ത് കോടതി വാര്‍ത്തകള്‍ പുറംലോകമറിഞ്ഞിട്ട് ഒരു മാസം.

സംസ്ഥാനത്ത് കോടതി വാര്‍ത്തകള്‍ പുറംലോകമറിഞ്ഞിട്ട് ഒരു മാസം. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് നിലച്ച കോടതി വാര്‍ത്താ ശേഖരണം ഇപ്പോഴും പുനരാരംഭിക്കാനായില്ല. സുപ്രധാന കോടതിനടപടികള്‍ ജൂലൈ 19 ന് ശേഷം മാധ്യമങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനിടെ, പ്രശ്‌നം പരിഹരിക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റീസ് മോഹന്‍ ശാന്തന ഗൗഡര്‍ എഡിറ്റര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു.
ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ വഴിയാത്രക്കാരിയെ കയറിപ്പടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത വാര്‍ത്ത മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ സംഘിടച്ചെത്തിയത് സംസ്ഥാനത്തെ വിവിധ കോടതികളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടെങ്കിലും കോടതിയ്ക്കകത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പുനല്‍കാന്‍ സര്‍ക്കാരോ ഹൈക്കോടതിയോ നടപടി സ്വീകരിച്ചിട്ടില്ല. കോടതികളില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ഭയം കാരണം മാധ്യമപ്രവര്‍ത്തകര്‍ പിന്‍വാങ്ങിയതാണ് കോടതി വാര്‍ത്തകള്‍ ഒരു മാസമായി മുടങ്ങാന്‍ കാരണം.
കോടതിയ്ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ തല്ലാനും തല്ലുകൊള്ളാനും ആരും കോടതിയില്‍ പോകേണ്ടെന്ന അയകൊഴമ്പന്‍ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. കോടതിയ്ക്കകത്ത് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി.
അഭിഭാഷകരുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ സര്‍ക്കാരും ജഡ്ജിമാരും നിസഹായരായി നിന്നതോടെ നിലച്ച വാര്‍ത്താശേഖരണം പുനസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) യോഗം വിളിച്ചെങ്കിലും ചില മാധ്യമസ്ഥാപനങ്ങളില്‍ നിന്നുള്ള ചില ലേഖകരെ കോടതിയില്‍ പ്രവേശിപ്പിക്കില്ലെന്ന ഉപാധി അഭിഭാഷകര്‍ മുന്നോട്ടുവെച്ചതിനെ തുടര്‍ന്ന് യോഗം അലസിപ്പിരിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആക്ടിങ് ചീഫ് ജസ്റ്റീസായി ചുമതലയേറ്റ മോഹന്‍ ശാന്തന ഗൗഡര്‍ നാളെ എഡിറ്റര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
മാധ്യമങ്ങള്‍ക്ക് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിലക്കില്ലെന്ന് കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞ സംഭവത്തിന് പിന്നാലെ ഹൈക്കോടതി രജിസ്ട്രാര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. ജഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോപൂളിലും മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രവേശനം നല്‍കുന്ന കാര്യം അതതു ജഡ്ജിമാര്‍ തീരുമാനിക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്നതിനെക്കുറിച്ചോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന ലേഖകരുടെ സുരക്ഷയെക്കുറിച്ചോ രജിസ്ട്രാറോ ബന്ധപ്പെട്ടവരോ വിശദീകരണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ലേഖകര്‍ ഹൈക്കോടതിക്കുള്ളില്‍ കയാറാതിരിക്കുന്നത്. സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും പ്രകോപനപരമായ പ്രസ്താവനകളുമായി ഹൈക്കോടതി അഭിഭാഷകരില്‍ ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്.
കോടതി വാര്‍ത്തകള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്താതായതോടെ വിവിധ കോടതി പിആര്‍ഒമാര്‍ അയച്ചുനല്‍കുന്ന വാര്‍ത്തകള്‍ മാത്രമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചുവരുന്നത്. അഭിഭാഷകര്‍ വാര്‍ത്തകള്‍ നല്‍കുന്നുണ്ടെങ്കിലും അവ പ്രസിദ്ധീകരിക്കാറില്ല. ഫലത്തില്‍ പല കേസുകളിലെയും വിവരങ്ങളും നടപടികളും പുറംലോകമറിയാതെ പോകുകയാണ്. കോടതി വാര്‍ത്തകള്‍ പൊതുജനങ്ങളിലെത്താതെ ഒരുമാസം പിന്നിട്ടിട്ടും സര്‍ക്കാരോ പ്രതിപക്ഷമോ പ്രശ്‌നപരിഹാരത്തിനായി ശക്തമായ ഇടപെടല്‍ നടത്തുന്നുമില്ല.കഴിഞ്ഞ മാസം 19 മുതലാണ് ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ സംഘടിച്ചെത്തിയത്. പിറ്റേന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പിലും അഭിഭാഷകര്‍ അഴിഞ്ഞാടി. തുടര്‍ന്ന് കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, എറണാകുളം പ്രസ് ക്ലബ് പ്രതിനിധികള്‍ എന്നിവരുമായുള്ള അനുരഞ്ജന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Leave a Reply