Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ‘കാലിക്കറ്റ് ബീച്ച് അച്ചാ ഹേ… വൈഫൈ ബഹുത്ത് അച്ചാഹേ…’

‘കാലിക്കറ്റ് ബീച്ച് അച്ചാ ഹേ… വൈഫൈ ബഹുത്ത് അച്ചാഹേ…’

ബീച്ചില്‍ ആകാശവാണിക്കടുത്തും കോര്‍പറേഷന്‍ പരിസരത്തും കൂട്ടംകൂടി ചെറുപ്പക്കാര്‍. ചിലയിടത്ത് കൂട്ടം കോര്‍പറേഷന്‍ മതിലിനു മുകളിലാണ്. എല്ലാവരുടെയും നോട്ടം കൈയിലെ സ്മാര്‍ട്ട്ഫോണില്‍. കൂട്ടത്തില്‍ ഇതരസംസ്ഥാനക്കാരും മറ്റു ജില്ലകളില്‍നിന്നുള്ളവരുമുണ്ട്.
ബീച്ചിലെ വൈഫൈ ഇന്റര്‍നെറ്റ് സൌകര്യം പ്രയോജനപ്പെടുത്തുന്ന തിരക്കാണെന്നു മാത്രം. ‘ബീച്ച് അച്ചാ ഹേ… വൈഫൈ ബഹുത്ത് അച്ചാഹേ…’ അഹമ്മദാബാദ് സ്വദേശി കാര്‍ത്തിക്കിന്റെ വാക്കിലുണ്ട് ബിഎസ്എന്‍എല്‍ സൌജന്യ വൈഫൈ സേവനത്തിന്റെ മികവ്. നഗരത്തിലും പരിസരത്തുമുള്ള യുവാക്കള്‍ ബീച്ചിലെത്തുന്നത് കടല്‍ കാണാന്‍ മാത്രമല്ല. സൌജന്യ വൈഫൈ സേവനം ഉപയോഗപ്പെടുത്താനുംകൂടിയാണ്.

മാറുന്ന ലോകത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പുതുതലമുറ. മാസങ്ങള്‍ക്കു മുമ്പ് തുടങ്ങിയ വൈഫൈ സേവനത്തിന്റെ ഗുണഭോക്താക്കളായി നിരവധിപേരാണ് ഇപ്പോള്‍ ബീച്ചിലെത്തുന്നത്. ആളുകള്‍ കൂട്ടമായി നില്‍ക്കുന്നതു കണ്ട് കാര്യമെന്താണെന്ന് അന്വേഷിച്ചശേഷം വൈഫൈ തുറക്കുന്നവരുമുണ്ട്. മഞ്ചേരി സ്വദേശി സജാദ് അപ്രതീക്ഷിതമായി വൈഫൈ ഓണ്‍ ചെയ്തപ്പോഴാണ് ഇത്തരമൊരു സേവനം ബീച്ചിലുണ്ടെന്ന് മനസ്സിലായത്.

പണിമുടക്ക് ദിവസമായതിനാല്‍ വെള്ളിയാഴ്ച നഗരത്തിലെ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു പ്രധാനമായും വൈഫൈ ഉപയോക്താക്കള്‍. ആളുകള്‍ കൂട്ടമായി നില്‍ക്കുന്നതുകണ്ട് എന്താണ് ഇത്രയും തിരക്കെന്ന് സംശയിക്കുന്നവരുമുണ്ട്. ബീച്ചിനു പുറമെ മാനാഞ്ചിറ പരിസരത്തും കലക്ടറേറ്റിലും ബിഎസ്എന്‍എല്‍ വൈഫൈ സേവനം ലഭിക്കുന്നുണ്ട്. കൂടുതല്‍ സ്ഥലത്ത് വൈഫൈ സേവനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഎസ്എന്‍എല്‍.

Leave a Reply