Home » ഇൻ ഫോക്കസ് » ഓർമ്മയുടെ രുചിക്കൂട്ടുകൾ

ഓർമ്മയുടെ രുചിക്കൂട്ടുകൾ

കലകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠം പാചകകലയാണത്രേ! വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറാണ് ഒരു പാചകഗ്രന്ഥത്തിന്റെ അവതാരികയിൽ ഇങ്ങനെ എഴുതിയത്. ഒരു പുസ്തകത്തിന് മാത്രമേ ബഷീർ അവതാരിക എഴുതിയിട്ടുള്ളൂ- മലയാളത്തിലെ ആദ്യത്തെ മുസ്ലിം പാചകഗ്രന്ഥമായ മലബാർ പാചകവിധിയുടെ അവതാരികയിൽ. ഈ പുസ്തകമെഴുതിയ ഉമ്മി അബ്ദുല്ല കോഴിക്കോട് സിവിൽ സ്റ്റേഷനടുത്ത് ചുള്ളിയോട് റോഡിൽ ഇസത്ത് എന്ന വീട്ടിൽ പ്രായത്തിന്റെ അവശതകളെല്ലാം മാറ്റിനിർത്തി, തന്റെ പാചകപരീക്ഷണങ്ങളുമായി ഇപ്പോഴും ഓടിനടക്കുന്നു.
“ചൂടു പറക്കുന്ന സുഗന്ധ ബിരിയാണി കഴിക്കുമ്പോൾ എല്ലാവരും ഉമ്മി അബ്ദുല്ലയെ ഓർമ്മിക്കും. ആ മഹിളാറാണി പാചകവിദഗ്ദ്ധയാണ്. ഉമ്മി അബ്ദുല്ല പാചകം ചെയ്ത വിഭവങ്ങൾ ഒരുപാട് തവണ ഞാൻ ഹൃദ്യതയോടെ തിന്നിട്ടുണ്ട്, കുടിച്ചിട്ടുമുണ്ട്, എന്റെ കളത്രം ഫാബി ബഷീറും. ഈ ഉമ്മി അബ്ദുല്ല പത്ര മാസികകളിൽ പതിവായി പാചകക്കുറിപ്പുകൾ എഴുതാറുണ്ട്. താങ്കൾ കണ്ടുകാണുമല്ലോ, ഒക്കെയും ഫഷ് ക്ലാസ്!” ഇങ്ങനെ പോകുന്നു ബഷീറിന്റെ അവതാരിക. ഇതിനെല്ലാം പുറമെ പാചക പത്മശ്രീ എന്നൊരു ബഹുമതിയും ബഷീർ ഉമ്മി അബ്ദുല്ലയ്ക്ക് കൽപ്പിച്ചുകൊടുത്തിട്ടുണ്ട്.
കോഴിക്കോട്ടെ സാംസ്കാരിക, സാഹിത്യ രംഗത്ത് പ്രശസ്തനായ അന്തരിച്ച വി. അബ്ദുല്ലയാണ് ഉമ്മിയുടെ ഭർത്താവ്. ഓറിയന്റല്‍ ലോങ്മാന്‍സ് എന്ന ഇംഗ്ലീഷ് പബ്ലിഷിങ് കമ്പനി മാനേജരായിരുന്ന അബ്ദുല്ല ബഷീറിന്റെ കൃതികളുടെ വിവർത്തകൻ കൂടിയാണ്. ഉമ്മിയുടെ പാചകതാത്പര്യത്തിനും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മനസിനുമെല്ലാം കുടപിടിച്ച് കൂട്ടുനിന്നത് അബ്ദുല്ലയായിരുന്നു. ഒരു വലിയ കൂട്ടുകുടുംബത്തിലാണ് ഉമ്മി ജനിച്ചത്. വിവാഹം ചെയ്തതും ഇത്തരമൊരു കുടുംബത്തിലേക്ക് തന്നെ. അതിനാൽ ചെറുപ്പം മുതൽത്തന്നെ പാചകം ഇഷ്ടമായിരുന്നെങ്കിലും പാചകം ചെയ്യേണ്ട കാര്യമൊന്നും ഉമ്മിയ്ക്ക് ഉണ്ടായിരുന്നില്ല. ഭർത്താവിനോടൊപ്പം കുടുംബസമേതം ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് ഉമ്മി പാചകപരീക്ഷണങ്ങൾ തുടങ്ങിയത്. വ്യത്യസ്തവും രുചികരവുമായ ഭക്ഷണങ്ങൾ ഭർത്താവിന് ഏറെ ഇഷ്ടമായിരുന്നതിനാൽ പാചകത്തിൽ ഉമ്മി പുതിയ പരീക്ഷണങ്ങൾ നടത്തി. ഇങ്ങനെ ഉണ്ടാക്കുന്ന വിഭവങ്ങളെ അദ്ദേഹം ആസ്വദിച്ച് കഴിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്തിരുന്നു. ഭർത്താവ് വീട്ടിലെത്തുമ്പോൾ ചിലപ്പോൾ സുഹൃത്തുക്കളും ഒപ്പമുണ്ടാകും. ഉമ്മി വെയ്ക്കുന്ന മലബാർ വിഭവങ്ങളാണ് ഏവർക്കും പ്രിയങ്കരം. അതിനാൽ ചൂടുപറക്കുന്ന സുഗന്ധ ബിരിയാണി തിന്നുമ്പോൾ ഉമ്മി അബ്ദുല്ലയെ ഓർക്കുന്നത് ബഷീർ മാത്രമല്ല, തിക്കോടിയൻ, എംടി വാസുദേവൻ നായർ തുടങ്ങി നിരവധി പേർ അക്കൂട്ടത്തിൽപ്പെടും.
