Home » യാത്ര » നിയന്ത്രിക്കാനാളില്ല; മുക്കത്തെ ട്രാഫിക് പരിഷ്കരണം പാളുന്നു

നിയന്ത്രിക്കാനാളില്ല; മുക്കത്തെ ട്രാഫിക് പരിഷ്കരണം പാളുന്നു

ആഴ്ചകളോളം പഠനം നടത്തി, 12 ദിവസം ട്രയല്‍ നടത്തി നടപ്പാക്കിയ മുക്കം അങ്ങാടിയിലെ ട്രാഫിക് പരിഷ്കരണം അവതാളത്തിലേക്ക്. നഗരസഭയും പൊലീസും ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയും ചേര്‍ന്ന് നടപ്പാക്കിയ ട്രാഫിക് പരിഷ്കരണമാണ് നോക്കിനടത്താന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് പരാജയത്തിലേക്ക് നീങ്ങുന്നത്. ഏതാനും കച്ചവടക്കാരുടെയും ബസുടമകളുടെയും കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് ട്രാഫിക് പരിഷ്കരണം ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രാഫിക് പരിഷ്കരണ ശ്രമങ്ങള്‍ നടന്നപ്പോഴും ഈ വിഭാഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ജൂലൈ ഇരുപതിനാണ് ട്രയല്‍ ആരംഭിച്ചത്. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന മുക്കത്ത് ട്രയല്‍ തുടങ്ങിയപ്പോള്‍തന്നെ ശാന്തമായിരുന്നു. അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചും ഉന്തുവണ്ടികളും മറ്റും തിരക്കേറിയ ഭാഗങ്ങളില്‍നിന്ന് മാറ്റിയും പരിഷ്കരണം വലിയ വിജയമായി. തുടക്കത്തില്‍ കൗണ്‍സിലര്‍മാരും പിന്നീട് പൊലീസും വിവിധ വിദ്യാലയങ്ങളിലെ ജെ.ആര്‍.സി, എസ്.പി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് അംഗങ്ങളും സജീവ പങ്കാളികളായി. ആഗസ്റ്റ്് 15 വരെ കൃത്യമായി നടന്ന പരിഷ്കരണം വണ്‍വേകള്‍ തുടങ്ങുന്നിടത്ത് ദിശ തിരിക്കാനാളില്ലാതായതോടെയാണ് താളംതെറ്റിയത്. ഇതോടെ പരിചയമുള്ളവരും നിയമം ലംഘിക്കാന്‍ തുടങ്ങി. ഇപ്പോള്‍ മുഴുവന്‍ വണ്‍വേകളിലും നിയമലംഘനം തുടരുകയാണ്. ഉന്തുവണ്ടിക്കാരെ നഗരസഭാ കാര്യാലയത്തിന്‍െറ പിറകുവശത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയിരുന്നത് ഏതാനും നാളുകളായി മുക്കത്തിന്‍െറ പല ഭാഗങ്ങളിലും ഉന്തുവണ്ടിക്കാര്‍ കച്ചവടം തുടങ്ങിയിരിക്കുകയാണ്.
പഴയ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറത്തിറങ്ങുന്ന ഭാഗത്തും ആലിന്‍ചുവട് പരിസരത്തും പഴയ ബസ്സ്റ്റാന്‍ഡിന്‍െറ കിഴക്ക് ഭാഗത്തും കച്ചവടം തുടങ്ങിയിട്ടുണ്ട്. ഓട്ടോറിക്ഷകളുടെ ട്രാക് മാറ്റം നടക്കാത്തതും വലിയ ക്ഷീണമായി. പുതിയസ്റ്റാന്‍ഡിലേക്കുള്ള റോഡിലെ ഓട്ടോ ട്രാക് വലിയ പ്രശ്നമാണ്. ബസ്സ്റ്റാന്‍ഡിന് കിഴക്കുവശത്തെ ഓട്ടോ ട്രാക്കില്‍ ഓട്ടോകള്‍ നിറഞ്ഞ് തൊട്ടടുത്ത ഷോപ്പുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിടുന്നതും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. ഇപ്പോള്‍ മുക്കത്തിന്‍െറ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

Leave a Reply