Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ഓരോ ജില്ലയ്ക്കും ഓരോ ചരിത്രമ്യൂസിയം നിർമിക്കുന്നതു പരിഗണനയിൽ

ഓരോ ജില്ലയ്ക്കും ഓരോ ചരിത്രമ്യൂസിയം നിർമിക്കുന്നതു പരിഗണനയിൽ

സംസ്ഥാനത്ത് ഓരോ ജില്ലയ്ക്കും ഓരോ ചരിത്രമ്യൂസിയം നിർമിക്കുന്നതു പരിഗണനയിലെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. അറിയപ്പെടാതെ കിടക്കുന്ന ചരിത്ര–പുരാവസ്തു സങ്കേതങ്ങൾ കണ്ടെത്തി, അവയുടെ പൈതൃക പാരമ്പര്യം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കാട്ടായിക്കോണത്തിനു സമീപം പുരാവസ്തുവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മടവൂർപ്പാറയിൽ നിർമാണജോലികളുടെ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. മുളപ്പാലവും ഓലമേഞ്ഞ കൂടാരങ്ങളും ഉൾപ്പെടെ പരിസ്ഥിതിസൗഹൃദപാർക്കായി അണിഞ്ഞൊരുങ്ങുന്ന മടവൂർപ്പാറ കുട്ടികൾക്കായുള്ള തന്റെ ഓണസമ്മാനമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

പത്തുദിവസംകൊണ്ട് ബാക്കിയുള്ള പണികൾ പൂർത്തിയാക്കി ഓണത്തിനു മുൻപ് സാംസ്കാരികോൽസവത്തോടെ ആഘോഷമായിത്തന്നെ സന്ദർശകർക്കായി തുറന്നു കൊടുക്കും. ഘട്ടംഘട്ടമായാകും മടവൂർപ്പാറയുടെ തുടർവികസനം. ദൂരദർശിനി, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയും താമസിയാതെ എത്തുമെന്നും മന്ത്രി അറിയിച്ചു.

സമുദ്രനിരപ്പിൽ നിന്നു മുന്നൂറടി ഉയരത്തിൽ പത്തൊൻപതര ഏക്കറിൽ സ്ഥിതിചെയ്യുന്ന പാറമുകളിൽ ഗൃഹാതുരത ഉണർത്തുന്ന ഓലമേഞ്ഞ കൂടാരങ്ങളും നൂറ്റിയൊന്നു മീറ്റർ നീളത്തിലും ഒന്നര മീറ്റർ വീതിയിലും ഓലമേഞ്ഞ മേൽക്കൂരയോടെയുള്ള മുളപ്പാലവും കുട്ടികൾക്കുള്ള പാർക്കുമാണു പ്രധാന ആകർഷണീയത.

ഇതുകൂടാതെ, പാറമുകളിൽ പൂന്തോട്ടവും ടോയ്‌ലെറ്റ് ബ്ലോക്കും ഇരുപത്തിനാലുമണിക്കൂറും കുടിവെള്ളം ലഭിക്കുന്നതിനുള്ള കൂറ്റൻ ടാങ്കും അവസാന മിനുക്കുപണിയിലാണ്. ചരിത്രം, പരിസ്ഥിതി, പുരാവസ്തു വിഷയമടക്കം പഠനവിധേയമാക്കാൻ കുട്ടികൾക്ക് ഒരുദിവസം ചെലവഴിക്കാനുള്ള സംവിധാനം ഒരുക്കി ഇതൊരു ആർക്കിയോളജിക്കൽ പാർക്കാക്കി മാറ്റാനുളള ശ്രമമാണു പുരാവസ്തുവകുപ്പിന്റേതെന്ന് ആർക്കിയോളജിക്കൽ ഡയറക്ടർ ഡോ. ജി.പ്രേംകുമാർ പറഞ്ഞു.

കൈമനത്ത് തകർന്നുവീണ രാജമുദ്രയുള്ള കൽമണ്ഡപത്തിന്റെ തൂണുകളും അതോടൊപ്പമുള്ള കൽത്തൊട്ടിയും ഇവിടെ സൂക്ഷിക്കുന്നുണ്ട്. ഇതു പാറമുകളിൽ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പുനൽകി. പാറയുടെ കിഴ്ക്കാംതൂക്കായ ചരുവിൽ ഒത്ത മധ്യത്തായുള്ള ഗുഹാക്ഷേത്രവും മന്ത്രി സന്ദർശിച്ചു. ഒരുകോടി ഇരുപതുലക്ഷം ചെലവാക്കിയാണു പാറപ്പുറം മോടിപിടിപ്പിക്കുന്നത്. ഹൈഇലക്ട് എന്ന സ്വകാര്യകമ്പനിക്കാണു ചുമതല.ആർക്കിയോളജിക്കൽ കെമിസ്റ്റ് ജയ്കുമാർ, വാർഡ് കൗൺസിലർ സിന്ധുശശി, നാട്ടുകാരും മന്ത്രിയെ സ്വീകരിക്കാനെത്തി

Leave a Reply