Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയുടെ പ്രാഥമികഘട്ടമായ സർവേ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് കലക്‌ടർ എൻ.പ്രശാന്ത്;

ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയുടെ പ്രാഥമികഘട്ടമായ സർവേ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് കലക്‌ടർ എൻ.പ്രശാന്ത്;

ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയുടെ പ്രാഥമികഘട്ടമായ സർവേ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് കലക്‌ടർ എൻ.പ്രശാന്ത് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു സമിതി ചെയർമാൻ കൂടിയായ കലക്‌ടർ. ഭൂമി അളക്കാതെ പദ്ധതിയുടെ രൂപരേഖ തയാറാക്കാനാവില്ല. സർവേ നടത്തിയാൽ മാത്രമേ ആരുടെയൊക്കെ ഭൂമിയിലൂടെയാണ് പൈപ്പ്‌ ലൈൻ കടന്നുപോകുക എന്നു പറയാനാവൂ. ഭൂമി അളക്കാനുള്ള അവകാശം സർക്കാറിൽ നിക്ഷിപ്‌തമാണ്. ഇതു സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എതിർപ്പ് ഉണ്ടാക്കുകയാണ്. പരിസ്‌ഥിതി അനുകൂല വ്യവസായ വളർച്ചയ്‌ക്കും കുറഞ്ഞ വിലയ്ക്കു പാചക വാതകം ലഭ്യമാക്കാനും ഗെയിൽ പദ്ധതിയിലൂടെ കഴിയും. പദ്ധതിക്കെതിരായ എതിർപ്പ് മറികടക്കാൻ ബോധവൽകരണം നടത്തുമെന്നും കലക്‌ടർ അറിയിച്ചു. ഓണത്തിന് തുടർച്ചയായ ദിവസങ്ങളിൽ അവധിയായതിനാൽ പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തടസ്സം വരാതിരിക്കാൻ അവധിക്കു മുൻപത്തെ ദിവസങ്ങളിൽ ഉദ്യോഗസ്‌ഥർ ഓഫിസിലുണ്ടാവണമെന്ന് കലക്‌ടർ നിർദേശിച്ചു.

ഇക്കാര്യത്തിൽ സർക്കാർ നിർദേശമുണ്ട്. കിടപ്പുരോഗികൾക്ക് ആധാർ നമ്പർ നൽകാനുള്ള പദ്ധതിക്കായി 20 പഞ്ചായത്തുകളും വടകര നഗരസഭയും മാത്രമാണ് വിവരങ്ങൾ നൽകിയതെന്ന് കലക്‌ടർ പറഞ്ഞു. മറ്റു തദ്ദേശ സ്‌ഥാപനങ്ങൾ എത്രയും വേഗം വിവരങ്ങൾ നൽകി കിടപ്പുരോഗികൾക്ക് ആനുകൂല്യം കിട്ടാനുള്ള അവസരം നഷ്‌ടപ്പെടുത്താതെ നോക്കണം. മറുനാടൻ തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ തദ്ദേശ സ്‌ഥാപനങ്ങൾ നടപടി എടുത്തുവെന്ന് ഉറപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർക്കും കോർപറേഷൻ സെക്രട്ടറിക്കും കലക്‌ടർ നിർദേശം നൽകി. നോട്ടിസ് നൽകൽ മാത്രമായി നടപടി പരിമിതപ്പെടരുത്.

ശുചിമുറികൾ ഇല്ലാതെ, കടമുറികളുടെ മുകളിലും മറ്റും മറുനാടൻ തൊഴിലാളികൾ തിങ്ങിനിറഞ്ഞ് താമസിക്കുന്നത് പ്രദേശവാസികളുടെയും തൊഴിലാളികളുടെ തന്നെയും ആരോഗ്യത്തെ അതീവ ഗുരുതരമായി ബാധിക്കുന്നതായി ഇ.കെ.വിജയൻ എംഎൽഎ ചൂണ്ടിക്കാട്ടി. മുക്കം അങ്ങാടിയിൽ വാഹനാപകടം മൂലം യാത്രക്കാർ മരിക്കുന്നത് നിത്യസംഭവമായതിനാൽ സിഗ്‌നൽ ലൈറ്റ് സ്‌ഥാപിക്കുമെന്ന് നഗരസഭാ ചെയർമാന്റെ ആവശ്യം പരിഗണിച്ച് ജോർജ് എം.തോമസ് എംഎൽഎ അറിയിച്ചു. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ എരവത്ത്കുന്ന് ടാങ്കിന്റെയും കോവൂർ ടാങ്കിന്റെയും പ്രവൃത്തികൾ പൂർത്തീകരിച്ചതായി ജപ്പാൻ കുടിവെള്ള പദ്ധതി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. എരവത്ത്കുന്ന് ഭാഗത്ത് ഭാഗികമായി ജലവിതരണം സാധ്യമായിട്ടുണ്ട്. കോവൂർ ടാങ്കിൽനിന്ന് കാരന്തൂർ ഭാഗത്തേക്കുള്ള പൈപ്പ് ലൈൻ ജോലി നടന്നുകൊണ്ടിരിക്കുന്നു. ഈ ജോലികൾ പൂർത്തിയാകുന്നതോടെ കാരന്തൂർ, പാലക്കോട്ടുവയൽ ഭാഗങ്ങളിൽ ജലവിതരണം സാധ്യമാവും.

