Home » യാത്ര » നഗരത്തില്‍ 10000 ഓട്ടോറിക്ഷകള്‍ക്ക് സിറ്റി പെര്‍മിറ്റ്; പ്രാധമിക നടപടിയായി ഓണ്‍ലൈന്‍ സര്‍വേ ആരംഭിച്ചു

നഗരത്തില്‍ 10000 ഓട്ടോറിക്ഷകള്‍ക്ക് സിറ്റി പെര്‍മിറ്റ്; പ്രാധമിക നടപടിയായി ഓണ്‍ലൈന്‍ സര്‍വേ ആരംഭിച്ചു

നഗരത്തിലെ ഓട്ടോറിക്ഷകളുടെ സിസി പെര്‍മിറ്റ് പതിനായിരം ആക്കുന്നതിന്റെ ഭാഗമായി വിശദമായ ഓണ്‍ലൈന്‍ സര്‍വേ ആരംഭിച്ചു. നിലവില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ എത്ര, പുതിയ അപേക്ഷകര്‍ എത്ര തുടങ്ങി കൃത്യമായ വിവരം ശേഖരിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ്, നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ സഹായത്തോടെ തയാറാക്കിയ ഓണ്‍ലൈന്‍ സര്‍വേ ഫോം ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതിനകം നിരവധി പേര്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

രേഖകള്‍ പ്രകാരം സിസി പെര്‍മിറ്റുള്ള 4335 ഓട്ടോറിക്ഷകള്‍ നഗരത്തിലുണ്ടെന്നാണ് കണക്ക്. ഇവയില്‍ പലതും നിലവില്‍ ഓടാത്തതാണ്. യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്താണ് മോട്ടോര്‍ വാഹന നിയമത്തിലെ 74(3) വകുപ്പു പ്രകാരം എണ്ണം പതിനായിരമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സിസി പെര്‍മിറ്റിന് ലക്ഷങ്ങളാണ് വില. പുതുതായി അപേക്ഷ നല്‍കി പെര്‍മിറ്റ് കൈപ്പറ്റുന്നവര്‍ അത് മറിച്ചു വില്‍ക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഓണ്‍ലൈന്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചത്. വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതോടെ ഇരട്ടിപ്പും മറ്റും ഒഴിവാക്കാനാകും.

kozhikode dtsirict എന്ന വെബ്‌സൈറ്റിലെ ‘autorickshaw CC Permit’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ ഫോം ലഭ്യമാകും. അതില്‍, New permit application, Extsiing permit application, Update permit details എന്നീ മൂന്ന് ഓപ്ഷനുകളില്‍ വേണ്ടത് തെരഞ്ഞെടുക്കണം.

പുതിയ പെര്‍മിറ്റിനുള്ള അപേക്ഷയാണെങ്കില്‍ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, വാഹന നമ്പര്‍, രജിസ്‌ട്രേഷന്‍ തിയതി, വാഹനം വാങ്ങിയ തിയതി, ഉപയോഗിക്കുന്ന ഇന്ധനം, കോര്‍പറേഷന്‍ ഏരിയ, പാര്‍ക്കിംഗിന് ഉദ്ദേശിക്കുന്ന സ്ഥലം, ലൈസന്‍സ് ഉണ്ടോ, സിസി പെര്‍മിറ്റ് നിലവിലുണ്ടോ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം. എസ്‌സി/ എസ്ടി, വനിതകള്‍, വികലാംഗര്‍, വിമുക്തഭടര്‍ എന്നിവയില്‍പ്പെടുന്നതാണെങ്കില്‍ അതും രേഖപ്പെടുത്തി Submit കോളത്തില്‍ ക്ലിക്ക് ചെയ്താല്‍ നടപടികള്‍ പൂര്‍ത്തിയാകും.

നിലവില്‍ പെര്‍മിറ്റ് ഉള്ളവര്‍, പെര്‍മിറ്റ് വിവരങ്ങളില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തേണ്ടവര്‍ എന്നിവര്‍ അതാത് ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യണം. സംവിധാനം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി, ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാത്തവര്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ലെന്ന് ആര്‍ടിഒ സി.ജെ. പോള്‍സണ്‍ അറിയിച്ചു.

Leave a Reply