Home » ഇൻ ഫോക്കസ് » സംസ്ഥാനത്തെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ഫോര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയരുന്നു.

സംസ്ഥാനത്തെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ഫോര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയരുന്നു.

പുതിയ മദ്യനയത്തിലെ സൂചനകള്‍ മനസ്സിലാക്കി ബാര്‍ ലൈസന്‍സ് പ്രതീക്ഷിച്ച്‌ സംസ്ഥാനത്തെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ കൂട്ടത്തോടെ ഫോര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയരുന്നു. ബാര്‍ പൂട്ടിയതിനുശേഷം 74 ബിയര്‍, വൈന്‍ പാര്‍ലറുകളാണ് ഫോര്‍സ്റ്റാര്‍ ലൈസന്‍സ് സമ്ബാദിച്ചത്. കഴിഞ്ഞയാഴ്ചയും മൂന്ന് സ്ഥാപനങ്ങള്‍ ഫോര്‍സ്റ്റാര്‍ പദവി കരസ്ഥമാക്കിയിരുന്നു. ബിയര്‍, വൈന്‍ പാര്‍ലര്‍ നടത്തിപ്പ് നഷ്ടമാണെങ്കിലും വന്‍തുക മുടക്കി മിക്ക സ്ഥാപനങ്ങളും നവീകരിക്കുകയാണ്.
ബാറുകള്‍ പൂട്ടിയപ്പോള്‍ 38 പേര്‍ക്കാണ് ഫോര്‍സ്റ്റാര്‍ പദവി ഉണ്ടായിരുന്നത്. പൂട്ടിയ 730 ബാറുകള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലര്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബിയര്‍, വൈന്‍ കച്ചവടത്തില്‍ കാര്യമായ വരുമാനമില്ലാത്തതിനാല്‍ 615 സ്ഥാപനങ്ങള്‍ മാത്രമാണ് അപേക്ഷ നല്‍കിയത്. ഇതില്‍ 112 പേര്‍ക്ക് ഇപ്പോള്‍ ഫോര്‍സ്റ്റാര്‍ പദവിയുണ്ട്. തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്ന് പരിതപിക്കുമ്ബോഴും പല സ്ഥാപനങ്ങളും ഫോര്‍സ്റ്റാറിന് വേണ്ടി കോടികള്‍ മുടക്കുകയാണ്. ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടാണ് ഈ നവീകരണം.
കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായെന്ന് ടൂറിസം, എക്സൈസ് മന്ത്രിമാര്‍ വ്യക്തമാക്കുകയും ചെയ്തു. നിലവിലെ മദ്യനയം മദ്യഉപഭോഗം കുറയ്ക്കാന്‍ പര്യാപ്തമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് അനുകൂല മദ്യനയം ബാറുടമകള്‍ പ്രതീക്ഷിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. എതിര്‍പ്പുകള്‍ വരുമെന്ന് കണ്ട് മദ്യനയം മാറ്റുന്നതില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ നയത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ നയമെന്ന് വ്യക്തമാക്കിയ മന്ത്രി ഒക്ടോബര്‍ 2ന് വിദേശമദ്യ ചില്ലറവില്‍പ്പനശാലകള്‍ പൂട്ടില്ലെന്ന സൂചനയും നല്‍കി.
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലുള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ചകളും ആശയവിനിമയവും നടത്തുകയാണ്. തിരഞ്ഞെടുപ്പിലെ ജനവിധി കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കൂടിയായിരുന്നു. ടൂറിസം മേഖലയിലെ പ്രതിസന്ധിയും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്, അതുകൊണ്ട് തന്നെ നിലവിലെ മദ്യനയത്തില്‍ മാറ്റമുണ്ടാക്കും പുതിയ മദ്യനയത്തെക്കുറിച്ച്‌ സൂചിപ്പിച്ച്‌ മന്ത്രി പറഞ്ഞിട്ടുണ്ട്. തേസമയം യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ ടൂറിസം രംഗം തളര്‍ന്നുവെന്ന നിലപാട് ആവര്‍ത്തിച്ചു ഉന്നയിക്കുന്ന ടൂറിസംവകുപ്പ് കൂടുതല്‍ ഉദാരമായ മദ്യനയമാണ് സംസ്ഥാനത്ത് വേണ്ടതെന്നാണ് വാദിക്കുന്നത്.
മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് എല്‍ഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫിന്റെ മദ്യവര്‍ജന നിലപാടിനും യുഡിഎഫിന്റെ മദ്യനയത്തിനുമുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന വാദമാണ് പുതിയ മദ്യനയം നടപ്പാക്കുന്നതിനായി എല്‍ഡിഎഫ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നിലവില്‍ വരാനും സാധ്യതയുണ്ട്.

Leave a Reply