Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ബിസിനസ്‌ » കോഴിക്കോട് ആധുനിക സജ്ജീകരണങ്ങളോടെ ബസ്‌ബേകള്‍ വരുന്നു

കോഴിക്കോട് ആധുനിക സജ്ജീകരണങ്ങളോടെ ബസ്‌ബേകള്‍ വരുന്നു

കേരള നഗര-ഗ്രാമാസൂത്രണവകുപ്പും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ ഐടി)യും സംയുക്തമായാണ് കോഴിക്കോട് നഗരത്തെ ഗതാഗതക്കുരുക്കില്‍ നിന്നും മോചിപ്പിക്കാന്‍ ഉതകുന്ന ബസ് ബേ നിര്‍മാണവുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് കോര്‍പറേഷന് സമര്‍പ്പിച്ചത്.

നഗരത്തിലെ 262 സ്ഥലങ്ങളിലാണ് ബസ്‌ബേ വരിക. പ്രധാനപ്പെട്ടതും തിരക്കേറിയതുമായി റോഡുകളാണ് ബസ് ബേയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോട് -വയനാട് റോഡില്‍ കുന്നമംഗലം വരെ 58 , കോഴിക്കോട് കണ്ണൂര്‍ റോഡില്‍ എലത്തൂര്‍ വരെ 45, പുതിയങ്ങാടി- ഉള്ള്യേരി റോഡില്‍ എരഞ്ഞിക്കല്‍ വരെ 14, കോഴിക്കോട് -മാവൂര്‍റോഡില്‍ മാവൂര്‍ വരെ 64, ഓള്‍ഡ് മദ്രാസ് റോഡ് മുതല്‍ രാമനാട്ടുകര വരെ 40, ബേപ്പുര്‍- മീഞ്ചന്ത റോഡില്‍ ബേപ്പൂര്‍ വരെ 29, മീഞ്ചന്ത അരയിടത്തുപാലം റോഡില്‍ 12, എന്നിങ്ങനെയാണ് ബസ് ബേ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.

കോഴിക്കോട് വയനാട് റോഡില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന 58 എണ്ണത്തില്‍ 43 സ്ഥലങ്ങളില്‍ സ്ഥലം ഏറ്റെടുപ്പ് ഒരു പ്രശ്‌നമാവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റിടങ്ങളില്‍ ഭൂമി ഏറ്റെടുക്കുകയോ അനുബന്ധ നടപടികള്‍ പൂര്‍ത്തിയാക്കുകയോ വേണം.

കോഴിക്കോട് കണ്ണുര്‍ റോഡില്‍ 41 സ്ഥലത്തും, പുതിയങ്ങാടി-ഉള്ള്യേരി റോഡില്‍ നാലിടത്തും, കോഴിക്കോട് -മാവൂര്‍ റോഡില്‍ 52 -ഇടത്തും രാമനാട്ടുകര വരെ 25 ഇടത്തും ബേപ്പൂര്‍ മീഞ്ചന്ത റോഡില്‍ 26 ഇടത്തും മീഞ്ചന്ത അരയിടത്തുപാലം റോഡില്‍ എഴിടത്തും നിലവില്‍ സ്ഥലം ഏറ്റെടുക്കല്‍ പ്രശ്‌നമാവില്ല. അതുകൊണ്ടുതന്നെ അനുമതി നല്‍കിയാലുടന്‍ ബസ് ബേ നിര്‍മാണം ആരംഭിക്കാനാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള ബസ് സ്‌റ്റോപ്പുകളുടെ രൂപ രേഖ അനുസരിച്ച് എ, ബി, സി എന്നിങ്ങനെ മൂന്നു ഗ്രേഡുകളായി തിരിച്ചാണ് നിര്‍മാണം നടത്തുക. ലഭ്യമായ സ്ഥലത്തിന്‍െ്‌റ ഘടനയ്ക്കനുസരിച്ചായിരിക്കും ബസ് ബേയുടെ രൂപരേഖ.

