Home » പ്രകൃതി » ശാസ്ത്രം » വായു ശ്വസി’ച്ച് കുതിക്കുന്ന റോക്കറ്റിന്റെ പരീക്ഷണത്തിനു തയ്യാറായി :ഐഎസ്ആര്‍ഒ

വായു ശ്വസി’ച്ച് കുതിക്കുന്ന റോക്കറ്റിന്റെ പരീക്ഷണത്തിനു തയ്യാറായി :ഐഎസ്ആര്‍ഒ

‘വായു ശ്വസി’ച്ച് കുതിക്കുന്ന റോക്കറ്റിന്റെ പരീക്ഷണ പറക്കലടക്കം മൂന്ന് വിക്ഷേപണങ്ങള്‍ക്കൊരുങ്ങി ഐഎസ്ആര്‍ഒ. ഇതുകൂടാതെ ഏറ്റവും ആധുനികമായ ജിസാറ്റ്–18 വിദേശത്തുനിന്ന് വിക്ഷേപിക്കും.

ജി സാറ്റ് ശ്രേണിയിലുള്ള തദ്ദേശീയമായി വികസിപ്പിച്ച എയര്‍ബ്രീത്തിങ് സ്ക്രാംജെറ്റ് എന്‍ജിന്‍ റോക്കറ്റിന്റെ (ഡിഎംആര്‍ ജെറ്റ്) വിക്ഷേപണം 28ന് നടക്കും. ശബ്ദത്തേക്കാള്‍ ആറ് മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിക്ഷേപണവാഹനമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ഞായറാഴ്ച രാവിലെ ഏഴിനും ഒമ്പതിനും ഇടയില്‍ റോക്കറ്റ് വിക്ഷേപിക്കും. കഴിഞ്ഞമാസം 28ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ചെന്നൈ തീരത്തിനടുത്ത് വ്യോമസേനാ വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിച്ച് ഇന്ധനം ജ്വലിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പത്തുവര്‍ഷത്തിലേറെ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം വിഎസ്എസ്സിയാണ് പുതിയതലമുറ റോക്കറ്റ് വികസിപ്പിച്ചത്.

നിലവില്‍ ഇന്ധനവും ഇത് കത്തുന്നതിനുള്ള ഓക്സൈഡറും റോക്കറ്റുകളില്‍ വെവ്വേറെയാണ് സൂക്ഷിക്കുന്നത്. റോക്കറ്റുകളുടെ 80 ശതമാനം ഭാരവും ഓക്സൈഡറിന്റേതാണ്. ഇന്ധനം കത്തുന്നതിനുള്ള ഓക്സിജന്‍ അന്തരീക്ഷത്തില്‍നിന്ന് സ്വീകരിക്കുന്ന സാങ്കേതികവിദ്യ വിജയിക്കുന്നതോടെ റോക്കറ്റുകളുടെ ഭാരം പകുതിയാക്കി കുറയ്ക്കാനാകും. കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒരേ റോക്കറ്റില്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഇതുമൂലം കഴിയും.

കാലാവസ്ഥാനിരീക്ഷണത്തിനായുള്ള ഇന്‍സാറ്റ്–3ഡിആര്‍ ഉപഗ്രഹം സെപ്തംബര്‍ എട്ടിന് വിക്ഷേപിക്കും. ജിഎസ്എല്‍വി എഫ്ഒ–5റോക്കറ്റാണ് 2200 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക.

റിസോഴ്സാറ്റ്–2എ, സ്കാറ്റ്സാറ്റ്–1 എന്നീ ഉപഗ്രഹങ്ങള്‍ സെപ്തംബര്‍ 26ന് വിക്ഷേപിക്കും.പിഎസ്എല്‍വി സി–35 റോക്കറ്റിലാണ് ഉപഗ്രഹങ്ങള്‍ കുതിക്കുക. വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളെ എത്തിക്കുന്ന പുതിയ രീതികൂടി ഈ വിക്ഷേപണത്തില്‍ ഐഎസ്ആര്‍ഒ പരീക്ഷിക്കും.

ഐഎസ്ആര്‍ഒയുടെ ഏറ്റവും ആധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്–18 ഫ്രഞ്ച് ഗയാനയില്‍നിന്നാണ് വിക്ഷേപിക്കുക. 3425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഏരിയന്‍ റോക്കറ്റാണ് ലക്ഷ്യത്തിലെത്തിക്കുക. ഒക്ടോബര്‍ നാലിനാണ് വിക്ഷേപണം. ഇത്രയും ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള റോക്കറ്റുകള്‍ ഐഎസ്ആര്‍ഒയ്ക്ക് നിലവില്‍ ഇല്ല. ഇത്തരം ഉപഗ്രഹങ്ങളെ ഭ്രമപണപഥത്തിലെത്തിക്കാന്‍ കഴിയുന്ന ജിഎസ്എല്‍വി മാര്‍ക്ക്–3ന്റെ പൂര്‍ണവിക്ഷേപണം ഡിസംബറില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒ.

Leave a Reply