ഭക്ഷണവും സ്നേഹവും ഒന്നിച്ചു വിളമ്പുന്നവരാണ് മലബാറുകാർ. അതിഥികളെ സൽക്കരിക്കുന്നതിൽ മലബാറുകാർ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ. കച്ചവടത്തിനു വന്ന അറബികളിൽനിന്ന് പഠിച്ചെടുത്ത ശീലങ്ങളിലൊന്നാണിത്. ഇങ്ങനെയെത്തുന്ന വിരുന്നുകാരെ സൽക്കരിക്കാൻ രുചിക്കൂട്ടുകളുടെ എണ്ണിയാലൊടുങ്ങാത്ത വകഭേദങ്ങളുണ്ട് മലബാറുകാരുടെ കൈയിൽ. അതിലേറെയും മാപ്പിള രുചിക്കൂട്ടുകളാണ്. അടുക്കളകളിൽ നിന്ന് അടുക്കളകളിലേക്ക് തലമുറകൾ കൈമാറി വന്ന ഈ രഹസ്യക്കൂട്ടുകൾ ഏതൊരാളുടേയും വയറും മനസും ഒരുപോലെ നിറയ്ക്കാൻ പോന്നതാണ്. ഇവയാണ് ഉമ്മി അബ്ദുല്ലയുടെ പക്കലുള്ളത്. ഈ രൂചിക്കൂട്ടുകളെ ഉമ്മി പുതിയ രീതിയിൽ അവതരിപ്പിക്കുന്നു. അതിനാൽ ഉമ്മിയുടെ വിഭവങ്ങൾക്കെപ്പോഴും സ്വാദ് കൂടുതലാണ്.
എല്ലാം കൊണ്ടും തികഞ്ഞ മലബാറുകാരിയാണെങ്കിലും പാചകറാണിയെന്ന നിലയിൽ ഉമ്മിയെ ഹിറ്റാക്കിയത് ചെന്നൈയിലെ ജീവിതമാണ്. ചെന്നൈയിലെ മലയാളികളുടെ യമ്മി ഉമ്മിയാണവർ. അവിടത്തെ മലയാളി അസോസിയേഷനുകളിൽ പ്രശസ്തയായതോടെയാണ് ഉമ്മി പാചകം തൊഴിലാക്കാനുറച്ചത്. അഡയാർ പാർക്ക്, ട്രൈഡന്റ് ഹോട്ടൽ, ഹോട്ടൽ ചോള തുടങ്ങിയവയൊക്കെ ഉമ്മിയെ ഭക്ഷ്യ മേളയ്ക്കായി ക്ഷണിച്ചു. കൊച്ചി, ബാംഗളൂർ, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലെ താജ് ഹോട്ടലുകളിലും ഉമ്മി ഭക്ഷ്യമേള നടത്തിയിട്ടുണ്ട്. ഒരിക്കൽ വിയറ്റ്നാമിലെ പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന സ്പൈസസ് ഓഫ് മലബാർ എന്ന ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുത്തതും പാചകജീവിതത്തിലെ മറക്കാൻ പറ്റാത്ത അനുഭവങ്ങളിലൊന്നായി ഉമ്മി ഓർത്തെടുക്കുന്നു. തന്റെ പാചകക്കുറിപ്പുകൾ മറ്റുള്ളവർക്ക് ഉപകാരപ്രദമായി എന്നറിയുന്നതും, ഇത്തരം പാചകവിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് തന്നെത്തേടിയെത്തുന്ന കത്തുകളും ഉമ്മിയെ ഏറെ സന്തോഷിപ്പിക്കാറുണ്ട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉമ്മി കുക്കറി ക്ലാസുകളെടുക്കാൻ പോകാറുണ്ട്. ചെന്നൈയിലായിരുന്നപ്പോഴും അനാഥാലയങ്ങളിൽ കുട്ടികളുടെ അമ്മമാർക്കും വിവിധ ക്ലബുകൾ വഴിയും പാചകക്ലാസുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് പുറമെ, മലയാളത്തിലെ പ്രമുഖ വനിതാ മാസികകളിലെല്ലാം ഉമ്മിയുടെ പാചകക്കുറിപ്പുകൾ അച്ചടിച്ചു വരാറുണ്ട്. ഉമ്മിയുടെ സ്പെഷൽ പാചകക്കുറിപ്പുകൾ ഇതുവഴിയാണ് പുറംലോകവുമായി പങ്കുവെയ്ക്കപ്പെടുന്നത്. ഒരിക്കൽ ഉമ്മി കണ്ടെത്തിയ ഗ്രീൻ പീസ് സുപ്രീം എന്ന ചിക്കൻ വിഭവത്തിന്റെ റെസിപ്പിയുമായി ബന്ധപ്പെട്ട് ഒരു സംഭവമുണ്ടായി. ഒരു ഗുജറാത്തുകാരി ഈ റെസിപ്പി അവരുടെ സ്വന്തം പേരിൽ ഫെമിനയുടെ അവാർഡിനയച്ചു. ഗ്രീൻ പീസ് സുപ്രീമിന്റെ റെസിപ്പി പോലൊന്നിനാണ് സമ്മാനമെന്ന് പരിചയക്കാർ പറഞ്ഞപ്പോഴാണ് ഇക്കാര്യം ഉമ്മിയുടെ ശ്രദ്ധയിൽപ്പെട്ടത്. നോക്കിയപ്പോൾ അതേ റെസിപ്പിതന്നെ കോപ്പിയടിച്ചിരിക്കുന്നു. തുടർന്ന് ഇതിൽ കേസ് ഫയൽ ചെയ്യുകയും ഫെമിന ആ അവാർഡ് ഉമ്മിയ്ക്ക് കൊടുക്കുകയും ചെയ്തു. ഒരാളുടെ സ്പെഷൽ റെസിപ്പികൾ മറ്റുള്ളവർ പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല. എന്നാൽ ഈ റെസിപ്പിയുടെ ക്രെഡിറ്റ് സ്വയം ഏറ്റെടുക്കുന്നത് ശരിയല്ലെന്നാണ് ഉമ്മിയ്ക്ക് പറയാനുള്ളത്.
ഭക്ഷണം പാകം ചെയ്യുന്നതിനു വേണ്ട പൊടികളും മസാലകളുമെല്ലാം ഇപ്പോൾ വിപണിയിൽ സുലഭമാണ്. എന്നാൽ ഇവയോടൊന്നും ഉമ്മിയ്ക്ക് വലിയ താത്പര്യമില്ല. തനിക്ക് ആവശ്യമുള്ളതെല്ലാം വീട്ടിൽത്തന്നെ ഉണ്ടാക്കാറാണ് ഉമ്മിയുടെ പതിവ്. ഭക്ഷണത്തിന്റെ തനതുരുചി നിലനിർത്തുന്നതിനാൽ നാടൻ പാചകരീതികളോടാണ് ഉമ്മിയ്ക്ക് എന്നും പ്രിയം.
പാചക്കുറിപ്പുകൾ ആദ്യം എഴുതിത്തയ്യാറാക്കിയ ശേഷമാണ് ഉമ്മി പരീക്ഷിച്ചു നോക്കുക. ഈ ഭക്ഷണം പലരെക്കൊണ്ടും കഴിപ്പിച്ചു നോക്കിയ ശേഷം അവരുടെ അഭിപ്രായം കൂടി കേട്ടാലേ ഉമ്മിയ്ക്ക് സംതൃപ്തിയാവൂ. ഇതിനു ശേഷം മാത്രമാണ് ഓരോ കുറിപ്പും പ്രസിദ്ധീകരണത്തിനായി ചേർത്തുവെയ്ക്കുന്നത്. മലബാർ പാചകവിധി, വിശിഷ്ട പാചകം, മലബാർ പച്ചക്കറി വിഭവങ്ങൾ, അച്ചാർ-ജാം-സ്ക്വാഷ്, മലബാർ മുസ്ലിം കുക്കറി, ദി എപിക്യൂർ കുക്ക് ബുക്ക് എന്നിങ്ങനെ പോകുന്നു ഉമ്മിയുടെ പുസ്തകങ്ങൾ.
വീട്ടിൽത്തന്നെ ഇപ്പോൾ ഉമ്മീസ് കാറ്ററിംഗ് സർവീസ് എന്ന പേരിൽ പാചകം ചെയ്തു കൊടുക്കുന്നുമുണ്ട്. ഉമ്മീസ് കോർണർ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനും ആരാധകർ നിരവധിയാണ്. എൺപത് വയസ് പിന്നിട്ടിട്ടും, പ്രായത്തെ പിന്നിലാക്കി പുതിയ രുചിക്കൂട്ടുകൾ തേടുകയാണ് ഇന്നും ഉമ്മി അബ്ദുല്ല. അനുഭവങ്ങളും വർഷങ്ങളുടെ പാചകപരിചയവുമെല്ലാം കൂടിച്ചേരുന്നതു കൊണ്ടാണ് ഉമ്മിയുടെ ആ രുചിക്കൂട്ടുകൾ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാവുന്നതും ഏവർക്കും പ്രിയങ്കരമാവുന്നതും. ഒപ്പം ഭക്ഷണത്തിനൊപ്പം സ്നേഹവും പകർന്നു നൽകുന്ന മലബാറിന്റെ പാരമ്പര്യവും ഉമ്മിയിൽ വേണ്ടുവോളമുണ്ടല്ലോ….

Leave a Reply