Home » നമ്മുടെ കോഴിക്കോട് » ഓണാഘോഷത്തിന് സ്‌കൂളുകളില്‍ നിയന്ത്രണമില്ല; ഉത്തരവ് പിന്‍വലിച്ചു

ഓണാഘോഷത്തിന് സ്‌കൂളുകളില്‍ നിയന്ത്രണമില്ല; ഉത്തരവ് പിന്‍വലിച്ചു

ഓണാഘോഷ പരിപാടികള്‍ക്ക് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഹയര്‍സെക്കന്‍ഡറി ഡയറക്ടറര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. പ്രവൃത്തി ദിവസം മുഴുവന്‍ ആഘോഷങ്ങള്‍ക്കായി മാറ്റിവെക്കരുതെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം.

സ്‌കൂളുകളിലെ ആരോഗ്യകരമായ അന്തരീക്ഷത്തിന് കോട്ടം തട്ടുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഓണാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലുണ്ടായിരുന്നത്. പരീക്ഷകള്‍, പഠന, പഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കം സ്‌കൂള്‍ അച്ചടക്കത്തിന് വിരുദ്ധമാകാത്ത രീതിയില്‍ പരിപാടികള്‍ ക്രമീകരിക്കണം. പ്രിന്‍സിപ്പലിന്റെ അനുമതിയോടെ മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാവൂ. അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍ നടക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പുവരുത്തണം. പി.ടി.എയുടെ സാന്നിധ്യം സ്‌കൂളിലുണ്ടായിരിക്കണം. സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്.

പ്രത്യേക വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ക്ക് പ്രിന്‍സിപ്പളിന്റെ അനുമതി വാങ്ങണം. ആഘോഷത്തിന്റെ പേരില്‍ അമിതമായ പണപ്പിരിവ് പാടില്ലെന്നും ആഡംബരം ഒഴിവാക്കി മിതത്വം പാലിക്കണമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.

Leave a Reply