പ്രധാന വിതരണ പൈപ്പുകളുടെ ജോലികൾ പൂർത്തിയാവുന്നതോടെ മാത്രമേ ജലവിതരണം കാര്യക്ഷമമാവുകയുള്ളൂവെന്നും അറിയിച്ചു. കഴിഞ്ഞ യോഗത്തിൽ എം.കെ.മുനീർ എംഎൽഎയാണ് പ്രശ്‌നം ഉന്നയിച്ചത്. അഴിയൂർ സൂനാമി കോളനിയിൽ കുടിവെള്ളം ലഭ്യമാക്കാൻ ജല അതോറിറ്റി സമർപ്പിച്ച എസ്‌റ്റിമേറ്റിന് അംഗീകാരവും ഫണ്ടും ലഭ്യമാക്കേണ്ടതുണ്ടെന്ന് കേരള സ്‌റ്റേറ്റ് ഹൗസിങ് ബോർഡ് കോഴിക്കോട് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. വരൾച്ചാ ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം ലഭ്യമാക്കാൻ പഞ്ചായത്ത് ഉടൻ കലക്‌ടർക്ക് അപേക്ഷ നൽകും. അഴിയൂർ സൂനാമി പുനരധിവാസ പദ്ധതിയിലെ കിഴക്കേ അതിർത്തിയിൽ പ്ലോട്ട് നമ്പർ 31, 32 ഭാഗത്തായി താങ്ങുമതിൽ കെട്ടുന്നതിനുളള 6,20,000 രൂപയുടെ എസ്‌റ്റിമേറ്റ് കലക്‌ടർക്ക് സമർപ്പിച്ചിട്ടുണ്ട്. സൂനാമി ഫണ്ടിൽ അവശേഷിക്കുന്ന തുക ഉപയോഗിച്ച് ഈ പ്രവൃത്തി നടത്താൻ സൂനാമി പുനരധിവാസ സെല്ലിലേക്ക് കത്ത് സമർപ്പിച്ചെന്നും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും ഫിനാൻസ് ഓഫിസർ അറിയിച്ചു.

വനംവകുപ്പ് ജണ്ട കെട്ടുന്നത് സംബന്ധിച്ച് കൂരാച്ചുണ്ട്, കാന്തലാട് വില്ലേജുകളിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ ഓഗസ്‌റ്റ് മൂന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, തർക്കമുള്ളിടത്ത് മൂന്ന് മാസത്തിനുള്ളിൽ സർവേ പൂർത്തീകരിക്കാൻ തീരുമാനിച്ചതായി കോഴിക്കോട് ഡിഎഫ്ഒ അറിയിച്ചു. കഴിഞ്ഞ യോഗത്തിൽ ജോർജ് എം.തോമസ് എംഎൽഎയാണ് ഈ ആവശ്യമുന്നയിച്ചത്. മൊകേരി ഗവ. കോളജിന്റെ മരാമത്ത് പ്രവൃത്തികളെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതായി പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കഴിഞ്ഞ യോഗത്തിൽ പാറക്കൽ അബ്‌ദുല്ല എംഎൽഎയാണ് പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടത്. കുറ്റ്യാടി ഇറിഗേഷന്റെ പൊളിഞ്ഞുവീഴാറായ അക്വാഡക്ടുകൾ പൊളിക്കുന്നതിനായി സമർപ്പിച്ച എസ്‌റ്റിമേറ്റുകൾക്ക് അനുമതിയും അടിയന്തര നടപടിയും തേടി കത്ത് നൽകിയതായി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. എന്നാൽ ദുരന്ത നിവാരണ നിയമ പ്രകാരം അടിയന്തര പ്രാധാന്യമുള്ള ഈ വിഷയത്തിൽ വിശദീകരണം തൃപ്‌തികരമല്ലെന്നും മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും കലക്‌ടർ അറിയിച്ചു. യോഗത്തിൽ കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, എംഎൽഎമാരായ സി.കെ.നാണു, ഇ.കെ. വിജയൻ, പി.ടി.എ.റഹീം, വി.കെ.സി.മമ്മദ് കോയ, ജോർജ് എം.തോമസ്, കാരാട്ട് റസാഖ്, മറ്റു ജനപ്രതിനിധികൾ, അസി. കലക്‌ടർ കെ.ഇമ്പശേഖർ, ജില്ലാ പ്ലാനിങ് ഓഫിസർ എം.എ.ഷീല, ജില്ലാ തല ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply