Home » പ്രകൃതി » കാലവര്‍ഷം തിമിര്‍ത്തില്ല; വരാനിരിക്കുന്നത് ആശങ്കയുടെ പെയ്ത്ത്

കാലവര്‍ഷം തിമിര്‍ത്തില്ല; വരാനിരിക്കുന്നത് ആശങ്കയുടെ പെയ്ത്ത്

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിക്കാന്‍ ആറരയാഴ്ച മാത്രം ശേഷിക്കെ സംസ്ഥാനത്ത് മഴക്കുറവ് 29 ശതമാനം.
കഴിഞ്ഞ വര്‍ഷം ഇതേ തീയതിയില്‍ 30 ശതമാനം കുറവായിരുന്നു മഴ. സെപ്റ്റംബര്‍ 30-നു കാലവര്‍ഷം അവസാനിച്ചപ്പോള്‍ കമ്മി 26 ശതമാനമായിരുന്നു.ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്ന കാലവര്‍ഷത്തിലെ മഴയുടെ സിംഹഭാഗവും ലഭിക്കേണ്ട കാലമാണു കടന്നുപോയത്.സെപ്റ്റംബര്‍ മുപ്പതോടെ 203.94 സെന്റിമീറ്റര്‍ മഴയാണു കിട്ടേണ്ടത്. ഇനിയുള്ള ആറാഴ്ചകൊണ്ട് 90 സെന്റിമീറ്ററോളം മഴ ലഭിച്ചാലേ അത്രയുമാകൂ. കഴിഞ്ഞ വര്‍ഷം അവസാനത്തെ ആറാഴ്ച ലഭിച്ചത് 36 സെന്റിമീറ്റര്‍ മഴയാണ്. ഇത്തവണത്തെ മഴയുടെ ഗതി അത്രപോലും മഴ ഉറപ്പു നല്‍കുന്നതല്ല. കഴിഞ്ഞ കാലവര്‍ഷം കുറവായിരുന്നതു മൂലം 2015-16 മഴവര്‍ഷം (ജൂണ്‍ ഒന്നുമുതല്‍ മേയ് 31 വരെ) സംസ്ഥാനത്ത് 16 ശതമാനം കുറവ് മഴയാണു ലഭിച്ചത്. മൊത്തം 292.47 സെന്റിമീറ്റര്‍ കിട്ടേണ്ട സ്ഥാനത്ത് ലഭിച്ചത് 245.66 സെന്റിമീറ്റര്‍ മാത്രം. ജൂണ്‍-സെപ്റ്റംബര്‍ കാലവര്‍ഷത്തില്‍ 151.43 സെന്റിമീറ്റര്‍ (ലഭിക്കേണ്ടിയിരുന്നത് 203.97), ഒക്‌ടോബര്‍-ഡിസംബര്‍ തുലാവര്‍ഷം 61.01 സെന്റിമീറ്റര്‍ (48.07), ജനുവരി-ഫെബ്രുവരി 1.92 സെന്റിമീറ്റര്‍ (2.44), മാര്‍ച്ച്-മേയ് 31.3 സെന്റിമീറ്റര്‍ (37.99) എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
ഇത്തവണയും കാലവര്‍ഷം കുറയുന്നത് ഇടുക്കി അടക്കമുള്ള ഡാമുകളിലെ ജലസമ്പത്തിനെ സാരമായി ബാധിക്കും. ജലവൈദ്യുതി കുറവായാല്‍ പുറത്തുനിന്നു താപ-ആണവനിലയങ്ങളില്‍നിന്നുള്ള വൈദ്യുതി വാങ്ങാം.
എന്നാല്‍, ജലസേചനപദ്ധതികളുടെ ഡാമുകളില്‍ വെള്ളം കുറവായാല്‍ അതു ശീതകാല കൃഷികള്‍ക്കു ക്ഷീണമാകും.

Leave a Reply