മുക്കം അങ്ങാടിയില്‍ മാലിന്യം നിക്ഷേപിക്കുന്നത് നടുറോഡില്‍. ഇവിടെ മാലിന്യനിക്ഷേപത്തിന് വഴിയില്ലാതായതോടെയാണ് നടുറോഡില്‍ മാലിന്യം തള്ളുന്നത്. മുന്‍ പഞ്ചായത്ത് ഭരണസമിതികള്‍ തുടക്കം കുറിച്ച ബയോഗ്യാസ് പ്ളാന്റുകള്‍ മണ്ണിനടിയില്‍ ഉപയോഗശൂന്യമായി കിടക്കുമ്പോഴാണിത്. 2008ല്‍ അന്നത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ജോസ് മാത്യുവിന്‍െറ പ്രത്യേക താല്പര്യപ്രകാരം നാലര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പ്ളാന്റാണ് മണ്ണിനടിയിലായത്. ഇ.എം.എസ് ഷോപ്പിങ് കോംപ്ളക്സ് പരിസരത്തായിരുന്നു അന്ന് പ്ളാന്റ് നിര്‍മിച്ചിരുന്നത്. എന്നാല്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരുന്നതിനാലും ചില മത്സ്യ-മാംസ തൊഴിലാളികളുടെ എതിര്‍പ്പ് കാരണവും പദ്ധതി വിജയിച്ചില്ല.
പ്ളാന്റിനായി വായ്പയെടുത്ത നാലര ലക്ഷം രൂപയുടെ പലിശ ഇന്നും അടച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷങ്ങളാണ് ഇത്തരത്തില്‍ പൊതുജനത്തിന്‍െറ നികുതിപ്പണംകൊണ്ട് പലിശ അടക്കുന്നത്. 2008 കാലഘട്ടത്തില്‍ മുക്കത്ത് ഇപ്പോള്‍ ഷോപ്പിങ് കോംപ്ളക്സ് നില്ക്കുന്ന സ്ഥലത്തിനടുത്തായി പ്രവര്‍ത്തിച്ചിരുന്ന മത്സ്യ മാര്‍ക്കറ്റ് അവിടെനിന്ന് മാറ്റാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍, പഞ്ചായത്ത് അധികൃതര്‍ക്ക് ഇതിന് സാധിച്ചിരുന്നില്ല. അന്നത്തെ മുക്കം ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്ന ഉണ്ണികൃഷ്ണനാണ് മാര്‍ക്കറ്റ് മാറ്റാന്‍ മുന്നിട്ടിറങ്ങിയത്. നേരത്തെയും മുക്കത്ത് ബയോഗ്യാസ് പ്ളാന്റ് നിര്‍മിക്കാന്‍ ശ്രമംനടന്നിരുന്നു. ഇതിനായി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വലിയ കുഴിയെടുത്തു. ബസ്സ്റ്റാന്‍ഡിലെ കക്കൂസ് ടാങ്ക് നിറഞ്ഞതോടെ ഈ കുഴി കക്കൂസ് ടാങ്കായി മാറ്റുകയായിരുന്നു.
ഇപ്പോള്‍ മുക്കം ടൗണില്‍ വലിയ രീതിയിലാണ് മാലിന്യപ്രശ്നം അനുഭവിക്കുന്നത്. മത്സ്യ-മാംസ കടകളില്‍നിന്ന് പാലക്കാട്ടെ സംസ്കരണ പ്ളാന്റിലേക്കെന്നു പറഞ്ഞ് ശേഖരിക്കുന്ന മാലിന്യം രാത്രിയുടെ മറവില്‍ മുക്കത്തും പരിസരങ്ങളിലും തള്ളുകയാണ്. ഒരു മാസം മുമ്പ് നാട്ടുകാര്‍ നേരിട്ടിറങ്ങി മുക്കത്ത് വാഹനങ്ങള്‍ പിടിച്ച് പൊലീസിലേല്പിക്കുക വരെ ചെയ്തു.
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച രണ്ട് മാലിന്യ പ്ളാന്റുകള്‍ മണ്ണിനടിയില്‍ കിടക്കുമ്പോഴാണ് അധികൃതരുടെ അനാസ്ഥയില്‍ നാട്ടുകാര്‍ മാലിന്യപ്രശ്നത്താല്‍ വലയുന്നത്.
മത്സ്യ മാംസ കടകളില്‍നിന്ന് അഴുക്കുചാലിലൂടെ ഒഴുക്കുന്ന മാലിന്യം ഇരുവഴിഞ്ഞിപ്പുഴയില്‍ വരെ എത്തുന്നുണ്ട്. ഇത് വലിയ രീതിയില്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാക്കുന്നു. നിരവധി കുടിവെള്ള പദ്ധതികളാണ് പുഴയിലുള്ളത്.
