Home » യാത്ര » മാംഗോ ടാക്‌സി- സ്വകാര്യ ടാക്‌സി പ്രതിസന്ധിക്ക് പരിഹാരമായി

മാംഗോ ടാക്‌സി- സ്വകാര്യ ടാക്‌സി പ്രതിസന്ധിക്ക് പരിഹാരമായി

മറ്റു സ്വകാര്യ ടാക്‌സികളെപ്പോലെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ സര്‍വീസ് നടത്താന്‍ മാംഗോ ടാക്‌സികള്‍ തീരുമാനിച്ചു. നാലു കിലോമീറ്ററിന് 150 രൂപയായാണ് നിരക്ക് ഉയര്‍ത്തുന്നത്. ഇത് അടുത്ത മാസം 10ന് മുന്‍പ് നിലവില്‍വരും. ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ മാംഗോ ടാക്‌സികള്‍ കുറഞ്ഞ നിരക്കില്‍ ഓടുന്നതിനെതിരെ സ്വകാര്യ ടാക്‌സി തൊഴിലാളി യൂണിയനുകള്‍ രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നാലു കിലോമീറ്ററിന് 150 രൂപയെന്ന ചാര്‍ജ്ജില്‍ നിന്ന് 51 രൂപ കുറച്ച് 99 രൂപയ്ക്ക് സര്‍വീസ് നടത്താന്‍ തയ്യാറായതാണ് ഇവരെ ചൊടിപ്പിച്ചത്.

കോഴിക്കോട്ട് മുപ്പതോളം മാംഗോ ടാക്‌സികളാണുള്ളത്. അധിക കിലോമീറ്ററിന് സാധാരണ ടാക്‌സികള്‍ വാങ്ങുന്നതില്‍ നിന്ന് 2രൂപ കുറച്ചാണ് മാംഗോകള്‍ വാങ്ങുന്നത്. 11 രൂപ. നഗരത്തിലെ പത്തു കിലോമീറ്റര്‍ പരിധിയില്‍ രാത്രി പത്തു മുതല്‍ രാവിലെ അഞ്ചു വരെ അടിയന്തര ആശുപത്രി യാത്രകള്‍ സൗജന്യവുമാണ്. സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ജി.പി.എസ് സൗകര്യമുള്ള വാഹനവും. ഇങ്ങനെ ജനപ്രിയ ഫോര്‍മുലകളുമായെത്തിയ മാംഗോ ടാക്‌സി നഗരത്തില്‍ ക്ലച്ച് ‘ പിടിക്കാന്‍ തുടങ്ങിയപ്പോഴേക്കും വിവാദവും തുടങ്ങിയിരുന്നു. മാംഗോ ഡ്രൈവര്‍മാര്‍ ആക്രമിക്കപ്പെടുകയും വാഹനം തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്.

സമ്മര്‍ദ്ദഫലമായാണ് സര്‍ക്കാര്‍ നിരക്കിലേക്ക് ഉയര്‍ത്തുന്നതെന്ന് മാംഗോ കാബ്‌സ് ജനറല്‍ മാനേജര്‍ പി.കെ.മുസ്തഫ പറഞ്ഞു. ഞങ്ങള്‍ ഇനിയും നാലു കിലോമീറ്ററിനു 99 രൂപയെന്ന ആദ്യ ഓഫറില്‍ തന്നെ സേവനം നടത്താന്‍ തയ്യാറാണ്. എന്നാല്‍ മറ്റുള്ള ടാക്‌സിക്കാര്‍ അതിനു സമ്മതിക്കുന്നില്ല. ഈ നിരക്കില്‍ ടാക്‌സി ഓടിച്ചാല്‍ തന്നെ മാന്യമായ ലാഭം കിട്ടും. ” അതേസമയം ടൂര്‍ പാക്കേജ്,ഹൗസ് ബോട്ട്,ഹോട്ടല്‍ ബുക്കിംഗ്,റെന്റ് എ കാര്‍ സേവനങ്ങളിലേക്കും മാംഗോ കാബ്‌സ് നീങ്ങുമെന്നും മുസ്തഫ പറഞ്ഞു.

തങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുന്ന ഒന്നാണ് മാംഗോ ടാക്‌സികളെന്ന് സ്വകാര്യ ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. 99 രൂപ നിരക്കില്‍ സര്‍വീസ് നടത്താന്‍ യാതൊരു കാരണവശാലും അനുവദിക്കില്ല.തങ്ങള്‍ക്കു കിട്ടേണ്ട ഓര്‍ഡറുകള്‍ കൈയടക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താനുള്ള മാംഗോ ടാക്‌സികളുടെ തീരുമാനം. ഡ്രൈവര്‍മാര്‍ പറയുന്നു.

സ്വകാര്യ ടാക്‌സിക്കാരും മാംഗോ ടാക്‌സിക്കാരും തമ്മിലുള്ള പ്രശ്‌നം കാരണം പൊതുജനങ്ങള്‍ക്ക് ടാക്‌സിയില്‍ മനസമാധാനത്തോടെ കയറാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് പറഞ്ഞു. ക്രമസമാധാനപ്രശ്‌നം ഒഴിവാക്കുകയാണ് ലക്ഷ്യം. നാല് കിലോമീറ്ററിന് 99 രൂപയെന്ന നിരക്ക് തുടക്കത്തില്‍ മാര്‍ക്കറ്റ് പിടിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ചതാണെന്നും ഈ നിരക്കില്‍ തുടരാന്‍ കഴിയില്ലെന്നും കളക്ടറുടെ ചേംബറില്‍ വിളിച്ച യോഗത്തില്‍ മാംഗോടാക്‌സിക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply