Home » നമ്മുടെ കോഴിക്കോട് » ലൈറ്റ് മെട്രോ ആദ്യം കോഴിക്കോട് ഓടും

ലൈറ്റ് മെട്രോ ആദ്യം കോഴിക്കോട് ഓടും

കരാറിൽ നാലു വർഷമാണെങ്കിലും 36 മാസമെന്ന റെക്കാഡ് സമയംകൊണ്ട് ലൈറ്റ് മെട്രോ ഓടിക്കുമെന്ന് സർക്കാരിന് മെട്രോ മാൻ ഇ. ശ്രീധരന്റെ ഉറപ്പ്. ആദ്യം കോഴിക്കോട്ടാണ്. തൊട്ടടുത്തവർഷം തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ഓടും.നിർമ്മാതാക്കളുമായി ചർച്ച നടത്തി കോച്ചുകളുടെ ഘടന തീരുമാനിച്ചിട്ടുണ്ട്. കരാർ നൽകിയാൽ കോച്ച് ലഭിക്കാൻ ഒമ്പതുമാസമെടുക്കും. കേന്ദ്രാനുമതിയായ ശേഷം വാങ്ങാൻ കാത്തുനിന്നാൽ പദ്ധതി വൈകും. അതിനാൽ സംസ്ഥാനത്തിന്റെ പ്രത്യേകാനുമതിയോടെ ഉടൻ കോച്ചുകൾക്ക് ടെൻഡർ വിളിക്കും. 1200 കോടിയുടേതാണ് കരാർ. പദ്ധതി രണ്ടുവർഷം വൈകിയാൽ 12 ശതമാനം ചെലവ് കൂടും. അധികച്ചെലവ് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.

കൺസൾട്ടൻസി കരാർ കിട്ടിയതോടെ ഒരുദിവസം പോലും പാഴാക്കാതെ പണികൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഡി.എം.ആർ.സി. പതിനെട്ടു മാസംകൊണ്ട് പ്രാഥമിക ജോലികൾ പൂർത്തിയാക്കും.

സ്ഥലമേറ്റെടുക്കൽ, കേബിളുകളും വൈദ്യുതി ലൈനുകളും നീക്കംചെയ്ത് സ്ഥലമൊരുക്കൽ തുടങ്ങിയ പ്രാരംഭപണികൾ ഈ ആഴ്ച ആരംഭിക്കും. സ്റ്റേഷൻ, ഡിപ്പോ എന്നിവയ്ക്ക് ഭൂമിയേറ്റെടുക്കലാണ് ശ്രീധരന്റെ പ്രാഥമിക കടമ്പ. പദ്ധതിനടത്തിപ്പിനുള്ള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ ഭൂമിയേറ്റെടുത്ത് ഡി.എം.ആർ.സിക്ക് കൈമാറും.

സ്റ്റേഷൻ, ഡിപ്പോ, ട്രാക്ക് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി 2844.56 കോടിയുടെ സിവിൽ ജോലി കരാറാണ് അടുത്ത ഘട്ടം. ദേശീയപാത വികസനവും കൈമാറ്റവും സംബന്ധിച്ച് അധികൃതരുമായി ചർച്ച തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്ത് ശ്രീകാര്യം, ഉള്ളൂർ, പട്ടം, തമ്പാനൂർ മേൽപ്പാലങ്ങളുടെ അന്തിമരൂപരേഖ സർക്കാരിന് കൈമാറി. കഴക്കൂട്ടം – കേശവദാസപുരം, മാനാഞ്ചിറ – മീഞ്ചന്ത ദേശീയപാതകൾ വീതികൂട്ടുന്നതിന്റെ 801 കോടി ചെലവ് സർക്കാർ വഹിക്കും.

12 കേന്ദ്രമന്ത്രാലയങ്ങളുടെയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ബോർഡിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും അനുമതിയാണ് ലൈറ്റ് മെട്രോയ്ക്ക് ഇനിവേണ്ടത്. നിർമ്മാണ സാമഗ്രികൾ വാങ്ങൽ, ഇറക്കുമതി എന്നിവയ്ക്ക് 409 കോടിയുടെ നികുതിയിളവ് സംസ്ഥാനം അനുവദിക്കും. 40 വർഷത്തെ കാലാവധിയിൽ അരശതമാനം പലിശയ്ക്ക് വായ്പ ജപ്പാൻ ഇന്റർനാഷണൽ കോർപറേഷൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 20 ശതമാനം വിഹിതവും 60 ശതമാനം വിദേശ സഹായവും ചേർത്താവും ലൈറ്റ് മെട്രോ നടപ്പാക്കുകയെന്നാണ് പദ്ധതിരേഖയിലുള്ളത്.

Leave a Reply