Home » ന്യൂസ് & വ്യൂസ് » വിജിലന്‍സ് കുരുക്കു മുറുകുന്നു, കെ ബാബു നടത്തിയ വിദേശയാത്രകളും മറ്റ് ഇടപെടലുകളും പരിശോധിക്കും

വിജിലന്‍സ് കുരുക്കു മുറുകുന്നു, കെ ബാബു നടത്തിയ വിദേശയാത്രകളും മറ്റ് ഇടപെടലുകളും പരിശോധിക്കും

മുന്‍മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം വ്യാപിപ്പിക്കുന്നു. ബാബുവിന്റെ വിദേശയാത്രകളും വിജിലന്‍സ് പരിശോധിക്കുന്നു.
മന്ത്രിയായിരുന്ന സമയത്തും മറ്റും ബാബു നടത്തിയ കുവൈത്ത്, സിംഗപ്പൂര്‍ യാത്രകള്‍ക്ക് സര്‍ക്കാര്‍ അനുമതിയുണ്ടോയെന്നാണു പരിശോധിക്കുക. യാത്രയുടെ ഉദ്ദേശ്യം, കണ്ട വ്യക്തികള്‍ എന്നിവ പരിശോധിക്കും. ബാബുവിന്റെ പാസ്‌പോര്‍ട്ട് നേരത്തെ വിജിലന്‍സ് കോടതിക്കു കൈമാറിയിരുന്നു. ഇതു തിരികെ വാങ്ങി വിശദമായ അന്വേഷണം നടത്തും.
ഇതിനു പുറമേ, ബാബു മന്ത്രിയായിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന വിവിധ വകുപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് ഡിപ്പാര്‍ട്ടുമെന്റുകള്‍ അടക്കം നിര്‍മിച്ച റോഡുകള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്കു വേണ്ടി നിര്‍മിച്ചതാണെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണം വ്യാപിപ്പിച്ചത്.
കെ.ബാബുവിന്റെ ബിനാമിയെന്ന് വിജിലന്‍സ് ആരോപിക്കുന്ന ബാബുറാമിന്റെ സ്ഥലത്തിനു സമീപം നിര്‍മിച്ച റോഡുകള്‍ അടക്കം ആക്ഷേപം ഉയരുന്നുണ്ട്. ഇങ്ങനെ സംസ്ഥാനത്ത് പലയിടത്തും റോഡുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ റിയല്‍ എസ്റ്റേറ്റുകാര്‍ക്കു വേണ്ടിയാണെന്നാണ് ആക്ഷേപം. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍മിച്ച റോഡുകള്‍ പലതും വേണ്ടപ്പെട്ടവര്‍ക്കു വേണ്ടി നിര്‍മ്മിച്ചുവെന്നാണ് ആക്ഷേപം.

Leave a Reply