കോഴിക്കോട് നഗരത്തിന്‍െ്‌റ പൈതൃകം വിളിച്ചോതുന്ന രീതിയിലായിരിക്കും ബസ് ബേകളുടെ നിര്‍മാണം. വൈഫൈ കണക്ടിവിറ്റി, എഫ്എം റേഡിയോ, എടിഎം, കുടിവെള്ള സജ്ജീകരണം, കാമറ, എല്‍ഇഡി ലൈറ്റിംഗ്‌സ്, എന്നീ ആധുനിക സൗകര്യങ്ങളെല്ലാം ബസ്‌ബേയില്‍ ഉണ്ടാകും. മുന്നുമുതല്‍ 15 ലക്ഷം വരെ ചിലവു വരുന്ന രീതിയിലായിരിക്കും നിര്‍മാണം.

ബസുകളുടെ സമയവിവരം, റുട്ട് മാപ്പ,് പ്രധാന ഫോണ്‍ നമ്പറുകള്‍, എന്നിവയെല്ലാം ഇവിടെ ലഭ്യമാകും. ബസ് ബേകളുടെ നിര്‍മാണവും പരിപാലനവും കോര്‍പറേഷനോ, തദ്ദേശസ്ഥാപനങ്ങള്‍ക്കോ, കാലിക്കട്ട് ഡെവലപ്‌മെന്‍്‌റ അഥോറിറ്റിക്കോ,സ്വകാര്യ സംരഭകര്‍ക്കോ ഏറ്റെടുക്കാം. തനത്ഫണ്ടില്‍ നിന്നും, എംപി, എംഎല്‍എ ഫണ്ടുകള്‍ ഉപയോഗിച്ചും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നഗരത്തിലെ ഇപ്പോഴത്തെ ബസ് സ്‌റ്റോപ്പുകളില്‍ ബസ് ബേ വരുമ്പോള്‍ എങ്ങിനെമാറ്റം വരുമെന്നകാര്യവും റിപ്പോര്‍ട്ടില്‍ സചിത്രം വിവരിക്കുന്നു.

എന്താണ് ബസ്‌ബേ – തലങ്ങും വിലങ്ങും ബസുകള്‍ പായുകയും തോന്നിയപോലെ നിര്‍ത്തിയിടുകയും ചെയ്യുന്ന അവസ്ഥ ബസ് ബേകളുടെ നിര്‍മാണത്തോടെ ഇല്ലാതാകും. സ്‌റ്റോപ്പില്‍ നിന്നും ഇറങ്ങി ആദ്യം നടപ്പാതയിലേക്ക്, പിന്നെ ബസുകളിലേക്ക് എന്ന രീതിയിലായിരിക്കും ബസ്‌ബേകളുടെ നിര്‍മാണം. ബസുകള്‍ക്ക് മാത്രമായി ബസ്‌സ്‌റ്റോപ്പുകളോട് ചേര്‍ന്നുകൊണ്ടുള്ള പാതയോടു ചേര്‍ത്തായിരിക്കും ബസ്് നിര്‍ത്തുക.

എകദേശം 400 മീറ്റര്‍ നീളത്തിലായിരിക്കും ബസ്‌ബേകള്‍ നിര്‍മിക്കുക. ഈ ബേയില്‍ എവിടെ നിന്നും യാത്രക്കാര്‍ക്ക് ബസ് കയറാം. ഒരു മണിക്കൂറില്‍ 25 ബസുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലായിരിക്കും നിര്‍മാണം. സ്‌റ്റോപ്പിനു മുന്‍പിലായുള്ള ബസുകള്‍ക്ക് മാത്രം പ്രവേശനമുള്ള കേജുകളിലേക്ക്്( നടപ്പാത) കയറി നിന്ന് സുരക്ഷിതമായി ബസ് കയറാം. മറ്റുവാഹനങ്ങള്‍ ഇവിടേക്ക് കടന്നുവരാത്ത രീതിയില്‍ സിഗ്നല്‍ ലൈറ്റുകളും സ്ഥാപിക്കും.

Leave a Reply