Home » നമ്മുടെ കോഴിക്കോട് » നഗരം പ്രകാശപൂരിതമാക്കാന്‍ 1823 എല്‍ഇഡി ബള്‍ബുകള്‍

നഗരം പ്രകാശപൂരിതമാക്കാന്‍ 1823 എല്‍ഇഡി ബള്‍ബുകള്‍

നഗരത്തെ പ്രകാശിതപൂരിതമാക്കാന്‍ വരുന്നു 1823 എല്‍ഇഡി വിളക്കുകള്‍. തീരുന്നില്ല, കോര്‍പറേഷന്റെ പ്രകാശ വിപ്ലവം. 75 വാര്‍ഡുകളിലെ 33,000 ട്യൂബ് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കാനും തീരുമാനം. ഇതിനായി വൈദ്യുതിബോര്‍ഡിന് പണം അടച്ചുകഴിഞ്ഞു. വിവിധ വര്‍ഡുകളിലായി 200 ട്യൂബ് ലൈറ്റ് വേറെയും സ്ഥാപിക്കും. കത്താതായ എല്‍ഇഡി വിളക്കുകള്‍ കെല്‍ട്രോണ്‍ മാറ്റിനല്‍കും.

ഓണനിലാവു പോലെ നഗരം രാത്രിയില്‍ തെളിഞ്ഞു നില്‍ക്കാന്‍ തെരുവുവിളക്കു കത്തിക്കുന്നതു കാര്യക്ഷമമാക്കാനാണ് കോര്‍പറേഷന്റെ തീരുമാനം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെ യോഗം 19നു കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ചേരും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് വിളക്കുകള്‍ കത്തിക്കാന്‍ കരാര്‍ നല്‍കാനാണ് ആലോചന. വിദഗ്ധര്‍ പങ്കെടുക്കുന്ന യോഗമാണ് നടക്കുക. എട്ട് വര്‍ഷത്തേക്ക് ഊരാളുങ്കലിനു തെരുവു വിളക്കുകളുടെ സംരക്ഷണ ചുമതല നല്‍കാനാണ് ആലോചന.

ജിപിഎസ് വഴി വിളക്കുകള്‍ നിയന്ത്രിക്കും വിധമാവും സംവിധാനം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.വി. ലളിതപ്രഭ എന്നിവര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കോര്‍പറേഷന്‍ ജന സേവന കേന്ദ്രത്തില്‍ ജീവനക്കാര്‍ക്ക് ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ നികുതിയടയ്ക്കാനും മറ്റും ജനസേവനകേന്ദ്രത്തില്‍ എത്തുന്ന ജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കാനാണിത്. രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചു വരെ തുടര്‍ച്ചയായി സേവനം ലഭിക്കുന്ന പുതിയ സമ്പ്രദായം 28 മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണു ശ്രമം.

ക്ഷേമ പെന്‍ഷനുകള്‍ തപാല്‍ വഴി എത്തിക്കുന്നതില്‍ അപാകതയുള്ളതായി പ്രതിപക്ഷം ആരോപിച്ചു. നേരത്തേ പെന്‍ഷന്‍ പാസായെങ്കിലും മരണപ്പെട്ട ഉപഭോക്താക്കളുടെ അവകാശികള്‍ക്ക് തുക ലഭിക്കാന്‍ നടപടിയെടുക്കണമെന്ന് എം.സി. അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ പദ്ധതി തുകയില്‍ നിന്നു പണമൊന്നും ചെലവഴിച്ചില്ലെന്നു പൊറ്റങ്ങാടി കിഷന്‍ചന്ദ് ആരോപിച്ചു. ഇതു ശരിവയ്ക്കുന്ന തരത്തില്‍ സെക്രട്ടറി ടി.പി. സതീശന്‍ മറുപടി നല്‍കിയത് സിപിഎം അംഗങ്ങളെ ചൊടിപ്പിച്ചു. കാര്യങ്ങള്‍ ശരിയായി പഠിച്ച ശേഷം എത്ര തുക ചെലവിട്ടെന്നു കാണിച്ച് എല്ലാ അംഗങ്ങള്‍ക്കും അടുത്ത കൗണ്‍സില്‍ യോഗത്തിനു മുന്‍പ് വിശദമായ സ്റ്റേറ്റ്‌മെന്റ് നല്‍കാന്‍ മേയര്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. കോര്‍പറേഷന്‍ സുവര്‍ണ ജൂബിലി ഭവന പദ്ധതിയില്‍ 75 വാര്‍ഡുകളില്‍ നിന്ന് 240 കുടുംബങ്ങള്‍ക്ക് ആനുകൂല്യം നല്‍കാന്‍ നിശ്ചയിച്ചതില്‍ 40 പേരെ കൂടി കണ്ടെത്താന്‍ തീരുമാനമായി.

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കം പ്രമുഖര്‍ പങ്കെടുക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിനു ബിജെപി കോര്‍പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി നേതാവ് നമ്പിടി നാരായണന്‍ കൗണ്‍സിലിന്റെ സഹായം തേടിയതില്‍ ഇടത് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചെങ്കിലും മേയര്‍ ഇടപെട്ട് അവരെ ശാന്തരാക്കി.

Leave a Reply