Home » ആരോഗ്യം » കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് ജില്ലയിൽ 104 ഓണം പച്ചക്കറി വിപണന സ്റ്റാളുകൾ

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് ജില്ലയിൽ 104 ഓണം പച്ചക്കറി വിപണന സ്റ്റാളുകൾ

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് ജില്ലയിൽ 104 ഓണം പച്ചക്കറി വിപണന സ്റ്റാളുകൾ നടത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല വിപണന മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു.

12 മുതൽ 13 വരെയാണ് ഓണചന്തകൾ പ്രവർത്തിക്കുക. 9ന് ഉച്ചയ്ക്കുശേഷം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുൻസിപാലിറ്റികളിലും കോർപ്പറേഷനുകളിലും ഓണചന്തകളുടെ ഉദ്ഘാടനം നടത്തും. കാലത്ത് 9 മുതൽ 6 വരെ സ്റ്റാളുകൾ പ്രവർത്തിക്കും. വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിൽ പച്ചക്കറികൾ ലഭ്യമാകും.

സ്റ്റാളുകളിൽ 73 എണ്ണം കൃഷിഭവനുകൾ നേരിട്ടും 8 എണ്ണം വി.എഫ്.പി.സികെ മുഖേനയും 22 എണ്ണം ഹോർട്ടികോർപ്പ് മുഖേനയും ഒരെണ്ണം സംഘമൈത്രി മുഖേനയുമാണ് നടത്തുന്നത്. കുടുംബശ്രീ ഗ്രൂപ്പുകളുടെ സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന സ്റ്റാളുകൾ 'ഓണസമൃദ്ധി’ എന്ന ബാനറിന് കീഴിലാണ് നടത്തുന്നത്.

സ്റ്റാളുകളിൽ മൂന്നു തരത്തിലുള്ള പച്ചക്കറികളാണ് ലഭ്യമാക്കുക. അതത് പഞ്ചായത്തുകളിൽ നിന്നും ജില്ലയ്ക്കകത്ത് തന്നെയുള്ള മറ്റ് പഞ്ചായത്തുകളിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികളും മറ്റ് ജില്ലകളിൽ നിന്ന് ശേഖരിക്കുന്ന ശീതകാല പച്ചക്കറികൾ ഉൾപ്പെടെയുള്ളയവയും സംസ്ഥാനത്തിന് പുറത്തു നിന്ന് ലഭ്യമാക്കുന്ന പച്ചക്കറികളും ആണ് വിപണനത്തിന് തയ്യാറാക്കുന്നത്.

മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് ജില്ലയിലെ ഫാമുകളിലും വേങ്ങേരി മാർക്കറ്റിലുമായി 5 സംഭരണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസത്തേയും പച്ചക്കറികളുടെ വിൽപന വില നിശ്ചയിക്കുന്നത് അതത് ബ്ലോക്കുതലത്തിലുള്ള കമ്മിറ്റിയായിരിക്കും.

പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ഹരിദാസൻ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ, ഹോർട്ടികോർപ്പ് ജില്ലാ മാനേജർ, വി.എഫ്.പി.സികെ ജില്ലാ മാനേജർ, ജില്ലാ ലേബർ ഓഫീസർ, മാർക്കറ്റിംഗ് അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ പങ്കെടുത്തു.

Leave a Reply